കരിങ്ങാലി ആറില പ്രായത്തിലാണ് തൈകൾ പറിച്ച് നടേണ്ടത്. നടീൽ സമയം ജൂൺ-ജൂലായ് മുതൽ ആഗസ്റ്റ് വരെ. അര മീറ്റർ നീളം, വീതി, താഴ്ച ഇവയുള്ള കുഴികൾ തയാറാക്കി മേൽമണ്ണും, ഒപ്പം കുഴിയൊന്നിന് 4 കിലോ ഉണങ്ങിയ കാലിവളവും ചേർത്ത് കുഴികൾ ഒരാഴ്ച വെറുതേ ഇടണം. തോട്ടം അടിസ്ഥാനത്തിൽ നടുമ്പോൾ വരികൾ തമ്മിലും കുഴികൾ തമ്മിലും 7 മീറ്റർ അകലം വേണം.
പോളിത്തീൻ കവർ മാറ്റിയശേഷം, കുഴിയുടെ നടുവിൽ ഒരു ചെറു കുഴികുത്തി തൈ നടാം. തണലും നനയും താങ്ങ് കൊടുക്കലും എല്ലാം അതത് സ്ഥലത്തെ ആശ്രയിച്ച് തീരുമാനിക്കണം.
ജലസേചനം
മൂന്നുവർഷത്തിന് മേൽ തികച്ചും മഴയെ ആശ്രയിച്ചു മാത്രം വളരാൻ കെൽപ്പുള്ള ഔഷധവൃക്ഷമാണ് കരിങ്ങാലി. പക്ഷേ, ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ മൂന്നു വർഷക്കാലം ബാലാരിഷ്ടതയെന്ന് കരുതി ജീവൻ നിലനിർത്താനുള്ള വെള്ളം വേനലിൽ നൽകണം. ജലസേചനം ആരംഭിച്ചാൽ വർഷകാലാരംഭം വരെ നേരിയ തോതിലെങ്കിലും തുടരണം. മേൽവളപ്രയോഗം ജൈവസമ്പത്തുള്ള മണ്ണിൽ ഒഴിവാക്കാം.
മറ്റു പരിചരണങ്ങൾ
നാലുവർഷക്കാലം വളർച്ച നിരീക്ഷിക്കണം. വേനലിൽ ചിലയിടങ്ങളിൽ ചെറുതൈകൾ ഇലപൊഴിക്കുന്നതായി കാണുന്നു. വീണ്ടും വർഷ കാലം വന്നെത്തുന്നതിനു മുൻപ് പ്രായപൂർത്തിയായ മരങ്ങളിലും കൊമ്പുണക്ക് ചില സ്ഥലങ്ങളിൽ കാണുന്നുണ്ട്. ഉണങ്ങിയ ഭാഗത്തിന് തൊട്ട് മുൻപ് വച്ച് ഉണങ്ങിയ പെൻസിൽ കനമുള്ള ശിഖരങ്ങൾ മുറിച്ച് മാറ്റി മുറിവായിൽ ഒരു ശതമാനം ബോർഡോക്കുഴമ്പ് പുരട്ടണം.
വർഷകാലം അവസാനിക്കുന്നതിന് മുൻപ്, അതായത് മണ്ണിന്റെ നനവ് നഷ്ടപ്പെട്ടു തുടങ്ങുന്നതിന് മുൻപെങ്കിലും തൈകളുടെ ചുവട്ടിൽ ഒരു മീറ്റർ ചുറ്റളവിൽ കരിയിലയോ മറ്റു ജൈവവസ്തുക്കളോ കൊണ്ട് പുതയിടണം.
വിളവെടുപ്പ്
പെൻസിൽ കനമുളളതണ്ടും പുഷ്പങ്ങളുമാണ് ചെറുസസ്യങ്ങളിൽ നിന്ന് ലഭിക്കാവുന്ന ഔഷധഗുണമുള്ള സസ്യഭാഗങ്ങൾ. വളർച്ചയുടെ തോത് നിരീക്ഷിച്ച് വേണം ഇളംതണ്ടുകൾ മൂന്നു വർഷത്തിന് താഴെ പ്രായമുള്ള തൈകളിൽ നിന്ന് ശേഖരിക്കുവാൻ. പുഷ്പങ്ങൾ ഏതു പ്രായത്തിലുള്ള സസ്യങ്ങളിൽ നിന്നും ശേഖരിക്കാം. 8-10 വർഷം പ്രായമായ മരങ്ങളിൽ നല്ല കാതൽ കാണാറുണ്ട്. ഒന്നോ രണ്ടോ മൂത്ത ശിഖരങ്ങൾ മുറിച്ച് കാതലിന്റെ വ്യാപ്തി മനസിലാക്കിയ ശേഷം മരം മുറിച്ച് കാതൽ ഔഷധാവശ്യത്തിനോ വിൽപ്പനയ്ക്കോ ഉപയോഗിക്കാം.