നനച്ചു വളർത്തുന്ന തെങ്ങ് പുഷ്പിക്കുമ്പോൾ ഓരോ പൂങ്കുലയിലും താരതമ്യേന കൂടുതൽ പെൺപൂക്കൾ ഉണ്ടാകും. ഇതു മതി നാളികേരത്തിന്റെ എണ്ണം കാര്യമായി വർധിക്കുവാൻ. അതു പോലെ ജലക്ഷാമം ഇല്ലാത്ത തെങ്ങിൽ മച്ചിങ്ങാപൊഴിച്ചിൽ വളരെ കുറവായിരിക്കുകയും ചെയ്യും. ജലസേചനം നാളീകേരത്തിന്റെ എണ്ണം വർധിപ്പിക്കും എന്നു മാത്രമല്ല വലിപ്പം കൂടാനും ഇടയാക്കും. കൂടാതെ കൊപ്രയുടെ ശരാശരി ഭാരവും വർധിക്കും. മണ്ണിലെ പോഷകമൂലകങ്ങൾ വേഗം വലിച്ചെടുക്കുവാനും അവ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാനും ജലസേചനം സഹായിക്കുന്നു.
ഡിസംബർ മുതൽ മെയ് വരെ കേരളത്തിൽ പൊതുവേ വരൾച്ചയാണ്. ഈ മാസങ്ങളിൽ നനച്ചാൽ തെങ്ങിന് കായിക വളർച്ചയുണ്ടാകും; ഒപ്പം നാളി കേരോൽപ്പാദനവും ഗണ്യമായി വർധിക്കും.
കൃഷിയിടപരീക്ഷണങ്ങൾ വഴി ബോധ്യമാകുന്ന ഇത്തരം നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണല്ലോ കർഷകർക്ക് എക്കാലവും വഴികാട്ടിയാകുന്നത്. ജലസേചനം വഴി പെൺപൂക്കളുടെ എണ്ണം 30 ശതമാനവും പെൺപൂക്കൾ നാളികേരമായി മാറുന്നത് 40 ശതമാനവും നാളികേരോൽപ്പാദനം 74 ശതമാനവും വർധിച്ചുവെന്ന് തെളിഞ്ഞു. ഇതിനു പുറമേ ജലസേനം ഓലകളുടെ എണ്ണത്തിലും വർധനവുണ്ടാക്കി. നനച്ചു വളർത്തിയ ഒരു തെങ്ങിന്റെ ഓലകളുടെ എണ്ണം 27-ൽ നിന്ന് 43 ആയി വർധിച്ചു.
വെള്ളത്തിന്റെ ലഭ്യതയനുസരിച്ച് കുലകളിൽ നാളീകേരത്തിന്റെ എണ്ണവും വലിപ്പവും മാറും. ഉദാഹരണത്തിന് മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് വലിയ നാളീകേരങ്ങൾ കിട്ടുക. ഇതിനു കാരണം ഈ പൂങ്കുലകൾ ഉണ്ടായതും അതിൻ്റെ വളർച്ചയുടെ പ്രധാനഘട്ടങ്ങളും മഴക്കാലത്തായിരുന്നു എന്നതാണ്. എന്നാൽ മഴക്കാലത്ത് വിളവെടുക്കുന്ന നാളീകേരം ചെറുതായിരിക്കും. ഇതിനു കാരണം ഈ പൂങ്കുലകളും പെൺപൂക്കളും ഉണ്ടായതും വെള്ളയ്ക്കയുടെ വളർച്ച വേനൽക്കാലത്തായിരുന്നു എന്നതാണ്. എന്നാൽ, ജലസേചനം നടത്തുമ്പോൾ മണ്ണിൽ എല്ലാക്കാലത്തും വെള്ളമുണ്ടാകും എന്നതിനാൽ കുലകളിൽ നാളീകേരത്തിൻ്റെ എണ്ണത്തിലും വലിപ്പത്തിലും വലിയ വ്യത്യാസം വരുകയില്ല.