കേരളത്തിലെ നാട്ടുവഴികളോട് ചേർന്നുള്ള വേലിക്കരികിലും വീട്ടുമുറ്റങ്ങളിലും നീലവസന്തമെന്ന പോലെ പൂത്തു നിന്ന ചെടിയാണ് കൃഷ്ണനീല അഥവാ നീല കോളാമ്പി. ഒരേ സമയം കുറ്റിച്ചെടിയായും വള്ളിച്ചെടിയായും വളർത്താൻ പറ്റുന്ന ഒരു സസ്യമാണിത്. ഭാഗികമായ തണലിലും നന്നായി വളരുന്നു. ഗ്രോബാഗ് കൃഷിക്കും ഇത് അനുയോജ്യമാണ്. ജൈവവളങ്ങൾ പ്രത്യേകിച്ചും കമ്പോസ്റ്റ് വളം മാത്രം നൽകിയാൽ നന്നായി വളരുന്ന സസ്യമാണിത്. കാര്യമായ രോഗകീടബാധകൾ ഇതിനുണ്ടാകാറില്ല.
പൂക്കളിലെ നീലരാജ്ഞി
വേലിക്കരികിലാണെങ്കിലും, രാജകീയതയുടെ നിറച്ചാർത്തിൽ പൂത്തുലഞ്ഞു നിന്ന ചെടിയാണ് കൃഷ്ണനില. പച്ചയും നീലയും തമ്മിൽ സമ്മേളിക്കുമ്പോഴുള്ള നിറക്കൂട്ടിന്റെ അവാച്യമായ ഒരനുഭൂതി സമ്മാനിക്കുന്ന മനോഹര പുഷ്പം. എന്നാൽ കാടു പോലെ വളരാൻ തുടങ്ങിയ നീലക്കോളാമ്പി എന്നു കൂടി വിളിച്ചിരുന്ന ഈ ചെടി പതിവായ കാഴ്ചയുടെ മടുപ്പെന്നോണം നാട്ടിൻപുറങ്ങളിൽ നിന്നുപോലും പ്രഭാവം ഇനിയും തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
ആധുനിക രീതിയിലുള്ള ഉദ്യാനത്തിലും, ചട്ടിയിലും, ഗ്രോബാഗിലും വളർത്താൻ കഴിയുന്ന കൃഷ്ണനീലയെ ഒരു പരിഷ്കാരിയാക്കി വെട്ടിയൊതുക്കി നിർത്തിയാൽ തനിനാടൻ എന്നതിൽ നിന്നും ഒരു മോചനമുണ്ടായി. ഉദ്യാനത്തിൽ ഒരുപക്ഷേ വീണ്ടും അത് നീല മേലങ്കി ചാർത്തി പൂക്കളിലെ നീലരാജ്ഞിയായി മാറിയേക്കാം.