ശിൽപ്പ ചാതുരിയോടെ പണിയുന്ന പുതിയ വീടുകളിലെല്ലാം വലിപ്പമേറിയ ജനലുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ധാരാളം സൂര്യപ്രകാശം വീട്ടിനുള്ളിൽ ലഭിക്കുന്നു. ഇത് അലങ്കാരച്ചെടികൾ വച്ചു പിടിപ്പിക്കുവാൻ സഹായകമാകുന്നു. വീടുകളിലും ബാങ്കുകളിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും ആശുപത്രികളിലും സ്കൂളുകളിലും എല്ലാം അകത്തളങ്ങളിൽ അലങ്കാരച്ചെടികൾ സ്ഥാനം പിടിച്ചു തുടങ്ങിയിരിക്കുന്നു.
സ്ഥാനം
മുറികളുടെ വലിപ്പം, നിറം, ഭംഗി എന്നിവയുടെ ചേർച്ചയനുസരിച്ച് ചെടികൾ ഒറ്റയായോ കൂട്ടമായോ വയ്ക്കാം. ചെറിയ മുറികളിൽ ചെടികൾ ഒറ്റയ്ക്കു വയ്ക്കുന്നതാണ് ഭംഗി. ആധുനികരീതിയിൽ ലളിതമായി സ്ഥാപിച്ചിരിക്കുന്ന മുറിയിൽ റെഡ്‌പാം പോലെ വലിയ പന്നച്ചെടികളോ മോൺസ്റ്റീറ പോലുള്ള ചെടികളെ സ്ഥാപിക്കുന്നത് കൂടുതൽ ആകർഷകമായി തോന്നും.
ഓഫീസിന്റെ ചുറ്റുപാടുകൾക്കിണങ്ങിയത് ഫില്ലാ ഡെൻഡ്രൺ, സാൻസിവീരിയ, ഡിഫൻബക്കിയ, ഡ്രസീന തുടങ്ങി വീതികൂടിയ ഇലകളുള്ള ഉയരം കൂടിയ സസ്യങ്ങളാണ്. അതു പോലെ വെള്ളയും ഇളം നിറമുള്ളതുമായ ഭിത്തികൾക്കെതിരെ ജമന്തി, കോളിയസ്. കലേഡിയം ഇവയിലേതെങ്കിലും വയ്ക്കുന്നത് ആകർഷണീയമായിരിക്കും. കറുത്ത പ്രതലത്തിനെതിരെ വിവിധ വർണങ്ങളുള്ളതോ വെള്ളനിറമുള്ളതോ ആയ ഇലകളോ പൂക്കളോ ഉള്ള ചെടികൾ വേണം സ്ഥാനം പിടിക്കാൻ.
ചെടികളുടെ വർണഭംഗി കൂടുകയും ചെയ്യും. കൂടുതൽ സൂര്യപ്രകാശം ആവശ്യമുള്ള ചെടികൾ വടക്കുവശത്തുള്ള ജനാലയ്ക്കെതിരെയും തണലിൽ വളരുന്ന ചെടിൾ തെക്കുവശത്തുള്ള ജനാലയ്ക്കു സമീപവും വയ്ക്കണം. മിതമായി സൂര്യപ്രകാശം ആവശ്യമുള്ള ചെടികൾ കിഴക്കും പടിഞ്ഞാറുമുള്ള വശങ്ങളിൽ സൂക്ഷിക്കണം. മുറിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന മേശപ്പുറത്തും അലങ്കാരസസ്യങ്ങൾ സ്ഥാപിക്കാൻ കഴിയും.
കൃഷിരീതി
ഒരു ഭാഗംവീതം മണൽ, ചാണകപ്പൊടി, മണ്ണ് എന്നിവ ചേർന്ന മിശ്രിതം ചട്ടികൾ നിറയ്ക്കാനായി ഉപയോഗിക്കാം.
ഗൃഹാലങ്കാര സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് 15-25 വരെ ഫുട്ട് കാൻഡിൽ പ്രകാശം ആവശ്യമാണ്. വളർച്ച കുറവ്, ഇളം മഞ്ഞനിറ ത്തിലുള്ള ഇലകൾ, കനം കുറഞ്ഞ തണ്ട് ഇവയെല്ലാം സൂര്യപ്രകാശത്തിന്റെ അപര്യാപ്‌തത സൂചിപ്പിക്കുന്നു. മുറിയിൽ ആവശ്യത്തിനുള്ള പ്രകാശം ഇല്ലെങ്കിൽ പകൽവെളിച്ചത്തിനു പുറമേ കൃത്രിമപ്രകാശം നൽകണം. 80 വാട്ട് ജ്വലനശക്തിയുള്ള വൈദ്യുതി ബൾബ് ദിവസേന 16 മണിക്കൂർ വീതം പ്രകാശിപ്പിച്ചാൽ ചെടികളുടെ വളർച്ചയ്ക്കാവശ്യമായ പ്രകാശം കിട്ടും.
ചെടികളുടെ ശരിയായ വളർച്ചയ്ക്ക് 40-60% ആർദ്രത ആവശ്യമാണ്. മണ്ണ് ഉണങ്ങി തുടങ്ങുമ്പോൾ ചട്ടികൾ നനയ്ക്കണം. അമിതമായ ജല സേചനം ആവശ്യമില്ല. ഇലകളിൽ ഇടയ്ക്കിടെ വെള്ളം തളിച്ചു കൊടുക്കണം. ആഫ്രിക്കൻ വയലറ്റിൻ്റെ ഇലകളിൽ വെള്ളം തളിക്കരുത്. ഇല ചീയാൻ ഇത് ഇടയാകും. പുതുതായി നടുന്ന ചെടികളാണെങ്കിൽ വേരു പിടിക്കുന്നതുവരെ നന്നായി നനയ്ക്കണം. മുറിയുടെ ചൂട്, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് വെള്ളത്തിൻ്റെ അളവ് വ്യത്യാസപ്പെടുത്തണം. ചെറിയ തോതിലാണെങ്കിൽക്കൂടി ദിവസവും ചെടികൾ പൂപ്പാട്ട ഉപയോഗിച്ചു നനയ്ക്കണം. ആഴ്‌ചയിൽ രണ്ടുതവണയെങ്കിലും നനഞ്ഞ തുണിയോ സ്പോഞ്ചോ കൊണ്ട് ഇലകൾ തുടയ്ക്കണം.