സസ്യപ്രവർധന രംഗത്ത് അടുത്ത കാലത്ത് വളരെയേറെ പ്രചാരം സിദ്ധിച്ച ഒരു സാങ്കേതിക വിദ്യയാണ് ടിഷ്യുകൾച്ചർ അഥവാ സൂക്ഷ്‌മ പ്രവർധനം. ചുരുങ്ങിയ സമയം കൊണ്ട് ധാരാളം തൈകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കും എന്നുള്ളതാണ് ഈ പ്രവർധന രീതിയുടെ ഒരു പ്രത്യേകത. ഇതു കൂടാതെ ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യയ്ക്ക് അനേകം പ്രായോഗിക ഗുണങ്ങൾ ഉണ്ട്.
ഒരു സസ്യകോശമോ, കലയോ (Tissue) സസ്യഭാഗമോ അണുവിമുക്തവും അനുയോജ്യമായതുമായ സാഹചര്യത്തിൽ പരീക്ഷണശാലയിൽ വളർത്തി ചെറുസസ്യങ്ങളാക്കി തീർക്കുന്ന പ്രവർത്തനത്തെയാണ് സൂക്ഷ്മമ പ്രവർധനം എന്നു പറയുന്നത്.
സസ്യപ്രവർധനത്തിൻ്റെ ഒരു നൂതന സാങ്കേതിക വിദ്യ എന്ന നിലയിൽ ടിഷ്യുകൾച്ചറിൽ ചുരുങ്ങിയ സമയം കൊണ്ട് മാതൃസസ്യത്തിന്റെ തനത് സ്വഭാവമുള്ള അനേകം തൈകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഓർക്കിഡ്, ആന്തൂറിയം, വാഴ, ഏലം തുടങ്ങിയ സസ്യങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ടിഷ്യുകൾച്ചർ നടത്തുന്നുണ്ട്. ടിഷ്യുകൾച്ചർ വിദ്യയിലൂടെ തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് വളരെ കുറച്ച് സ്ഥലം മാത്രം മതി എന്നുള്ളതും ഒരു നേട്ടമാണ്.
പല സ്വകാര്യസ്ഥാപനങ്ങളും നഴ്‌സറികളും ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. സമാനരൂപമുള്ള തൈകളാണ് ടിഷ്യുകൾച്ചറിലൂടെ ലഭിക്കുന്നതെങ്കിലും, ജനിതക വ്യതിയാനമുള്ള സസ്യങ്ങളും ചിലപ്പോൾ കാണാറുണ്ട്. ടിഷ്യുകൾച്ചർ സസ്യങ്ങളിൽ കാണുന്ന ജനിതക വ്യതിയാനത്തെ സോമോ ക്ലോണൽ വ്യതിയാനങ്ങൾ എന്നാണ് പറയുന്നത്.
ഇങ്ങനെയുളള സസ്യങ്ങൾക്ക് എന്തെങ്കിലും സവിശേഷതകൾ ഉണ്ടെങ്കിൽ അത് വേർതിരിച്ച് പുതിയ ഇനമായി പുറത്തിറക്കാം. ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയ ചെടികളിൽ സോമോക്ലോണൽ വ്യതിയാനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.