ഭക്ഷ്യനാരുകൾ കൂടുതലായി കാണപ്പെടുന്ന ചെറു ധാന്യമാണ് വരക്. പ്രോട്ടീനും, ആന്റിഓക്സിഡന്റ്സും ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് അത്യുത്തമം ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വരണ്ട കാലാവസ്ഥയാണ് ഈ വിളക്ക് ഏറ്റവും അനുയോജ്യം.
വരൾച്ചയെ അതിജീവിക്കുവാൻ കഴിയുന്ന വിളയായതുകൊണ്ട് 400 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന മഴ നിഴൽ പ്രദേശങ്ങളിൽ പോലും വരക് കൃഷി ചെയ്യാം. ഏതു മണ്ണും അനുയോജ്യമാണെങ്കിലും നല്ല നീർവാഴ്ചയും, ഈർപ്പവുമുള്ള ഫലപുഷ്ടിയുള്ള മണ്ണിൽ ഈ വിള സമൃദ്ധമായി വളരുന്നു.
കാലവർഷത്തിന്റെ ആരംഭത്തോടുകൂടി കൃഷി തുടങ്ങാവുന്നതാണ്. CO-3, GPU-K3 തുടങ്ങിയ ഇനങ്ങൾ കൃഷിക്ക് മഹത്തരമാണ്. വരിയായി നടുമ്പോൾ ഹെക്ടറൊന്നിന് 10 കിലോഗ്രാമും നേരിട്ടു വിതയ്ക്കുമ്പോൾ 15 കിലോഗ്രാം വിത്ത് വേണ്ടിവരുന്നു.
അടിവളമായി ഹെക്ടറൊന്നിന് 5 മുതൽ 7.5 ടൺ വരെ കാലിവളം ചേർത്ത് നിലമൊരുക്കി 20:20:20 കിലോഗ്രാം എന്ന കണക്കിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസിയം ചേർക്കണം. മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിൽ നൈട്രജൻ തുല്യ ഗഡുക്കളായി, അടിവളമായും, വിതച്ച് 35-40 ദിവസം കഴിഞ്ഞ് മേൽ വളമായും പ്രയോഗിക്കണം ഒരു കിലോഗ്രാം വിത്തിന് 25 ഗ്രാം എന്ന തോതിൽ അസോസ്പിരില്ലം പുരട്ടിയും വിതയ്ക്കാവുന്നതാണ്.
അനുകൂലമായ സാഹചര്യമാണെങ്കിൽ ഹെക്ടറൊന്നിന് 2.5 ടൺ ധാന്യവും 4 ടൺ വയ്ക്കോലും വിളവു പ്രതീക്ഷിക്കാം.