'ഹൃബേരം' എന്ന സംസ്കൃതനാമത്താൽ അറിയപ്പെടുന്ന ഇരുവേലി, കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ വളർത്താൻ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള ഔഷധസസ്യങ്ങളിലൊന്നാണ്. തെക്കെ ഇന്ത്യയിൽ കേരളത്തിലും തമിഴ്നാട്ടിലും പുഴയോരങ്ങളിലാണ് ഇരുവേലി കണ്ടുവരുന്നത്. ഏതാണ്ട് 35 ഓളം ആയുർവേദ ഔഷധങ്ങളിലെ ചേരുവയാണ് ഇരുവേലി. മരുന്നുനിർമ്മാണരംഗത്ത് ഇരുവേലിക്ക് പകരം വെയ്ക്കാൻ മറ്റൊരു ഘടകമില്ലെന്ന വസ്തുത, ചെടിയുടെ പ്രാധാന്യത്തെ ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഇരുവേലി ഏത് തരം കാലാവസ്ഥയിലും വളരുമെങ്കിലും അധികമഴ ലഭിക്കുന്നത് ഈ ചെടിയിൽ രോഗബാധയ്ക്ക് കാരണമാകും. നല്ല പോലെ വെള്ളം വാർന്നുപോകുന്ന, മണൽ കലർന്ന മണ്ണാണ് ഇരുവേലി കൃഷിയ്ക്ക് അനുയോജ്യം. പനിക്കൂർക്കയോട് സാദൃശ്യമുള്ള ചെടിയാണ് ഇരുവേലി.
മൃദുകാണ്ഡത്തോടുകൂടിയ ഈ ഔഷധസസ്യത്തിന്റെ തണ്ട് ചതുഷ്കോണാകൃതിയിലുള്ളതും, ഇലകൾ ഹൃദയാകാരത്തിലുള്ളതുമായി കാണപ്പെടുന്നു. ഇലയുടെ അടിവശത്ത് തടിച്ച ഞരമ്പുകൾ കാണാം. പൂക്കൾ നീലനിറത്തോടുകൂടിയവയാണ്. തണ്ടിലും വേരിലുമുള്ള ബാഷ്പീകൃതതൈലം, ഈ ചെടിയ്ക്ക് സുഗന്ധമേകുന്നു. 2-3 മുട്ടുകളുള്ള മാംസളമായ തണ്ടിന്റെ അഗ്രഭാഗമാണ് പ്രജനനത്തിനായി ഉപയോഗിക്കുന്നത്. തെങ്ങിൻ തോട്ടങ്ങളിലും റബ്ബർ തോട്ടങ്ങളിൽ ആദ്യ മുന്നുവർഷവും ഇടവിളയായി ഇരുവേലി കൃഷിചെയ്യാം. വളർച്ചയുടെ ഒരു ഘട്ടത്തിലും കൃഷിസ്ഥലത്ത്, വെള്ളം കെട്ടിനിൽക്കില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം നിലമൊരുക്കേണ്ടത്.
നട്ട് 6-8 മാസം കഴിയുമ്പോൾ, പൂക്കൾ ഉണ്ടാകുന്നതോടുകൂടി ചെടി സമൂലമായി പറിച്ചു ടുത്ത് വിപണനം ചെയ്യുന്നു. വിളവെടുപ്പ് സമയത്ത്, തലപ്പുകൾ നഴ്സറിയിൽ കിളിർപ്പിച്ച് പ്രജനനത്തിനായി ഉപയോഗിക്കാം. ഇരുവേലിയുടെ പ്രധാനപ്പെട്ട ഔഷധയോഗ്യമായ ഭാഗം മാംസളമായ തണ്ടാണ്. ഇരുവേലിതണ്ടിന്റെ പുറംതൊലി നീക്കിക്കളഞ്ഞ് തണലത്ത് ഉണക്കിയാണ് ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. 50-60°C ചൂടുള്ള വെള്ളത്തിൽ അല്പനേരം മുക്കിയുണക്കുന്നത് തണ്ടുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നു. സംസ്കരണമുറകൾ ഒന്നും തന്നെ തണ്ടിലടങ്ങിയിട്ടുള്ള ബാഷ്പീകൃതതൈലം നഷ്ടപ്പെടാൻ കാരണമാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.