കേരളത്തിലെ ഇല പൊഴിയും കാടുകളിൽ തേക്ക്, വെള്ളമരുത്, താന്നി, വെന്തേക്ക്, വേങ്ങ മുതലായവയുടെ കൂടെ കരിമരുത് കണ്ട് വരുന്നു. ഏതു തരത്തിലുള്ള മണ്ണിലും വളരുമെങ്കിലും അലൂവിയൽ മണ്ണാണ് അഭികാമ്യം. നീർവാർച്ചയില്ലാത്ത പ്രദേശങ്ങളിൽ വളരുവാനുള്ള കഴിവുണ്ട്.
സിൽവികൾച്ചറൽ പ്രത്യേകതകൾ
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഇലപൊഴിക്കുകയും ഏപ്രിൽ-മെയ് മാസങ്ങളോടെ പുതിയ ഇലകൾ ഉണ്ടാവുകയും ചെയ്യുന്നു. ഒരു പ്രകാശാർത്ഥി മരമാണിത്. നല്ല വളർച്ചക്ക് ചൂടും വെളിച്ചവും അത്യാവശ്യമാണ്.
കോപ്പിസിങ്ങിനുള്ള കഴിവ് അപാരമാണ്. നന്നായി പൊളാർഡ് ചെയ്യും. മെയ്-ജൂൺ മാസങ്ങളിൽ പൂവിടുകയും, ഫെബ്രുവരി - മാർച്ച് മാസത്തോടെ കായ്‌കൾ പാകമാകുകയും ചെയ്യുന്നു. മാർച്ച് - മെയ് മാസങ്ങളിൽ കായ്‌കൾ ശേഖരിക്കാം.
പുനരുത്ഭവം
മൂന്ന്-നാല് ദിവസം വെയിലത്തുണക്കിയ കായ്‌കൾ നഴ്സറിയിൽ നടുവാനുപയോഗിക്കാം. നഴ്സറിയിൽ പാകുന്നതിനു രണ്ട് ദിവസം മുമ്പ് വെള്ളത്തിൽ താഴ്ത്തി വയ്ക്കുന്നത് എളുപ്പത്തിൽ മുളക്കാൻ സഹായിക്കും. വിത്തിന്റെ്റെ പുറന്തോടിന് കട്ടിയുള്ളതു കാരണം അവ ചീയുന്നതിനു വേണ്ടി പാകിയ വിത്തുകൾ മണ്ണിനോട് നല്ലവണ്ണം ചേർക്കണം. അതിനു ശേഷം വിത്തിനു മീതെ മണ്ണ് വിതറിക്കൊടുക്കണം. ഒരു വർഷം പ്രായമായ തൈകളോ, അതിൽ നിന്നുണ്ടാക്കുന്ന സ്റ്റമ്പോ ഉപയോഗിച്ച് തോട്ടമുണ്ടാക്കാം. നാലഞ്ച് വർഷത്തേക്ക് വളർച്ച മോശമാണെങ്കിലും പിന്നീട് വേഗത്തിൽ വളരും.
പ്രവർദ്ധനം
കാട്ടിൽ മഴക്കാലത്തിനുശേഷം ധാരാളം തൈകൾ കിളിർത്തു വരും. ഇവ തീയിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടാൽ വേഗം വളരുകയും ചെയ്യും. കൃത്രിമ പ്രവർദ്ധനത്തിന് തടത്തിൽ രണ്ടോ മൂന്നോ ദിവസം വെള്ളത്തിൽ കുതിർത്ത് വിത്ത് പാകാം. നല്ല വെയിലുള്ള സ്ഥലത്താവണം തടം തയ്യാറാക്കുന്നത്.
കാട്ടിൽ നിന്ന് തൈകൾ ശേഖരിച്ചും തോട്ടം നിർമ്മിക്കാം. 2 മാസം പ്രായമായ തൈകൾ തോട്ടത്തിലേക്ക് പറിച്ചു നടാം. പിഴുതെടുക്കുമ്പോൾ വേരിന് കേടുവരാതെ നോക്കണം. പ്രായം കൂടുംതോറും തൈകൾക്ക് നീണ്ട വേര് ഉണ്ടാകുന്നു.
രോഗങ്ങൾ
ചീയൽ രോഗം സൃഷ്ടിക്കുന്ന ഡെഡലിയ ഫ്ളാവിഡ, ഗാനോഡെർമ ലൂസിഡം എന്നീ കുമിളുകൾ ആക്രമിക്കുന്നതായി കണ്ടിട്ടുണ്ട്. തടിക്ക് ചീയലേറ്റാൽ ഉടനെ മുറിച്ച് മാറ്റേണ്ടതാണ്.
മറ്റുപയോഗങ്ങൾ
തടിക്ക് ഈടും ഉറപ്പുമുള്ളതുകൊണ്ട് പാലം, കെട്ടിടം മുതലായവ നിർമ്മിക്കാനുപയോഗിക്കാം. തടി വിറകിനു കൊള്ളാം. പട്ടുനൂൽപ്പുഴു വളർത്തുവാൻ പറ്റിയ മരമാണിത്. വളരെക്കാലം വെള്ളത്തിനടിയിൽ കിടന്നാലും കേടു വരില്ല.