ത്വക്ക് രോഗം ശമിപ്പിക്കുന്ന ഔഷധ സസ്യമാണു കുറുന്തോട്ടി. ആയുർവേദ ഔഷധങ്ങളിലെ മുഖ്യചേരുവ കേരളം ആയുർവേദ ഔഷധത്തിനാവശ്യമായ 80 ശതമാനം കുറുന്തോട്ടിയും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുകയാണ്. ബാക്കി 20 ശതമാനം നാട്ടിൽ നിന്നും കാട്ടിൽ നിന്നും ശേഖരിക്കുന്നു.
കുറുന്തോട്ടി കൃഷി
മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുന്നവയിൽ കുറുന്തോട്ടിക്കു പകരം ആനക്കുറുന്തോട്ടിയുമുണ്ട്. ഇതിന് ഔഷധ ഗുണം കുറവാണ്. ഔഷധ നിർമാതാക്കളുടെ ആവശ്യപ്രകാരമാണു തൃശൂർ കൊടകരയ്ക്കടുത്ത് മറ്റത്തൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുറുന്തോട്ടി കൃഷിക്കിറങ്ങിയത്.
ഡിംസംബറിൽ പാകമാകുന്ന കുറുന്തോട്ടി വിത്ത് ശേഖരിച്ച് ഉണക്കി സൂക്ഷിക്കുകയാണ് ആദ്യഘട്ടം. വിത്ത് പാകി മുളപ്പിച്ച് ഒരു മാസം കഴിഞ്ഞാൽ നടാൻ പാകമാകും. തൈകൾ പിഴുതെടുത്ത് 500 തൈകളുടെ കെട്ടുകളാക്കി കൃഷിയിടത്തിൽ എത്തിക്കും. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് നടുന്നത്. മഴയത്തു നട്ടാൽ നനയ്ക്കേണ്ടതില്ല. അല്ലെങ്കിൽ നനയ്ക്കണം. ആദ്യമൊക്കെ കവറിലാക്കിയാണ് തൈ നൽകിയിരുന്നത്. ചെലവ് കുറയ്ക്കാനായി നേരിട്ടു പറിച്ചു കൊടുക്കുകയാണിപ്പോൾ.
ഒരു മീറ്റർ വീതിയിൽ തടംകോരി ചാണകപ്പൊടി അടിവളമായി നൽകും. 10 മുതൽ 15 വരെ സെന്റീമീറ്റർ അകലത്തിൽ നടാം. മാസത്തിൽ രണ്ടു തവണ പച്ചചാണകം കലക്കി ഒഴിക്കും. പറിച്ചു നട്ട് ഒരു മാസത്തിനു ശേഷം ആട്ടിൻകാഷ്ഠം, കമ്പോസ്റ്റ്, ചാണകം എന്നിവ നൽകാം.
ഉണക്കിയെടുത്താൽ 10 മുതൽ 15 ഗ്രാം തൂക്കം
കള ശല്യം കുറുന്തോട്ടി കൃഷിക്കു പൊതുവേ കൂടുതലാണ്. അടിവളം കൂടിയാൽ കുറുന്തോട്ടിയേക്കാൾ വേഗത്തിൽ കള വളരും. വളർന്നു തുടങ്ങുമ്പോൾ തന്നെ കള പറിച്ചു മാറ്റണം. ഇല്ലെങ്കിൽ അടിവളം കള കൊണ്ടു പോകും. രണ്ടു മൂന്നു മാസം കഴിയുന്നതോടെ ശാഖകളാകും. അഞ്ചാം മാസം നല്ല രീതിയിൽ ശാഖകൾ വളരും. ഇതോടെ മണ്ണിനെ മൂടുന്ന രീതിയിൽ കുറുന്തോട്ടി വളരും. ഈ ഘട്ടം കഴിഞ്ഞാൽ പിന്നെ പുല്ല് വളരില്ല. മൂന്നു നാലടി വിസ്തൃതിയിലും നാലടി അഞ്ച് അടി വരെ ഉയരത്തിലും ചെടി വളരും. ചുവടിന് നാല് - അഞ്ച് സെന്റീമീറ്റർ ചുറ്റളവുള്ള ഒരു ചെടി ഉണക്കിയെടുത്താൽ 10 മുതൽ 15 ഗ്രാം തൂക്കം കിട്ടും.