നമ്മുടെ നാട്ടിൽ നില നിൽക്കുന്ന പല അനുഷ്ടാനങ്ങൾക്കും ആചാരങ്ങൾക്കും ശാസ്ത്രീയമായ ഒരു അടിത്തറ ഉണ്ട് എന്ന് തോന്നാറുണ്ട്.
അത്തരത്തിൽ ഒന്നാണ് വൃശ്ചിക മാസത്തിലെ കാർത്തിക വിളക്ക്. മുണ്ടകൻ കൃഷിയുടെ മധ്യ കാലമാണ് വൃശ്ചിക മാസം. തണ്ട് തുരപ്പൻ പുഴുവിന്റെയും ഓലചുരുട്ടിയുടെയും ശലഭങ്ങൾ വലിയ അളവിൽ പാടശേഖരങ്ങളിൽ ഉള്ള സമയം. പച്ചക്കറികളിൽ ചാഴി, കായ് തുരപ്പൻ, തെങ്ങിൽ കൊമ്പൻ -ചെമ്പൻ ചെല്ലികൾ ഇവയൊക്കെ വ്യാപകമായി കാണപ്പെടും.
ഈ ഒരു ദിവസം കേരളത്തിൽ വീടുകളിലും പറമ്പുകളിലും അമ്പലങ്ങളിലും ഒരേ സമയം കത്തിച്ചു വയ്ക്കുന്ന കോടിക്കണക്കത്തിന് ദീപങ്ങളുടെയും പന്തങ്ങളുടെയും ജ്വാലയിൽ എരിഞ്ഞു തീരുന്നതു എത്ര കോടി കീടങ്ങൾ ആയിരിക്കും.
അത് മാത്രമോ? ആ ദിവസം വിവിധയിനം കിഴങ്ങു വർഗങ്ങളുടെ പുഴുക്ക് കഴിക്കണം എന്ന വിശ്വാസം ഉള്ളത് കൊണ്ട് എത്ര ടൺ ചീനിയും ചേനയും കാച്ചിലും ചേമ്പും കിഴങ്ങും വിറ്റു പോകുന്നുണ്ടാകും. അതിലൂടെ എത്ര കർഷകർക്ക് നല്ല വില ലഭിക്കുണ്ടാകും?
എത്ര ലിറ്റർ വിളക്കെണ്ണ വില്ക്കപ്പെടുന്നുണ്ടാകും.
അതിനായി എള്ളൂ കൃഷി ചെയ്ത എത്ര കർഷർക്ക് വരുമാനം ലഭിച്ചിട്ടുണ്ടാകും?
അപ്പോൾ കർഷകരെ സഹായിക്കാനും കീടങ്ങളെ നിയന്ത്രിക്കാനും ഒക്കെ ആയി ചിട്ടപ്പെടുത്തിയിട്ടുള്ള ഈ കാർഷിക അനുഷ്ഠാനനങ്ങൾ കൈമോശം വരാതെ സൂക്ഷിക്കാൻ നമുക്ക് ആകട്ടെ