വാഴ കൃഷിയിൽ കൃഷി സുഗമമാക്കാൻ ധാരാളം എളുപ്പ വിദ്യകൾ ഉണ്ട്. പണ്ടുകാലത്ത് കർഷകർ വളരെ ബുദ്ധിമുട്ടേറി ചെയ്ത കാര്യങ്ങൾ ഇന്ന് വളരെ ആയാസരഹിതമായി ചെയ്യാൻ കഴിയുന്നു. ഇതിന് സഹായിക്കുന്ന ചില ഉപകരണങ്ങളാണ് താഴെ പരിചയപ്പെടുത്തുന്നത്.
വാഴയ്ക്കാപ്പടല അടർത്താൻ
വാഴയ്ക്കാപ്പടലകൾ ക്ഷതമില്ലാതെ അടർത്തിയെടുക്കാൻ തിരുവനന്തപുരം മിത്രനികേതൻ ഐസിഎആർ കൃഷി വിജ്‌ഞാനകേന്ദ്രം ഉപകരണം വികസിപ്പിച്ചെടുത്തു. വാക്കത്തി കൊണ്ടു പടലകൾ അടർത്തുമ്പോൾ 2 മുതൽ 8% വരെ കായ്കകൾക്ക് കേടുപാടുണ്ടാകുന്നു. വാണിജ്യ കൃഷിയിൽ വാഴയ്ക്ക അടർന്നു പോകാതെ കൃത്യമായി പടലകൾ ഓരോന്നായി വെട്ടിമാറ്റുന്നതിനുയോജ്യമാണ് ഈ ഉപകരണം. ഹാൻഡിൽ, റാഡ്, വളഞ്ഞ ബ്ലെയ്‌ഡ് (curved blade) എന്നിവയാണ് പ്രധാന ഭാഗങ്ങൾ.
വാഴനാരു വേർതിരിക്കാൻ
വാഴനാരു വേർതിരിക്കാനുള്ള ഹാൻഡ് ടൂൾ മിത്രനികേതൻ കൃഷിവിജ്‌ഞാനകേന്ദ്രം നിർമിച്ച് കർഷകർക്കു നൽകുന്നുണ്ട്. മെറ്റൽ ബ്ലെയ്‌ഡും തടിയുടെ പിടിയുമാണ് പ്രധാനഭാഗം. ഈ കയ്യുപകരണത്തിൻ്റെ സഹായത്തോടെ വാഴനാരുകൾ അനായാസം വേർതിരിച്ച് ഉപോൽപന്നങ്ങൾ നിർമിക്കാം.
കീടനാശിനി കുത്തിവയ്ക്കാൻ
വാഴയിലെ തടതുരപ്പൻപുഴുവിനെതിരെ മരുന്നുപയോഗിക്കാൻ ICAR-CIAE, National Research Centre ഫോർ ബനാന തിരുച്ചിറപ്പിള്ളി എന്നിവർ സംയുക്‌തമായി വികസിപ്പിച്ചു. 'സ്യൂഡോസ്റ്റെം ഇൻജക്റ്റർ എന്ന യന്ത്രത്തിന്റെ പ്രവർത്തനം പൂർണമായും ബാറ്ററി സഹായത്താലാണ്.
ഇലക്ട്രോണിക് എംബഡഡ് സംവിധാനത്തിൻ്റെ സഹായത്തോടെ കൃത്യമായ അളവിൽ മരുന്നു കുത്തിവയ്ക്കുന്നു. മണിക്കൂറിൽ 150 മുതൽ 300 വരെ വാഴകളിൽ മരുന്നു കുത്തിവയ്ക്കാം. .
കാറ്റിൽ വീഴാതെ താങ്ങ്
കോളാർ റിങ് ആൻഡ് സ്ട്രിങ് സപ്പോർട്ട് സിസ്‌റ്റം ഉപയോഗിച്ച് ശക്‌തമായ കാറ്റിൽ വാഴ ഒടിഞ്ഞു വീഴുന്നതു തടയാം. വാഴക്കുല പുറത്തു വരുന്ന സമയത്ത് വാഴയുടെ മുകൾ ഭാഗത്തു 4 മി.മീ. ജിഐ കോളാർ റിങ് ബന്ധിപ്പിക്കുന്നു. കുല മുറിക്കുന്ന സമയത്ത് റിങ് സിസ്‌റ്റം അൺലോക്ക് ചെയ്യാം. ഈ റിങ് സിസ്റ്റം 5 വർഷത്തേക്ക് തുടർച്ചയായി ഉപയോഗിക്കാം. ഒരു റിങ്ങിന് വില 50 രൂപ.