ദുർമേദസ്സ് അഥവാ പൊണ്ണത്തടിയാണ് പല ജീവിതശൈലീരോഗങ്ങളുടെയും അടിസ്ഥാനം. ദുർമേദസ്സ് കുറയ്ക്കാൻ സഹായകമായ പ്രകൃതിദത്ത ഔഷധമാണ് കുടമ്പുളി
കുടമ്പുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് (HCA) ആണ് ഇതിനു നിദാനം. ഇത് വിശപ്പ് നിയന്ത്രിക്കാനും കൊഴുപ്പ് കത്തിച്ചു കളയാനും ശരീരഭാരം കുറയ്ക്കാനും ഉപകരിക്കുന്നു.
ശരീരത്തിലെ കൊഴുപ്പുല്പാദനവും ഗണ്യമായി കുറയ്ക്കും. അല്പ ഭക്ഷണം കഴിക്കുമ്പോൾത്തന്നെ വയറു നിറഞ്ഞ സംതൃപ്തി നല്കും. അങ്ങനെ അമിത ഭക്ഷണത്തോട് താല്പര്യമില്ലാതെയാകും. മസ്തിഷ്കത്തിലെ സെറോട്ടോണിൻ (serotonin) എന്ന ഹോർമോണിൻ്റെ അളവ് വർധിപ്പിക്കാനുള്ള കഴിവ് HCA യ്ക്കുണ്ട്. സെറോട്ടോണിനാകട്ടെ വിശപ്പ് കുറയ്ക്കാൻ / നിയന്ത്രിക്കാൻ കഴിയും.
ഇങ്ങനെയാണ് കടമ്പുളി ഭക്ഷണത്തോട് താല്പര്യം കുറച്ച് അമിതഭക്ഷണം ഒഴിവാക്കി ദുർമേദസ്സ് നിയന്ത്രിക്കാൻ ഇടയാക്കുന്നത്.
ഇതോടൊപ്പം പുതുതായി കൊഴുപ്പമ്ലങ്ങളുടെ ഉല്പാദനം കുറയ്ക്കും. വയറിനടിയിൽ കൊഴുപ്പടിയുന്നത് തടയാനും കുടമ്പുളിക്ക് കഴിവുണ്ട്. കൊഴുപ്പിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന 'സിട്രേറ്റ് ലയേസ്' (Citrate Lyase) നിമിത്തമുണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് നീർവീക്കം (Edema). എന്നാൽ കുടമ്പുളിയുടെ ഉപയോഗം മൂത്രവിസർജനം ക്രമീകരിച്ച് ശരീരം ശുദ്ധീകരിക്കുകയും ഇതരരോഗാവസ്ഥകൾ ഒഴിവാക്കുകയും ചെയ്യും.
പ്രകൃതിദത്ത അമ്ലത നിവാരണി
ആമാശയത്തിലുണ്ടാകുന്ന അധികരിച്ച അമ്ലത നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങളെയാണ് അൻ്റാസിഡുകൾ (antacid) എന്നു പറയുന്നത്. കുടമ്പുളി ഒരു പ്രകൃതിദത്ത അൻ്റാസിഡാണ്. ഇതു വഴി ഇത് ശരിയായ ദഹനത്തിന് സഹായിക്കുന്നു. ഇങ്ങനെ അന്നനാളം, കുടൽസംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കുന്നു. കുടമ്പുളിത്തോട് ഫ്രഷ് തൈരും ഉപ്പും ചേർത്ത് കഴിക്കുന്നത് വയറ്റിലെ അൾസർ, എരിച്ചിൽ എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണെന്ന് ആയുർവേദ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു.