പൊങ്ങിയ പല്ലുകൾ കമ്പികെട്ടി നേരേയാക്കുന്നതുപോലെ ചെടികൾക്ക് നല്ല രൂപഭംഗി ലഭിക്കുവാൻ കമ്പി കെട്ടിയുള്ള പരിശീലനം ആവശ്യമാണ്. ചെടിയുടെ തായ്ത്‌തടിയുടെ വണ്ണമനുസരിച്ച് കമ്പിയുടെ ഗേജ് തിരഞ്ഞെടുക്കണം. തായ്ത്തടിയുടെ വണ്ണത്തിൻ്റെ നാലിലൊന്ന് വണ്ണമുള്ള കമ്പിയാണ് നല്ലത്. പെൻസിൽ വണ്ണമുള്ള ചെടിക്ക് കമ്പിയുടെ വണ്ണം രണ്ടു മുതൽ മൂന്നു മി.മീ. വരെയാകാം. കൂടുതൽ വണ്ണമുള്ള ചെടിക്ക് കൂടുതൽ ഗേജുള്ള കമ്പികൾ വേണം. ചെടി ബോൺസായ് ചട്ടിയിലേക്ക് മാറ്റി രണ്ടു മൂന്ന് മാസം കഴിയുമ്പോൾ കമ്പി ചുറ്റിയുള്ള പരിശീലനം തുടങ്ങാം.
പെൻസിൽ വണ്ണത്തിലധികം വണ്ണമില്ലാത്ത ചെടികൾക്ക് പെട്ടെന്ന് വണ്ണം വയ്ക്കാനുള്ള വ്യായാമമുറയാണ് യോഗാതെറാപ്പി. ചെടിയുടെ തായ്ത്തടിയിൽ ചെമ്പുകമ്പി ചുറ്റിയിരിക്കണം. ഇടതുകൈ കൊണ്ട് ചെടിയുടെ ചുവട്ടിൽ പിടിക്കുക. വലതുകൈ കൊണ്ട് ചെടിയുടെ മുകൾഭാഗത്ത് പിടിച്ച് ഇടത്തോട്ടും വലത്തോട്ടും വളയ്ക്കുക. 10-15 പ്രാവശ്യം ഇങ്ങനെ ചെയ്യാം.
ദിവസത്തിൽ ഒരു നേരം ചെയ്‌താൽ മതി. രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ചെയ്യുകയാണ് നല്ലത്. ഒന്നു രണ്ടു മാസത്തോളം ഇത് തുടർന്നാൽ ചെടിയുടെ തായ്ത്‌തടിയുടെ വണ്ണം വേഗം കൂടുന്നതായി മനസ്സിലാകും. യോഗ ചെയ്യിക്കുമ്പോൾ ചെടിയുടെ ചുവട് മണ്ണിൽനിന്ന് ഇളകാൻ പാടില്ല. 2-3 മാസത്തിനുള്ളിൽ യോഗ നിർത്താം. “അർദ്ധചന്ദ്രാസനം' എന്ന യോഗയാണിത്.
ചെടികളെക്കൊണ്ട് യോഗ ചെയ്യിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ചെടി വളയ്ക്കുമ്പോൾ സ്‌പീഡ് കൂടരുത് എന്നുള്ളതാണ്. ആദ്യമാദ്യം മുഴുവൻ വളയ്ക്കാൻ ശ്രമിക്കരുത്. ഏതാനും ദിവസം കഴിയുമ്പോൾ മുഴുവനായി വളയ്ക്കാം. വേഗം കൂടിയാൽ ചെടി ഒടിയാൻ സാധ്യതയുണ്ട്. ചെമ്പുകമ്പി ചുറ്റിയിട്ടുണ്ടെങ്കിൽ ഒടിയാൻ സാധ്യത വളരെ കുറവാണ്. യോഗാതെറാപ്പിയുമായി ചെടി വളരെ വേഗത്തിൽ ഇണങ്ങിച്ചേരുന്നതായാണ് അനുഭവത്തിൽ മനസ്സിലായത്. നല്ല വെയിലുള്ളപ്പോൾ യോഗ ചെയ്യിക്കരുത്. കമ്പി ചുറ്റാത്ത ചെടികളിൽ യോഗ പരീക്ഷിക്കരുത്. അതു പോലെ തന്നെ ഗ്രാഫ്റ്റ് ചെയ്ത ചെടികളിലും യോഗ ചെയ്യാൻ പാടില്ല.