പ്രതാനങ്ങൾ അഥവാ ടെൻഡിലുകൾ ഉപയോഗിച്ച് താങ്ങുകളിൽ പടർന്നു വളരുന്ന സസ്യമാണ് കോവൽ. മത്തന്റെ കുടുംബമായ കുക്കുർബിറ്റേസിയെ കുടുംബത്തിൽപെട്ട കോവലിനെ ഇംഗ്ലീഷുകാർ ഐവി ഗോർഡ്, ബേബി വാട്ടർ മെലോൺ, ജന്റിൽമാൻസ് ടോസ് (gentleman's toes) എന്നീ പേരുകൾ വിളിക്കുന്നു. കോവൽ പ്രധാനമായി രണ്ടിനമുണ്ട്. കയ്പ്പൻ കോവൽ അഥവാ കാട്ടുകോവൽ കൂടുതൽ ഔഷധഗുണമുള്ളതാണ്. കയ്പ്പില്ലാത്ത കോവൽ ആണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. കേരളത്തിൽ പിതൃക്കൾക്കു ബലിയിടുന്ന സന്ദർഭത്തിൽ കോവൽ ഉപയോഗിക്കാറുണ്ട്.
കൃഷിരീതി
മെയ്-ജൂൺ മാസങ്ങളും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളുമാണ് ഇത് നടാൻ കൂടുതൽ അനുയോജ്യം. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കോവൽ കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. ചാണകപ്പൊടിയും കമ്പോസ്റ്റും ചേർത്ത് സമ്പുഷ്ടമാക്കിയ മണ്ണ് കൂന കൂട്ടിയോ തടം കോരിയോ കോവൽ നടുന്നതിനു പ്രയോജനപ്പെടുത്താം. പഴുത്ത കോവൽക്കായിൽ നിന്നുള്ള വിത്തുകൾ മുളച്ചു വളർന്ന് തൈകളുണ്ടാകാറുണ്ടെങ്കിലും ഉത്പാദനശേഷിയുള്ള പെൺചെടിയിൽ നിന്നും അധികം വണ്ണമില്ലാത്തതും മൂപ്പില്ലാത്തതുമായ കാണ്ഡം 30 40 സെമീ നീളമുള്ളതും 3-4 മുട്ടുകളുള്ളതുമായി വെട്ടിയെടുത്തു നടീൽ വസ്തുവായി ഉപയോഗിക്കുന്ന രീതിയാണു കൂടുതൽ അഭികാമ്യം. ഇത്തരത്തിലുള്ള സസ്യങ്ങൾ വിത്തു മുളച്ചുണ്ടാകുന്നവയെക്കാൾ പുഷ്ടിയോടെ വളരുന്നു.
പാകത്തിനു നന കൊടുത്താൽ വളരെ വേഗം തന്നെ കാണ്ഡം മുളച്ചു വളർന്നു തുടങ്ങും. ഇവയ്ക്കു പടരാൻ ആവശ്യത്തിന് താങ്ങുകൾ സൗകര്യമായി സസ്യത്തിനടുത്തായി നാട്ടിക്കൊടുക്കണം. വളർന്നുകഴിയുമ്പോൾ തുടർന്നു പടരുന്നതിന് പന്തലിട്ടു കൊടുക്കണം. ഒരാൾ പൊക്കത്തിൽ വളരുമ്പോൾ ഒരു തടത്തിന് 2.5 കി ഗ്രാം എന്ന നിരക്കിൽ ജൈവവളം ചേർത്തു ക്രമമായി നനയ്ക്കണം.
കായ്കൾ ഉണ്ടായിത്തുടങ്ങിയാൽ അവ മുറ്റുന്നതിനു മുമ്പു തന്നെ വിളവെടുക്കണം. മുറ്റിക്കഴിഞ്ഞാൽ പുറമേ പച്ചനിറമായിരിക്കുമെങ്കിൽ കൂടി അകം ചുവന്നിരിക്കും ഈ അവസ്ഥയിൽ കറികൾക്കുപയോഗിച്ചാൽ നേർത്ത പുളിരസമനുഭവപ്പെടും. കോവൽ വള്ളികൾ മൂപ്പെത്തിക്കഴിഞ്ഞാൽ കാലം കുറയും. ആ അവസ്ഥയിൽ ചെടി വെട്ടിമാറ്റി പുതിയ ചെടി നടേണ്ടതാണ്.
ഇലകൾ തിന്നു നശിപ്പിക്കുന്ന ചുവന്ന വണ്ടുകൾ, കായീച്ചകൾ തുടങ്ങിയവയാണ് കോവലിനെ ബാധിക്കുന്ന കീടങ്ങൾ. നേർപ്പിച്ച ഗോമൂത്രം സ്പ്രേ ചെയ്യുന്നതും പുളിച്ച കഞ്ഞിവെള്ളം സ്പ്രേ ചെയ്യുന്നതും കീടബാധയെ ചെറുക്കുകയും ചെടിയുടെ വളർച്ചയെ പോഷിപ്പിക്കുകയും ചെയ്യും.