സുബാബുൽ ഒരു വലിയ വൃക്ഷമാണ്. തൊലിക്ക് വെള്ളനിറം. പരുപരുപ്പുണ്ട്. വിള്ളലുകൾ ഇല്ല. ഇല ധാരാളമായി ഉണ്ടാകുന്നു. ഇതിൻ്റെ ജന്മദേശം മധ്യഅമേരിക്കയും മെക്സിക്കോയുമാണ്. 5 മുതൽ 20 മീ. ഉയരം നാലഞ്ച് വർഷത്തിനിടയിൽ വയ്ക്കുന്നു. ഇലകൾ ചെറുതും കനംകുറഞ്ഞതുമാണ്. നാരിന്റെ അളവ് കുറവാണ്. എളുപ്പത്തിൽ മണ്ണിൽ ചേരുന്നു.
ഇലച്ചാർത്തിന് കട്ടി കുറവായതിനാൽ ഇതിൻ്റെ കീഴെ തണൽ സൃഷ്ടിക്കപ്പെടുന്നില്ല. താഴെ കുറഞ്ഞ പ്രകാശാർത്ഥികളായ സസ്യങ്ങൾ വളർത്താം. ഇലച്ചാർത്തിന് കട്ടികുറവാണെങ്കിലും പടർന്ന് തഴച്ചു വളരുന്നു. അതു കൊണ്ട് പച്ചില ഉൽപ്പാദനം നന്നായുണ്ട്. പച്ചില കാലിത്തീറ്റ (കുറഞ്ഞ അളവിൽ മാത്രം; അധികമായാൽ ഹാനികരമായും നല്ലൊരു പച്ചിലവളമായും ഉപയോഗിക്കാം. വർഷത്തിൽ 100 മുതൽ 500 കി.ഗ്രാം പാക്യജനകം ഒരു ഹെക്‌ടറിൽ എന്ന തോതിൽ ഇത് മണ്ണിൽ ലയിപ്പിക്കുന്നുണ്ട്.
പ്രവർദ്ധനം
ജൂൺ-ജൂലൈ മാസങ്ങളിൽ വിത്ത് ശേഖരിച്ച് വെയിലത്തുണക്കിയെടുക്കുന്നു. ഉപചാരം പലവിധത്തിൽ ചെയ്തു വരുന്നു.
1. 80-85°C ൽ ചൂടാക്കിയ ജലത്തിൽ 3-4 മിനിട്ട് വിത്ത് ഇട്ട് വെക്കുന്നു
2. തീയിൽ നിന്ന് മാറ്റിയ തിളക്കുന്ന വെള്ളത്തിലേക്ക് വിത്തിടുക. തണുക്കുംവരെ അതേ പടി വെക്കുക.
3. ഗാഢസൾഫ്യൂറിക് ആസിഡിലിടുക (15-20 മിനിറ്റ്)
ഈ വിത്തുകൾ തടത്തിൽ പാകാം. മാർച്ച്-ഏപ്രിൽ മാസമാണ് പാകുന്ന സമയം. ജൂലൈ-ആഗസ്റ്റ് ആകുമ്പോൾ തൈകൾ പറമ്പിലേക്ക് പറിച്ച് നടാം.
രോഗങ്ങൾ
ചെന്നീരൊലിപ്പ് (ഗമ്മോസിസ്) എന്ന രോഗം ഫ്യൂകഡേറിയം ഡെമിടെക്ടം ആണുണ്ടാക്കുന്നത്. കുമിൾനാശിനി പ്രയോഗം ഫലവത്താണെങ്കിലും, ബാധയേറ്റ വൃക്ഷങ്ങൾ വെട്ടി അഗ്നിയ്ക്കിരയാക്കുകയാണ് പതിവ്.
മറ്റുപയോഗങ്ങൾ
നല്ലൊരു കാലിത്തീറ്റയാണ് ഇലകൾ. വെട്ടിയിട്ട് വാട്ടിയ ഇലകളാണ് നൽകേണ്ടത്. തടിക്ക് കട്ടിയും ഈടുമില്ല. നല്ല പൾപ്പ് തടിയും, വിറകുമാണ് (കലോറിഫിക് വാല്യു 19492 KJ/Kg). പാക്കിങ്ങ് കേസുണ്ടാക്കാനു പയോഗിക്കുന്നുണ്ട്. ഇലയുടെ ശരാശരി ബയോമാസ് 14.8% ആണെന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു. ശിഖരങ്ങൾ 34.7%, തടി 50.4%. ഇതിൽ പോഷകാംശം ഇലയിൽ 4.051%, ശിഖരങ്ങളിൽ 1.139%, തടിയിൽ 0.594%, വേരിൽ 0.592% എന്നും തെളിയിച്ചിട്ടുണ്ട്. മൂന്ന് ഇനങ്ങളുണ്ട്. മെക്സിക്കൻ, പെറു വിയൻ, ഹവായിയൻ ഇനം. മെക്സിക്കൻ ഇനത്തിലെ K 8 ആണ് കേരളത്തിൽ വളർത്തുന്നത്.