ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു പൂച്ചെടിയാണ് ജെറേനിയം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഇത് തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ യെർകാഡിൽ കൃഷി ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. വളരെ നല്ല സുഗന്ധമുള്ള ഈ പൂച്ചെടി, സാധാരണയായി നട്ട്, മൂന്നോ നാലോ മാസത്തിൽ വിളവെടുക്കാനും സാധിക്കുന്നു.
നടീലും വിളപരിചരണവും
വേരുപിടിച്ച തൈകൾ രണ്ടുമാസം പ്രായമാകുമ്പോൾ 60 × 40 സെ.മീ. അകലത്തിൽ നടാവുന്നതാണ്. ഏക്കർ ഒന്നിന് 4-5 ടൺ വരെ ചാണകമോ കമ്പോസ്റ്റോ ചേർത്ത് നന്നായി ഒരുക്കണം. അടിവളമായി ഏക്കർ ഒന്നിന് 15-25 കി.ഗ്രാം വീതം പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ ചേർക്കണം. ഓരോ വിളവെടുപ്പിനുശേഷവും 15 കി.ഗ്രാം വീതം പാക്യജനകം ചേർത്ത് കൊടുക്കണം.
സൂക്ഷ്മ മൂലകങ്ങളായ ചെമ്പും മോളിബ്ഡിനവും ഏക്കർ ഒന്നിന് യഥാക്രമം 8 കി.ഗ്രാമും 1 കി.ഗ്രാമും വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യമായി ഇട്ടുകൊടുക്കണം. ജെറേനിയം പറിച്ചുനട്ട് ആദ്യ ദിനങ്ങളിൽ എല്ലാ ദിവസവും, പിന്നീടുള്ള രണ്ടാഴ്ചത്തേയ്ക്ക് ഒന്നിടവിട്ടും അതിനുശേഷം ആഴ്ചയിലൊരിക്കലും നന്നായി നനയ്ക്കണം. ജെറേനിയം തൈകൾ പറിച്ചു നട്ട് 20-ാം ദിവസവും 40-ാം ദിവസവും കളകൾ നീക്കം ചെയ്യേണ്ടതാണ്.
നട്ട് ഏതാണ്ട് 4 മാസം കഴിയുമ്പോൾ ആദ്യ വിളവ് എടുക്കാറാകും. വിള എടുക്കാറാകുമ്പോഴേക്കും താഴെയുള്ള ഇലകൾ ഇളം മഞ്ഞ നിറമാവുകയും ഇലയുടെ മണം ഏതാണ്ട് റോസാപ്പൂവിന്റെ മണമാവുകയും ചെയ്യും. ഏകദേശം 20 സെ.മീ. ഉയരത്തിൽ വച്ച് നല്ല മൂർച്ചയുള്ള ആയുധം കൊണ്ട് ഇലകൾ തണ്ടോടു കൂടി മുറിച്ചെടുക്കാം.
വിളവെടുത്ത ശേഷം ഇടയിളക്കലും, വളം ചേർക്കലും നനയും തുടരണം. ഓരോ നാലുമാസം കൂടുമ്പോഴും വിളവെടുക്കാവുന്നതാണ്. ഇങ്ങനെ ഒരു വിള 5-6 വർഷം നിലനിൽക്കും. ഒരു ഏക്കറിൽ നിന്ന് ഏതാണ്ട് 6 ടണ്ണോളം വിളവ് ഒരു വർഷത്തിൽ ലഭിക്കും