ജെർബെറ പൂക്കൾ കൃഷിചെയ്യാൻ
കൃഷിചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം വെള്ളം കെട്ടികിടക്കാത്തതും നല്ല നീർവാർച്ചയുള്ളതുമായിരിക്കണം. തറ നല്ലവണ്ണം കിളച്ച് കട്ടകളും കളകളും മറ്റും നീക്കം ചെയ്തശേഷം 10 സെ.മീറ്റർ ഉയരത്തിൽ തടങ്ങൾ നിർമ്മിക്കണം. തടങ്ങൾക്ക് ഒരു മീറ്റർ വീതിയും സൗകര്യം പോലെ നീളവും നൽകാം.
ഉണക്കച്ചാണകം, ആറ്റുമണ്ണ്, ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ കലർത്തി തയാറാക്കിയ മാധ്യമം ഉപയോഗിച്ചുവേണം തടങ്ങൾ നിർമിക്കാൻ. അതിൽ എല്ലുപൊടിയും പൊടിച്ച വേപ്പിൻപിണ്ണാക്കും കൂടി ചേർക്കുന്നത് ചെടികൾ കൂടുതൽ പുഷ്ടിയോടെ വളരാൻ സഹായിക്കും. തടം അണുവിമുക്തമാക്കാൻ കാർബോസൾഫാൻ (മാർഷൽ ജി) ഉപയോഗിക്കാവുന്നതാണ്.
കട്ട് ഫ്ളവർ ആയി ഉപയോഗിക്കാൻ വേണ്ടി ചെടികൾ പോളിഹൗസിനുള്ളിൽ പ്രത്യേകസംരക്ഷണം നൽകി വളർത്താൻ ശ്രമിക്കണം. കുറഞ്ഞത് 5000 ചെടികൾ എങ്കിലും ഒരുമിച്ച് കൃഷിചെയ്താൽ മാത്രമ നല്ല ആദായം ലഭിക്കുകയുള്ളൂ.
നടുമ്പോൾ ചെടികൾ തമ്മിൽ 30 സെ.മീറ്ററും വരികൾ തമ്മിൽ 50 സെ.മീറ്ററും അകലം നൽകണം. രണ്ട് വരികളായി നടുന്നതിനേക്കാൾ സിഗ്സാഗ് രീതിയിൽ 30 സെ.മീറ്റർ അകലത്തിൽ ത്രികോണാകൃതിയിൽ നടുന്നതാണ് ഉചിതം. ഈ രീതിയിൽ നടുമ്പോൾ കൂടുതൽ തൈകൾ നടാൻ കഴിയും. 100 ചതുരശ്രമീറ്റർ സ്ഥലത്ത് 700 തൈകൾ നടാം. ചെടികൾ നടാൻ ഏറ്റവും അനുയോജ്യം ജൂൺമാസമാണ്.
തൈകൾ നടുമ്പോൾ വേരുഭാഗം ഒഴിച്ച് ശേഷിക്കുന്നഭാഗം മുഴുവൻ മണ്ണിനുമുകളിൽ ആയിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ചെടി വളർന്ന് ഏകദേശം ഒരു വർഷത്തിനുമേൽ പ്രായമെത്തുമ്പോഴേക്കും ചെടിയുടെ അഗ്രഭാഗം വളർന്ന് പടർന്ന് മണ്ണിൽ മുട്ടാൻ തുടങ്ങുന്നു. തന്മൂലം അഗ്രഭാഗം ചിമ്പുവാൻ ഇടവരികയും രോഗബാധ ഉണ്ടാകുവാൻ കാരണമാകുകയും ചെയ്യുന്നു. അതിനാൽ രണ്ടു വർഷത്തിലൊരിക്കൽ ചെടികൾ പറിച്ചുനടുന്നത് ഉചിതമായിരിക്കും.
ചെടികൾക്ക് ജൈവവളവും അതുപോലെതന്നെ രാസവളവും നൽകണം. ജൈവവളമായി കൂടക്കൂടെ ഉണക്കചാണകപ്പൊടിയും പൊടിച്ച വേപ്പിൻപിണ്ണാക്കും മാറിമാറി നൽകുന്നത് ചെടി വലിയപൂക്കൾ നൽകാൻ സഹായിക്കും. ഇവ മാസത്തിലൊരുതവണ വീതം ചെടിയുടെ ചുവട്ടിൽ രണ്ട് കൈവളം വീതം ഇട്ടാൽ മതി.
മറ്റൊരു രീതി 50 ഗ്രാം വേപ്പിൻപിണ്ണാക്കും 50 ഗ്രാം നിലക്കടലപിണ്ണാക്കും 10 ലിറ്റർ വെള്ളത്തിൽ ഇട്ട് 3 ദിവസം സൂക്ഷിച്ചശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് നേർപ്പിച്ച് ഓരോ കപ്പ് ഓരോ ചെടിയുടെയും ചുവട്ടിൽ ഒഴിക്കണം. ഇത് മാസത്തിലൊരു തവണ നൽകണം.
എല്ലുപൊടി രണ്ട് ടീസ്പൂൺ വീതം ചെടിയുടെ ചുവട്ടിൽനിന്നും അൽപ്പം മാറ്റി നാലുചുറ്റും വിതറി വിരിച്ച് മണ്ണിട്ട് മൂടണം. മാസത്തിലൊരിക്കൽ നൽകിയാൽ മതി.
രാസവളമായ 17.11.17 കോംപ്ലക്സ് വളം 2 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ വളരെ നേർപ്പിച്ച് ഓരോ കപ്പ് ചുവട്ടിൽ ഒഴിക്കുന്നത് ചെടികൾ നല്ലവണ്ണം വളരാനും പെട്ടെന്ന് പുഷ്പിക്കാനും സഹായിക്കുന്നു. വലിയ പൂക്കൾ ഉണ്ടാകുവാനും ഈ വളം സഹായകമാണ്. ആഴ്ചയിൽ ഒരു തവണവീതം നൽകണം. ജലസേചനപ്പുകളിലൂടെ ഫെർട്ടിഗേഷൻ പമ്പ് ഉപയോഗിച്ച് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്.
ജൈവവളം ചേർക്കുമ്പോൾ മേൽ ശുപാർശകളിൽ ഏതെങ്കിലു ഒന്നേ ഒരു മാസം ചേർക്കുവാൻ പാടുള്ളൂ.