പൂന്തോട്ടത്തിലെവിടെയും മാഗ്നോളിയ മരങ്ങൾ. വേനലിൽ പൂവിടുന്ന ഈ മരത്തിൻ്റെ, വെള്ളത്താമര പോലുള്ള സുഗന്ധിപ്പൂക്കൾക്കും അടിഭാഗത്തുള്ള മങ്ങിയ ചെമ്പു നിറമുള്ള വലിയ ഇലകൾക്കും ഏഴഴകാണ്. ഇവിടെ മറ്റൊരു ആകർഷണം അസേലിയ എന്ന പൂച്ചെടിയാണ്. നമ്മുടെ നാട്ടിൽ മൂന്നാറിലും മറ്റ് തണുപ്പുള്ള പ്രദേശങ്ങളിലും വളരുന്ന അസേലിയ ഈ ഉദ്യാനത്തിൽ അതിർവേലിക്കാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ കൃഷിയിടത്തിന്റെ ഒരു ഭാഗത്തു കൂടി ഒഴുകുന്ന ആഷ്‌ലിപ്പുഴയുടെ കൈവഴിയും അതിനു കുറുകെ തൂവെള്ള നിറത്തിലുള്ള തടിപ്പാലവും സന്ദർശകരുടെ ഇഷ്‌ട ഫോട്ടോ പോയിന്റ് ആണ്.
മാഗ്നോളിയ ഗാർഡൻ്റെ ചരിത്രം നോക്കിയാൽ, 16-ാം നൂറ്റാണ്ടിൽ തോമസ് ഡ്രേറ്റനും ഭാര്യ ആനും ഹെക്ടർ കണക്കിന് വിസ്തൃതിയിൽ കിടന്ന തരിശുഭൂമി വാങ്ങി കൃഷിയിടമാക്കി. താമസിക്കാൻ മണിമാളികയും പണിതു. ഇതിനെല്ലാം ഇവർ ബാർബഡോസിലെ കറുത്ത വർഗ അടിമകളെയാണ് പ്രയോജനപ്പെടുത്തിയത്. ആദ്യകാലത്ത് നെല്ലായിരുന്നു മുഖ്യകൃഷി. നെല്ലിനു നനയ്ക്കാൻ ആഷി നദിയുടെ കൈവഴികളിൽ തടയണകൾ നിർമിച്ച് കൃഷിക്കു വേണ്ടത്ര വെള്ളമെത്തിച്ചു. അടിമകളുടെ കഠിനാധ്വാനത്തിൽ നല്ല വിളവും വരുമാനവും ഇവർക്കു ലഭിച്ചു.
15 തലമുറകൾക്കിപ്പുറം ഇന്നും ഈ കൃഷിയിടവും ഉദ്യാനവുമെല്ലാം ഡ്രേറ്റാൻ കുടുംബത്തിൻ്റെ സ്വത്താണ്. ഇന്നു പക്ഷേ കറുത്തവർഗ അടിമകൾ ഇല്ല. ബംഗ്ലാവ് സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് ബംഗ്ലാവ് തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഉദ്യാനവും ബംഗ്ലാവ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ പിന്നീടു പല തവണ നവീകരിച്ചു.
നമ്മുടെ ഉഷ്ണമേഖലാ കാലാവസ്‌ഥയിലും നന്നായി പുഷ്പിക്കുന്ന ഈ മരം വെള്ള, ചുവപ്പ്, കടും പിങ്ക് നിറത്തിൽ പൂങ്കുലകളുമായി പൂന്തോട്ടത്തിൽ പലയിടത്തും കാണാം. പല ആകൃതിയിലും വിസ്തൃതിയിലും പുൽത്ത കിടികളുമുണ്ട്. നടപ്പാതയോടു ചേർന്നും പുൽത്തകിടിക്ക് അതിരായും പുത്തടങ്ങളും.