മരങ്ങൾ മണ്ണിലെ പോഷകധാതുക്കളുടെ ലഭ്യതയെയും ഉൽപ്പാദനത്തെയും ചാക്രിക പരിവർത്തനങ്ങളെയും വളരെയധികം സ്വാധീനിക്കുന്നു. മരങ്ങൾ അവയുടെ വേരുകൾ വഴി മറ്റ് ഉപരിതല സസ്യങ്ങൾക്ക് പോഷകമൂല്യങ്ങളുടെ ലഭ്യത താഴെ പറയുന്ന മാർഗ്ഗങ്ങൾ വഴി വർദ്ധിപ്പിക്കുന്നു.
1 പാക്യജനകത്തെ ചില വൃക്ഷങ്ങൾ വേരുകളിലെ ബാക്ടീരിയയുടെ സഹായത്താൽ മണ്ണിൽ ചേർക്കുന്നു.
2. ചെറുസസ്യങ്ങളുടേയും കാർഷിക വിളകളുടേയും വേരുകൾക്ക് ലഭ്യമല്ലാത്ത ആഴങ്ങളിലുള്ള ധാതുക്കൾ മരങ്ങൾ അവയ്ക്ക് ലഭ്യമാക്കുന്നു.
3. ഇതുമൂലം ധാതുക്കൾ, ആഴങ്ങളിലേക്ക് ചോർന്ന് പോകുന്നത് (ലീച്ചിങ്ങ്) തടയുവാൻ സാധിക്കും.
4. വൃക്ഷങ്ങൾ ആഗിരണം ചെയ്യുന്ന ആഴത്തിലുള്ള ധാതുക്കൾ അവയുടെ ഇലയിലും മറ്റ് മേൽഭാഗങ്ങളിലുമായി സൂക്ഷിക്കുന്നു. ഇത് കൊഴിഞ്ഞു വീഴുന്ന ഇലകളിലൂടെയും ചില്ലകളിലൂടെയും പച്ചില വളങ്ങളിലൂടെയും മേൽമണ്ണിനും അതുവഴി കാർഷിക വിളകൾക്കും ലഭ്യമാകും.
5. മരങ്ങൾ ആഴത്തിലുള്ള ജലസ്രോതസ്സുകളിൽ നിന്നുമാണ് ജലം വലിച്ചെടുക്കുന്നത്. അതിനാൽ കാർഷിക വിളകൾ ചൂഷണം ചെയ്യപ്പെടുന്നില്ല.
6. സൂക്ഷ്മവേരുകൾ സ്ഥിരമായി നശിപ്പിക്കപ്പെടുകയും പ്രത്യുൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നശിക്കുന്നവ മണ്ണിന്റെ ജൈവ സമ്പത്ത് വർദ്ധിപ്പിക്കുന്നു (മണ്ണിൽ അഴുകിച്ചേരുന്നതു വഴി).
7. മണ്ണിന്റെ ജൈവ പാക്യജനകവും, ലഭ്യമായ പാക്യജനകത്തിന്റെ വികേന്ദ്രീകരണവും വർദ്ധിപ്പിക്കുന്നതിന് വൃക്ഷവേരുകൾ സഹായിക്കുന്നു.