സാമാന്യം സൂര്യ പ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതും ജൈവാംശം ധാരാളമുള്ളതുമായ തെങ്ങിൻ തോപ്പുകളിൽ കസ്തൂരി മഞ്ഞൾ കൃഷി ചെയ്യാം. കാലവർഷാരംഭത്തോടുകൂടി സ്ഥലം നന്നായി കിളച്ചൊരുക്കി പാഴ്വസ്തുക്കൾ നീക്കം ചെയ്യണം. ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നതു പോലെ ചതുരത്തിൽ വാരങ്ങളെടുത്ത് നന്നായി ജൈവ വളങ്ങൾ ചേർക്കണം.
ചാണകപ്പൊടി, എല്ലുപൊടി, പിണ്ണാക്ക്, മണ്ണിര വളം, ഇവ ചേർക്കാം. വാരങ്ങളിൽ ഒരടിയകലത്തിൽ പിള്ളക്കുഴികളെടുത്ത് ചാണക പൊടി നിറച്ച് ആരോഗ്യമുള്ള കിഴങ്ങു ( ഭൂകാണ്ഡ)കഷണങ്ങൾ നടാം. പുതയിട്ട് കൃത്യമായി കള പറിക്കണം. മഴക്കാലത്ത് പച്ചില പുതയിടുന്നതും ചാണക പാൽ തളിക്കുന്നതും, ചാരം തൂവി കൊടുക്കുന്നതും വിളവു കൂട്ടും. എട്ടു മാസം കഴിയുമ്പോൾ ഇലകൾ കരിഞ്ഞു തുടങ്ങുന്ന സമയത്ത് കിഴങ്ങുകൾ ശ്രദ്ധാ പൂർവ്വം കിളച്ചെടുക്കാം. മൂർച്ചയുള്ള കത്തികൊണ്ട് കീറി ഉണക്കി വിപണനം ചെയ്യാം. കിലോഗ്രാമിന് 250 മുതൽ 500 രൂപവരെ വില ലഭിക്കും.
ചെടിച്ചട്ടികളും ഗ്രോബാഗുകളിലും ഒഴിഞ്ഞ പ്ലാസ്റ്റിക് അരിച്ചാക്കുകളിലും ഇത് കൃഷി ചെയ്യാം. ഇതിലേക്കായി 1: 1: 1 അനുപാതത്തിൽ മേൽമണ്ണ്,ആറ്റുമ ണൽ,ചാണകപൊടി, എന്നിവ നന്നായി കൂട്ടികലർത്തിയ മിശ്രിതം ഉപയോഗി ക്കാം. വിത്ത് നടുന്നതിന് മുൻപ് രണ്ട് ശതമാനം വീര്യമുള്ള (രണ്ട് ഗ്രാം സ്യൂടോമോണസ് നൂറ് മില്ലി ലിറ്റർ വെള്ളത്തിൽ സ്യൂടോമോണസ് ലായനിയിൽ മുപ്പത് മിനിട്ട് മുക്കി വയ്ക്കുന്നത് പ്രതി വാരങ്ങളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. പുതയിട്ട് ഈർപ്പം നിലനിർത്തി രണ്ട് മുന്ന് മാസം വളർച്ചയെത്തുമ്പോൾ ജൈവവളങ്ങൾ ചേർത്തു കൊടുക്കാവുന്നതാണ് .
കസ്തൂരി മഞ്ഞൾ പൊടിയും, പാൽ പാടയും പനിനീരും കൂടി ഇളക്കിയെടുക്കുന്ന കുഴമ്പ് ദിവസവും ഒരു മണിക്കൂർ മുഖത്തിട്ടാൽ മുഖകാന്തി വർദ്ധിക്കും. ചിക്കൻ പോക്സ് പിടിച്ചുണ്ടാകുന്ന പാടുകളും, അല്ലാതെ ഉള്ള തൊലിയിലെ പാടുകളും മാറ്റുവാൻ കസ്തൂരി മഞ്ഞൾ രക്തചന്ദനം മഞ്ചട്ടി ഇവയരച്ച് നീലയമരിയില നീരിൽ പേസ്റ്റക്കിയിടണം. മാറാത്ത കറുത്ത പാടുകൾ പോലും മാറി മുഖം മനോഹരമാകും.