കറുവയുടെ വിത്തുമുളച്ചുണ്ടാകുന്ന തൈകളാണ് പ്രധാനമായും നടീൽ വസ്തു. പരപരാഗണ പ്രധാനമായ വിളയായതുകൊണ്ട് മാതൃവൃക്ഷത്തിന്റെ ഗുണവിശേഷങ്ങൾ വിത്ത് നട്ടുണ്ടാകുന്ന ചെടികളിൽ നിന്ന് ലഭിക്കണമെന്നില്ല. തൻമൂലം, മാതൃഗുണങ്ങൾ സംരക്ഷിക്കുന്നതിന് കായിക പ്രവർദ്ധനരീതികളാണ് അവലംബിക്കേണ്ടത്. കമ്പുമുറിച്ചു നട്ടും, പതിവച്ചും, ടിഷ്യൂകൾച്ചർ വഴിയും ഇത് സാധിക്കാം.
നടീലും വിളപരിചരണവും
അങ്കുരണ ശേഷി വളരെ വേഗം നഷ്ടമാകുന്നതിനാൽ വിത്ത് ശേഖരിച്ചതിനുശേഷം ഉടനെ തന്നെ പാകി മുളപ്പിക്കേണ്ടതാണ്. വിത്തു മുളയ്ക്കാൻ 2-3 ആഴ്ച സമയമെടുക്കും. മെയ്-ജൂൺ മാസങ്ങളാണ് വിത്ത് പാകാൻ പറ്റിയ സമയം. പാകിയ വിത്തുകൾ നാല് മാസമാകുമ്പോൾ പോളി ബാഗിലേക്കു പറിച്ചു നടാം. ഏതാണ്ട് 10-12 മാസം പ്രായമെത്തിയ തൈകൾ 2-3 മീറ്റർ അകലത്തിൽ കൃഷി ചെയ്യാം. തൈകൾക്ക് തണലും ജലസേചനവും നൽകണം.
നടുമ്പോൾ ചെടി ഒന്നിന് 20 കി.ഗ്രാം എന്ന കണക്കിൽ ചാണകമോ കമ്പോസ്റ്റോ ഇട്ട് കൊടുക്കണം. കൂടാതെ ആദ്യവർഷം ചെടി ഒന്നിന് 20:20:25 ഗ്രാം എന്ന കണക്കിൽ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കൊടുക്കണം. വർഷം തോറും ഇവയുടെ അളവ് ക്രമമായി വർദ്ധിപ്പിച്ച് ആറാം വർഷം മുതൽ ചെടിയൊന്നിന് 50 കി.ഗ്രാം ചാണകം, 200:180:200 ഗ്രാം പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ രണ്ടുതവണയായി ജൂൺ, ഒക്ടോബർ മാസങ്ങളിൽ നൽകണം. രണ്ടു മൂന്ന് പ്രാവശ്യം കളയെടുക്കുകയും പുതയിടുകയും വേണം.