തക്കാളി ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ്നല്ല നീർവാർച്ചയും വളക്കൂറ് ഉള്ളതും മണലും കളിമണ്ണും കലർന്ന മണ്ണുമാണ് തക്കാളി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം .ഗ്രോ ബാഗിലോ മണ്ണിലോ ഒക്കെ സൗകര്യം അനുസരിച്ച് കൃഷി ചെയ്യാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് ഉത്തമം.
വിത്തുകൾ ഒരു മണിക്കൂർ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയിൽ മുക്കിവയ്ക്കുന്നത് വളരെ നല്ലതാണ്. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാൻ ചാരവും മഞ്ഞളും കൂട്ടിക്കലർത്തി വിത്ത് പാകാം. ഒരു മാസം പ്രായമായാൽ പിന്നെ തൈകൾ പറിച്ചു നടാവുന്നതാണ്. തക്കാളി തൈകളുടെ തണ്ടിന് ബലം ഉണ്ടായിരിക്കണമെന്ന് മാത്രം. നടുന്നതിന് മുമ്പ് വേണമെങ്കിൽ സ്യുഡോമോണാസ് ലായനിയിൽ മുക്കിവയ്ക്കാവുന്നതാണ്. നേരിട്ട് മണ്ണിൽ നടുമ്പോൾ മണ്ണ് നന്നായി കിളക്കണം. ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് ഇവയെല്ലാം ചേർക്കാം. കുമ്മായം ചേർക്കുന്നതും നല്ലതാണ്.
വെള്ളം കെട്ടിനിൽക്കാത്ത സ്ഥലത്ത് വേണം തൈകൾ നടേണ്ടത്. തൈകൾ തമ്മിൽ കുറഞ്ഞത് 60 സെ.മി അകലം വേണം. തൈകൾ നട്ട് ഒരുമാസം കഴിഞ്ഞ് ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വളമായി നൽകാം, തക്കാളിത്തണ്ടിന് കരുത്ത് കുറവായതിനാൽ താങ്ങ് നിർബന്ധമായും കൊടുക്കണം. നല്ല വളർച്ചയിലാണെങ്കിൽ ചെറു തണ്ടുകൾ മുറിച്ചു മാറ്റി ചെടിയുടെ ഭാരം കുറച്ച് കൊടുക്കണം. കൃത്യമായ പരിരക്ഷ നൽകിയാൽ രണ്ട് മാസത്തിനുള്ളിൽ കായ്ഫലമുണ്ടാകും.
തക്കാളി ചെടി രണ്ടുശിഖരമായി വളർത്തുക. കൂടുതൽ ശിഖരങ്ങൾ ഉണ്ടായാൽ ചെടിക്ക് കൂടുതൽ ഊർജം ഉപയോഗിക്കേണ്ടതായി വരും. തന്മൂലം കായ്കൾക്കു വലിപ്പം കുറവായിരിക്കും. രണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു സ്പൂൺ കക്കാപൊടി ഇട്ടുകൊടുക്കുന്നത് നല്ലതാണ്. തക്കാളി ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ വാട്ടം, ഇലപ്പുള്ളി രോഗം, കായ തുരപ്പൻ പുഴുക്കൾ എന്നിവയാണ്.
ഇലപ്പുള്ളി രോഗത്തിന് സോഡാപ്പൊടി, മഞ്ഞൾ മിശ്രിതം എന്നിവ ചാണകപ്പാൽ ലായനിയിൽ ചേർത്ത് തളിക്കുക. കായ്ത്തണ്ടു തുരപ്പൻ പുഴുക്കൾക്ക് വേപ്പിൻ കുരു സത്ത്, ഗോമൂത്രം, കാന്താരി മുളക് ലായനിയും തളിക്കാം. കൂടുതൽ തൈകൾ ഉണ്ടെങ്കിൽ വാട്ടമുള്ള ചെടികളെ ആദ്യമേ നശിപ്പിക്കുന്നതാണ് നല്ലത്.