വിത്തുപാകിയും ചില്ലകൾ മുറിച്ചു നട്ടും കരിനൊച്ചി കിളിർപ്പിക്കാം. ചില്ലകൾ മൂന്നുമുട്ടു നീളത്തിൽ മുറിച്ചെടുത്ത് പോട്ടിംഗ് മിക്സചർ നിറച്ച ഗ്രോബാഗിൽ കിളിർപ്പിക്കുകയാണ് എളുപ്പമാർഗ്ഗം. വൻതോതിൽ കൃഷി ചെയ്യുമ്പോൾ ഏകവിളയായോ പറമ്പിന് അതിർവിളയായോ വേലിച്ചെടിയായോ കരിനൊച്ചി നട്ടുവളർത്താം.
മൂന്നു മീറ്റർ അകലത്തിൽ 45X45X45 സെന്റീമീറ്റർ വലുപ്പത്തിൽ കുഴിയെടുത്തതിൽ ജൈവവളങ്ങൾ ചേർത്ത് തൈ നടുക. മഴക്കാലാരംഭമാണ് നടീലിനു പറ്റിയ സമയം. വർഷംതോറും രണ്ടു തവണകളായി ജൈവവളം ചേർക്കണം. രണ്ടാംവർഷം തുടങ്ങി പത്താംവർഷംവരെ വിളവെടുക്കാം.
നടുവേദനയ്ക്ക് കരിനൊച്ചിയില
കരിനൊച്ചിയില ഉപയോഗിച്ച് നടുവേദനയകറ്റാനും കഴിയുന്നു. ഇതിന് ഒരു ഔൺസ് കരിനൊച്ചിയിലനീര് ശുദ്ധിചെയ്ത അരഔൺസ് ആവണക്കെണ്ണയുമായി മിശ്രണം ചെയ്തു രാവിലെ വെറും വയറ്റിൽ സേവിക്കുക. ഔഷധസേവ ഏഴുദിവസം തുടരുക. നീരോടുകൂടിയ നടുവേദനയും മാറുമെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു.
കരിനൊച്ചി ഇലയിൽ ധാന്വന്തരം തൈലം പുരട്ടി ചൂടാക്കി നടുവേദനയുള്ള ഭാഗത്ത് കിഴികുത്തുക. ഇലയുടെ ചൂടു കുറയുന്നതനുസരിച്ച് വേറെ വേറെ കിഴികളുപയോഗിച്ച് ഇതാവർത്തിക്കുക. നടുവേദന ശമിക്കും.
വിശേഷപ്പെട്ട ചികിത്സാക്രമം
നടുവേദനയ്ക്ക് കരിനൊച്ചിയില ഉപയോഗിച്ചുള്ള മറ്റൊരു വിശേഷപ്പെട്ട ചികിത്സാക്രമവുമുണ്ട്. ഇതുപ്രകാരം കരിനൊച്ചിയില, മുരിങ്ങയില, വാളൻപുളിയില, ആവണക്കില, കരിങ്ങോട്ടയില, നീല ഉമ്മത്തിന്റെ ഇല, വാതക്കൊടിയില, വെള്ള എരിക്കില ഇവ ഒരുപിടി വീതവും രണ്ടു ചെറുനാരങ്ങയും എടുത്ത് നന്നായി അരിയുക. ഇതോടൊപ്പം പതിനഞ്ചുഗ്രാം ശതകുപ്പയും പതിനഞ്ചുഗ്രാം ഇന്തുപ്പു പൊടിച്ചതും നന്നായി വിളഞ്ഞ നാളികേരം ഒരുമുറി ചിരവിയെടുത്തതും മിശ്രണം ചെയ്യുക.
ഇരുമ്പുകൊണ്ടുള്ള ചീനച്ചട്ടിയിൽ വേപ്പെണ്ണ ഒഴിച്ച് മേൽപറഞ്ഞ മിശ്രിതം അതിലിട്ടുവറുത്ത് നാളികേരം ചുവന്നുതുടങ്ങുമ്പോൾ വാങ്ങി രണ്ടുകിഴിയാക്കി കെട്ടുക. ചീനച്ചട്ടിയിൽ വീണ്ടും വേപ്പെണ്ണയൊഴിച്ച് ഈ കിഴികൾ ചൂടാക്കി സഹിക്കാവുന്ന ചൂടിൽ നടുവേദനയുള്ളിടത്ത് കിഴികുത്തുക. കിഴികുത്തും മുമ്പ് രോഗി സാധാരണ ഉപയോഗിക്കാറുള്ള ധാന്വന്തരം പോലുള്ള അനുയോജ്യമായ തൈലങ്ങളേതെങ്കിലും ശരീരഭാഗത്തു പുരട്ടേണ്ടതാണ് .
വാതംമൂലം സന്ധികളിലുണ്ടാകുന്ന നീര് കരിനൊച്ചിയില അരച്ചിട്ടാൽ കുറയും.