Updated on: 8 March, 2023 6:28 AM IST
തെങ്ങ്

സമഭൂമിയായും താഴ്ചയായിട്ടും ഉള്ള മണൽ തറകൾ മണൽ അധികം ഉള്ള തറകൾ, കരിമണലായുള്ള തറകൾ, കരിമണൽ കൂടിയ തറകൾ, പല മാതിരി നേർത്ത മണൽ ചേർന്ന തറകൾ, മണലും ചെമ്മണ്ണും കൂടിയ തറകൾ, മണലും ചെമ്മണ്ണും ചെളിയും കൂടിയ തറകൾ, മണലും ചെമ്മണ്ണും കരിമണലും കൂടിയ തറകൾ, മണലും കറുത്ത മണ്ണും ചേർന്ന തറകൾ, മണലും കറുത്ത ചെളിയും ചേർന്ന തറകൾ, അടിയിൽ മണലുള്ള ചെളിത്തറകൾ,അടിയിൽ മണലും മീതെ ചെളിയും മണലും ഉള്ള തറകൾ, മണലും ചരലും ചെളിയും കൂടിയ തറകൾ, കടപ്പുറമായുള്ള തറകൾ, കായൽ വാരങ്ങൾ, ആറ്റു കരകൾ, തോട്ടു കരകൾ, ചിറ വരമ്പുകൾ, കുളങ്ങളുടെ കരകൾ കായൽ വൈപ്പു ആറ്റു വൈപ്പു തറകൾ, കുളം, ചിറ മുതലായ നികന്ന തരകൾ, ഒന്നേകാൽ കോൽ താഴെ വെള്ളം ഉള്ള തറകൾ, താഴ്ചയുള്ള എല്ലാ തറകളും കരിക്കകമായുള്ള തറകൾ, ഓരുള്ള തറകൾ, ഓർക്കാറ്റുള്ള തറകൾ, ഓരില്ലാത്ത സമഭൂമികൾ, നിരപ്പുള്ള പാഴുതറകൾ, കുഴി നികന്ന തറകൾ, മലയടിവാരമായ തറകൾ, വളപ്പറ്റുള്ള തറകൾ മനത്തറകൾ, ആൾ സഞ്ചാരമുള്ള തറകൾ, ഇങ്ങനെയുള്ള തറകളിൽ അല്ലാതെ കടുത്ത തറകളിലും കല്ലും പാറയും ഉള്ള സ്ഥലങ്ങളിലും ചീക്കല്ലു ചെമ്മണ്ണു ഇങ്ങനെ ഉള്ള തറകളിലും ഉയർന്ന വെള്ള മണൽ തറയിലും തെങ്ങു നടുന്നതായാൽ വേരുപിടിച്ചു കരുത്തായി ഉണ്ടാകാതെ മണ്ട ശോഷിച്ചു പോകയും കൂമ്പു വരുന്നതിനു അധികം താമസിക്കുകയും കാപിടുത്തമില്ലാതെ അനുഭവ ദോഷങ്ങൾ വരികയും പഴകുന്നതിനും മുൻപിൽ പട്ടു പോകയും ചെയ്യുന്നതാകുന്നു.

തെങ്ങും തൈ നടുന്ന സ്ഥലം വെയിൽ കൊള്ളുന്ന തറ ആയിരുന്നാൽ ബലമായിട്ടു ഉണ്ടാകയും മടലുകൾ അടുത്തു മണ്ട കന്നത്തു ക്രമത്തിനു പ്രാപ്തി ആയി അധികം ഫലിക്കുകയും ചെയ്യുന്നതാകുന്നു. ചോല ആയിട്ടുള്ള സ്ഥലങ്ങളിൽ നട്ടാൽ ആ തെങ്ങുകളുടെ മൂടു വണ്ണിച്ചു തടിയും മണ്ടയും ശോഷിച്ചും മടലുകൾ അകന്നും പൊക്കമായി വരുന്നതു കൂടാതെ, ഓരോ കേടുകൾ ഉണ്ടാകുകയും കൂമ്പു വരുന്നതിനു താമസിക്കുകയും ഫലം വളരെ കുറയുകയും ചെയ്യുന്നതായിരിക്കും.

തെങ്ങ് നടുന്ന സ്ഥലം കാറ്റുള്ള പ്രദേശമായിരുന്നാൽ എല്ലാ നേരവും മടലുകൾ ഉലഞ്ഞ് ഉടനുടൻ പുഷ്ടിയായി നാമ്പുകൾ പുറപ്പെട്ട് തെങ്ങിന് മണ്ടക്കനവും ഉറപ്പും ഉണ്ടാകുകയും വേഗം കായ്ച് തുടങ്ങുകയും അധികം കൂമ്പുകൾ വിടർന്ന് ഫലം വർദ്ധിക്കുകയും ചെയ്യുന്നതാകുന്നു. കാറ്റില്ലാത്ത സ്ഥലങ്ങളിൽ ഗുണം കുറഞ്ഞിരിക്കും.

തെങ്ങ് നടുന്നതിന് വെട്ടുന്ന കുഴികൾ പരസ്പരം മൂന്നു കോലിൽ കുറയാതെ അകലമായിരിക്കേണ്ടതാകുന്നു. ചില സ്ഥലത്ത് പത്തും എട്ടും കോൽ അകലെയും കുഴി വെട്ടി വരുന്നുണ്ട്. എന്നാൽ കായൽ വാരം, ചെളിത്തറ ഇങ്ങനെയുള്ള താഴ്ച സ്ഥലങ്ങളിൽ കുഴികൾ കുറെ അടുപ്പമായതിനാൽ ദൂഷ്യമില്ല. മേൽ പറഞ്ഞ ക്രമം പോലെ എടയിട്ടു കുഴി വെട്ടി നടുന്ന തെങ്ങുകൾ വേഗത്തിൽ കിളന്നു പോകാതെ മണ്ടയിരുത്തി നല്ല തഴപ്പായിട്ടുണ്ടായി എളുപ്പത്തിൽ ഫലിക്കുകയും വളരെക്കാലം ഒരുപോലെ അനുഭവം നിൽക്കുകയും ചെയ്യുന്നതാണ്.

കുഴികൾ അടുത്തു പോയാൽ വളരുന്ന സമയം തെങ്ങുകളുടെ ഓല തമ്മിൽ മുട്ടി, ആ വൃക്ഷങ്ങൾ നേരെ നിൽക്കാതെ വേറിട്ടു എട കാണുന്ന ദിക്കിലേക്ക് ചാഞ്ഞു പോകുകയും നടി ശോഷിച്ച് നെടുതായി വളരുകയും മണ്ടയ്ക്ക് കനം കുറഞ്ഞു കായ്പ്പിനു താമസിക്കുകയും കുലയിൽ കായ്പിടിത്തം കുറയുകയും ചാഞ്ഞു നിൽക്കുന്ന നിമിത്തം തെങ്ങ് പഴക്കമായി നിന്നു അനുഭവിപ്പാനിടവരാതെ മൂടിളകി വീണുപോകുകയും ചെയ്യുന്നു.

തെങ്ങും തൈകൾ നടുന്നതിനു സമഭൂമിയായുള്ള പ്രദേശങ്ങളിൽ ഒന്നേകാൽ ഒന്നേമുക്കാൽ കോൽ താഴ്ചയിൽ അത്രയും വിസ്താരത്തിലും ഉയർന്ന സ്ഥലങ്ങളിൽ രണ്ടേകാൽ രണ്ടേമുക്കാൽ കോൽ താഴ്ചയിൽ അത്രയും വിസ്താരമായിട്ടും ജലതീരമായുള്ള താഴ്ന്ന തറകളിൽ വെള്ളത്തിന്റെ സ്ഥിതി പോലെ മുക്കാലും അരയും കോൽ താഴ്ചയിൽ ഒരു കോൽ വിസ്താരത്തിലും കുഴി എടുക്കേണ്ടുന്നതാകുന്നു. ക്രമത്തിൽ കുറയാതെ കുഴിച്ചു നടുന്ന തെങ്ങുകൾ വളരെക്കാലം ഫലത്തോടു കൂടെ നിൽക്കും.

കുഴികൾക്കു താഴ്ചയും വിസ്താരവും കുറഞ്ഞുപോയാൽ കാലക്രമേണ തെങ്ങിന്റെ വേര് മീതെ വന്നു ഫലം കുറയുകയും പഴക്കമാകുന്നതിനു മുൻപിൽ പിഴുതു വീണു പോകുകയും ചെയ്യുന്നതാകുന്നു. ഇതുകൂടാതെ ഊറ്റുള്ള തറകളിൽ തേങ്ങയുടെ തൊണ്ടു താഴുന്നതിനു മാത്രം കുഴിച്ചും ചെളിച്ചകളിൽ കുഴി എടുത്തു മണലിട്ടും നികത്തിയും വെള്ളം കേറുന്ന സ്ഥലങ്ങളിൽ മണ്ണു വെട്ടിപ്പൊക്കിയും തൈകൾ നട്ടു വരുന്നു. രണ്ടേകാൽ മൂന്നേകാൽ വർഷവും അതിലധികവും മൂപ്പു ചെല്ലുന്ന തൈകൾ നടുവാനുള്ള കുഴികൾക്കു താഴ്ചയും വിസ്താരവും രണ്ടേകാൽ കോലിൽ കുറയാതെ വേണ്ടുന്നതാകുന്നു.

തെങ്ങു നടുന്ന വകയ്ക്കു വെട്ടുന്ന കുഴികൾ കുറെ ദിവസം പഴകിയതിൽപ്പിന്നെ തൈകൾ നടുവാനുള്ളതാകകൊണ്ടു ആറു മാസത്തിനു മുൻപിൽ കുഴികൾ എടുത്ത് അതിനകത്തു ചവറുകൾ ഇട്ടു ചുട്ടും ചാമ്പൽ മുതലായ ഉരങ്ങൾ ഇട്ടും പഴക്കി പിന്നത്തേതിൽ തൈ നട്ടാൽ അധികം ഫലിക്കുന്നതാകുന്നു. അല്ലാത്ത പക്ഷം ആറു മാസമെങ്കിലും പഴക്കുവാനുള്ളതാണ്. കുഴി എടുത്ത ഉടനെ തൈ നട്ടാൽ പുതു മണ്ണിന്റെ ദൂഷ്യം കൊണ്ടും ചിതലിന്റേയും മറ്റു ഉപദ്രവത്താലും തൈകൾക്കു കേടുണ്ടാകുന്നതു കൂടാതെ വേരു പിടിക്കാനും നാമ്പു വളരുന്നതിനും വളർച്ചയ്ക്കും താമസപ്പെടുക, തൈകൾ വെളുത്തു പോകുക, ഓല പഴുക്കുക, പ്രാപ്തി ആയാൽ കായ്പിടുത്തം കുറയുക ഇപ്രകാരം ഓരോ ദോഷങ്ങളും സംഭവിക്കും. കുഴി എടുത്ത ഉടനെ തൈകൾ നട്ടു വരുന്നതായിട്ടും അതിൽ വച്ചു ബാധകളില്ലെന്നും ഒരു പക്ഷം ഇരിക്കുന്നു. എന്നാൽ താഴ്ച ആയിട്ടുള്ള തറകളിൽ തൈകൾ നടുന്ന സമയം തന്നെ കുഴി എടുക്കാനുള്ളതാണ്.

English Summary: in heavy wind area coconut will get fruit own
Published on: 07 March 2023, 11:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now