മുൻകാലങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും, പാതയോരങ്ങളിലും, കുന്നുകളിലും, മലകളിലുമെല്ലാം നിറയെ പൂത്ത് നിന്നിരുന്ന നാടൻ ചെടിയായിരുന്നു കൊങ്ങിണി. എന്നും പൂക്കളുണ്ടാവുന്ന കൊങ്ങിണിയുടെ നിരവധി ഇനങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട്. പൂന്തോട്ടത്തിന്റെ വേലിയായും പലതരം സങ്കരഇനങ്ങൾ നട്ടു വരുന്നുണ്ട്.
പുഷ്പങ്ങളുടെ രൂപം, നിറം, ഇലയുടേയും പുക്കളുടേയും വലുപ്പം എന്നിവയിലും ഒരു പാട് വ്യത്യസ്തതയുള്ള ഇനങ്ങൾ കണ്ടുവരുന്നു. പരുപരുത്ത പ്രതലത്തോടു കൂടിയ ഇലകളാണ് ഇവയ്ക്കുള്ളത്. നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്ന കൊങ്ങിണിച്ചെടിയിൽ പൂവ് ആദ്യം വിരിയുമ്പോൾ മഞ്ഞ നിറമായിരിക്കും. ക്രമേണ അത് ഓറഞ്ചു കലർന്ന ചുമപ്പുനിറമായി മാറുന്നു. മുകൾ ഭാഗം പരന്ന പൂക്കളാൽ നിറഞ്ഞ പൂങ്കുലകൾ ചുമപ്പ്, മഞ്ഞ, വെള്ള എന്നിങ്ങനെ നിരവധി നിറങ്ങളിൽ കാണുന്നു.
നടീൽ രീതികൾ
നേരിട്ട് മണ്ണിലും ചെടിച്ചട്ടിയിലും കൊങ്ങിണി കമ്പ് നട്ടുപിടിപ്പിക്കാം. നല്ല നീർവാർച്ചയുള്ള സ്ഥലങ്ങളിൽ രണ്ട് ഭാഗം മണ്ണ്, രണ്ട് ഭാഗം മണലും, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയും ചേർത്തുണ്ടാക്കുന്ന പോട്ടിംഗ് മിശ്രിതം ചട്ടിയിലോ, കുഴിയിലോ നിറച്ച് കമ്പ് നട്ടു കൊടുക്കാം. മിതമായി മാത്രം വളവും നനയും ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ്. വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന ഇതിന് ഒരു പരിധിവരെ ഏത് കാലാവസ്ഥയിലും നന്നായി വളരാൻ കഴിയും. വളരെ അനായാസം വേര് പിടിച്ച് വളരുന്ന ഒരു ചെടിയാണ് കൊങ്ങിണി.
ഇനങ്ങൾ
കൊങ്ങിണിയിലെ മികച്ച ഇനങ്ങളാണ് ന്യൂഗോൾഡ്, ഫെസ്റ്റിവൽ എന്നിവ. ചുമപ്പും മഞ്ഞയും പിങ്കും പൂക്കൾ ഇടകലർന്ന നിലയിൽ ഫെസ്റ്റിവൽ ഇനത്തിൽ കാണുമ്പോൾ സ്വർണ്ണമഞ്ഞനിറമുള്ള പൂക്കളാണ് ന്യൂഗോൾഡിന്റേത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടു കൂടിയ ഉദ്യാന ഇനങ്ങളുമുണ്ട്. ഒരു പൂവിൽ തന്നെ വ്യത്യസ്ത നിറങ്ങളും ഇതിൽ കാണപ്പെടുന്നു.