ഗാർഹിക ഔഷധാവശ്യം മുൻനിർത്തിയും വിപണനാവശ്യത്തിനായും നട്ടുവളർത്താൻ പറ്റിയത് ചുവന്ന കൊടുവേലിയാണ്. നീർവാർച്ചാ സൗകര്യവും നല്ല മണ്ണിളക്കവും സാമാന്യമായെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് ഇത് കൃഷിചെയ്യാം. തണ്ട് മൂന്നു മുട്ട് നീളത്തിൽ മുറിച്ചെടുത്ത് ഒരു മുട്ടെങ്കിലും മണ്ണിൽ താഴ്ത്തിനട്ട് ചുവന്ന കൊടുവേലി കിളിർപ്പിക്കാം. പരസ്പരം 75 സെ.മീ. അകലത്തിൽ ഇതു നടാം. കാലിവളം ഉൾപ്പെടെയുള്ള ജൈവവളങ്ങളേതും ഇതിന്റെ കൃഷിയിലുപയോഗിക്കാം.
ഒന്നരവർഷം പ്രായമെത്തുമ്പോൾ കൊടുവേലിയുടെ വിളവെടുക്കാം. ചെടിയുടെ വേര് (കിഴങ്ങ്) ശേഖരിക്കാം. വേരിന് പച്ചയ്ക്ക് കിലോഗ്രാമിന് ഇപ്പോൾ മുപ്പത് നാല്പത് രൂപ വിലയുണ്ട്. വേരിന് തൊണ്ണൂറ് നൂറ്റിയിരുപത് രൂപവരെ വില വർധിച്ച അവസരമുണ്ടായിട്ടുണ്ട്. വിലക്കുറവോ വിപണന മാന്ദ്യമോ മൂലം വിളവെടുപ്പ് വൈകിയാലും കുഴപ്പമില്ല. ഏറെക്കാലം നിലനില്ക്കുന്ന ഒരു ഔഷധച്ചെടിയാണിത്
സംസ്കൃതഭാഷയിൽ അഗ്നി, ചിത്രക തുടങ്ങിയ നാമധേയങ്ങൾ കൊടുവേലിക്കുണ്ട്. പേര് അന്വർഥമാക്കുംവിധം തീക്ഷ്ണസ്വഭാവമുള്ള ഒന്നാണ് ഇതിന്റെ കിഴങ്ങ്, കൊടുവേലിക്കിഴങ്ങിന്റെ നീര് ഉള്ളംകൈ ഒഴികെ ശരീരഭാഗങ്ങളിലെവിടെ പറ്റിയാലും തീപ്പൊള്ളൽ കൊണ്ടെന്നപോലെ കുമിളയ്ക്കും. അതിനാൽ വിളവെടുപ്പു നടത്തുമ്പോഴും ഔഷധാവശ്യത്തിന് കിഴങ്ങ് കൈകാര്യം ചെയ്യുമ്പോഴും കൈയുറ ധരിക്കുന്നത് നന്ന്.
കൊടുവേലിക്കിഴങ്ങിന്റെ ഉള്ളിലെ നാരുനീക്കിയും ശുദ്ധി ചെയ്തുമാണ് ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കാറ്. ശുദ്ധിചെയ്യാൻ മുഖ്യമായും മൂന്നു മാർഗ്ഗങ്ങൾ അവലംബിക്കാം. ഒന്നാമത്തെ മാർഗ്ഗം ഇതിന്റെ നാരുകളഞ്ഞ് അരിഞ്ഞ് ചുണ്ണാമ്പുവെള്ളത്തിലിട്ടു വെച്ച് കഴുകിയെടുത്ത് ശുദ്ധി ചെയ്യുകയാണ്. പശുവിൻ ചാണകം കലക്കിയ വെള്ളത്തിൽ പുഴുങ്ങിയും ഇത് ശുദ്ധി ചെയ്യാം. ഇതിന് പകരം ചാണകനീരിൽ ഒരു ദിവസം മുഴുവൻ ഇട്ടുവെച്ചശേഷം കഴുകിയെടുത്താലും മതി.