മണ്ണിന്റെ ഫലപുഷ്‌ടിയും ഉൽപ്പാദനശേഷിയും വിത്തുകളുടെ ആരോഗ്യവും നിലനിർത്തുന്നതിൽ മണ്ണിലെ സൂക്ഷ്‌മ ജീവികൾക്ക് കാര്യമായ പങ്കുണ്ട്. ഇവയുടെ അഭാവമോ, പ്രവർത്തനക്കുറവോ, സംഭവിച്ചാൽ മണ്ണിൻ്റെ ഉൽപ്പാദനശേഷി നഷ്‌ടപ്പെടുകയും രോഗങ്ങളുടെയും കീടങ്ങളുടെയും ആഭിമുഖ്യം വർധിക്കുകയും ചെയ്യുന്നു.
മണ്ണിൽ സ്വാഭാവികമായി കാണുന്ന കുമിളുകൾക്ക് രോഗകാരികളായ കുമിളുകളെ നശിപ്പിക്കുവാൻ കഴിവുണ്ട്. ട്രൈക്കോഡർമ, പെനിസിലിയം, ആസ്‌പർജില്ലസ് തുടങ്ങിയ ഇനങ്ങൾക്ക് ഈ കഴിവുള്ളതായി തെളിയിച്ചിട്ടുണ്ട്. ഇവയിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ട്രൈക്കോഡർമ വ്യത്യസ്‌തമായ പരിസ്ഥിതിയിലും കാലാവസ്ഥയിലും ഈ കുമിൾ വളരുന്നു. ഇത് ഒരിക്കലും വിളകൾക്ക് ഹാനികരമല്ല. മറിച്ച് ചെടികൾക്കും മണ്ണിനും സഹായകരമാണിത്.
മണ്ണിൽ കണ്ടുവരുന്ന ട്രൈക്കോഡർമയെ പരീക്ഷണശാലയിൽ ശാസ്ത്രീയമായി വേർതിരിച്ചെടുക്കാവുന്നതാണ് ആരോഗ്യമുള്ള ചെടികളുടെ വേരുപടലങ്ങളിലും ചുറ്റുമുള്ള മണ്ണിലും വീര്യമുള്ള ട്രൈക്കോഡർമയെ കാണാനുള്ള സാധ്യത ഏറെയാണ്. അതിനായി പൊട്ടറ്റോ ഡെക്സ്ട്രോസ് അഗർ മാധ്യമം ഉപയോഗിക്കാം.
ഇപ്രകാരം വേർതിരിച്ചെടുക്കുന്ന ട്രൈക്കോഡർമ മാധ്യമത്തിൽ പച്ചപ്പുപ്പലായി 3-4 ദിവസം കൊണ്ട് വളർന്ന് വരും. ശത്രു കുമിളിനെ നശിപ്പിക്കാൻ കഴിവുള്ള ട്രൈക്കോഡർമ വളരെ വേഗം വളരുകയും ശത്രു കുമിളിൻ്റെ മുകളിൽ പടർന്ന് പിടിച്ച് അവയെ പൂർണമായി നശിപ്പിക്കുകയും ചെയ്യുന്നു.
പ്രവർത്തന രീതി
ട്രൈക്കോഡർമ സസ്യങ്ങളിൽ രോഗങ്ങൾ ഉണ്ടാക്കുകയല്ല, മറിച്ച് രോഗഹേതുക്കളായ ഫൈറ്റോഫ്‌ത്തോറ, പിത്തിയം: റൈസക്ടോണിയ, ഫ്യൂസേറിയം മുതലായ ശത്രു കുമിളുകളെ നശിപ്പിക്കുന്നു. ട്രൈക്കോഡർമിൻ, വിറിസിൻ, ഗ്ലൈയോറ്റോക്സിൻ തുടങ്ങി ആന്റിബയോട്ടിക്കുകളും മറ്റു വിഷ വസ്‌തുക്കളും ശത്രു കുമിളുകളെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ട്രൈക്കോഡർമയുടെ തന്തുക്കൾ രോഗഹേതൂക്കളായ കുമിളുകളുടെ മുകളിൽ വളർന്ന് അവയെ വരിഞ്ഞു ചുറ്റി ആഹാരമാക്കി മാറ്റുന്നു.