വിത്താണ് തൈലത്തിന് ആധാരം. പച്ചക്കറിക്കുപയോഗിക്കുന്ന വെണ്ടയുടേത് പോലെ തന്നെയാണ് ഇതിന്റെ സസ്യഭാഗങ്ങളും.
മധ്യഭാഗത്ത് പർപ്പിൾ നിറമുള്ള തെളിഞ്ഞ മഞ്ഞ നിറത്തിലുള്ള പൂക്കളാണ് കസ്തൂരി വെണ്ടയുടേത്. കായ്കൾ സാധാരണ വെണ്ടയുടേത് പോലെ ആണെങ്കിലും കുറച്ചുരുണ്ട് നീളം കുറഞ്ഞതാണ്.
3.8 സെ. മീ.വ്യാസവും പിങ്ക് കലർന്ന പച്ച നിറവും പാകമാകുമ്പോൾ കറുത്ത നിറവുമാണ്. ഒരു കായ്ക്കുള്ളിൽ 90-100 വൃക്കയുടെ ആകൃതിയിലുള്ള വിത്തുകൾ അടുക്കി വെച്ചിരിക്കും. സുഗന്ധതൈലം അടങ്ങിയിരിക്കുന്ന ഈ വിത്തുകൾക്ക് കറുപ്പോ തവിട്ടുനിറമോ ആയിരിക്കും.
കസ്തൂരി വെണ്ടയുടെ നടീൽ വസ്തു വിത്താണ്. ജൈവാംശവും നല്ല നീർവാർച്ചയുമുള്ള മണ്ണിൽ ഈ സസ്യം തഴച്ചു വളരും. സുഷുപ്താവസ്ഥ തീരെയില്ലാത്ത ഇതിന്റെ വിത്തിന് 80% അങ്കുരണശേഷിയുണ്ട്.
വിത്തിലുള്ള കൊഴുപ്പുള്ള തൈലം ആവിസ്വേദനവും ലയനവും നടത്തിയാണ് വേർതിരിച്ചെടുക്കുന്നത്. ഈ തൈലത്തിൽ സിഫാലിൻ, ഫോസ്ഫറ്റിഡയിൽ സെറിൻ, ഫോസ്ഫറ്റിഡയിൽ കോളിൺ പ്ലാസ്മലോഗൻ എന്നിവ അടങ്ങിയിരിക്കുന്നു.
ത്വക്ക് രോഗങ്ങൾക്കും, ഞരമ്പ് രോഗങ്ങൾക്കും ഛർദ്ദിക്കും, ആമാശയ സംബന്ധമായ രോഗങ്ങൾക്കും ഒരു ഉത്തമ ഔഷധമാണിത്. കൂടാതെ ചന്ദനതിരി. വിവിധതരം പരിമളവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് വിത്തിൽ നിന്നും ലഭിക്കുന്ന ആംബെറ്റി തൈലം ഉപയോഗിച്ചുവരുന്നു.