സസ്യവളർച്ചയ്ക്ക് അവശ്യം വേണ്ട മൂലകങ്ങൾ യഥാസമയം, നിശ്ചിത തോതിൽ ലഭിക്കാതെ വന്നാൽ അത് റോസാച്ചെടിയുടെ വളർച്ചയെ വളരെ പ്രതികൂലമായി ബാധിക്കും. പോഷകക്കുറവ് റോസാച്ചെടിയിൽ വരുത്തുന്ന ലക്ഷണങ്ങൾ അറിഞ്ഞിരുന്നാൽ, അവ യഥായോഗ്യം കണ്ടെത്തി പരിഹരിക്കാനും കഴിയും.
പ്രധാന അപര്യാപ്‌ത പോഷണലക്ഷണങ്ങൾ നോക്കാം.
നൈട്രജൻ:
ഇലകൾ വലിപ്പം കുറഞ്ഞ് ഇളംപച്ച നിറമാകും. ചെടിയുടെ താഴ്ഭാഗത്തേക്കുള്ള ഇലകൾ മഞ്ഞളിക്കും. പക്ഷെ കൊഴിഞ്ഞു വീഴുകയില്ല. ചിലയവസരങ്ങളിൽ ഇലകളിൽ ചുവന്ന പൊട്ടുകൾ വീഴുന്നതായും കാണാം.
ഫോസ്‌ഫറസ്
പൂർണവളർച്ചയെത്തിയ ഇലകൾ പൊഴിഞ്ഞു വീഴുക, തണ്ടിനും ശിഖരങ്ങൾക്കും ബലക്ഷയം സംഭവിക്കുക, വേരുപടലം ശരിയായ വിധത്തിൽ വളർന്ന് വികസിക്കാതിരിക്കുക.
പൊട്ടാസ്യം:
ഇലയരികുകൾക്കു ചുറ്റുമായി ബ്രൗൺ പുള്ളികൾ കാണാം; ഇതോടൊപ്പം ഇലയരിക് കരിയുകയും ചെയ്യും.
മഗ്നീഷ്യം:
ഇലകളുടെ നടുഞരമ്പിന് നിറം മങ്ങും; നടുഞരമ്പിനു ചുറ്റുമായുള്ള ഭാഗത്ത് നിർജീവമായ മൃതകോശങ്ങൾ രൂപം കൊള്ളും.
മാംഗനീസ്:
ഇലഞരമ്പുകൾക്കിടയിലുള്ള ഭാഗം മഞ്ഞളിക്കുകയും, എന്നാൽ ഞരമ്പുകൾ പച്ചനിറമായി തന്നെ തുടരുകയും ചെയ്യും.
ഇരുമ്പ്:
വളർന്ന ഇലകളുടെ ഞരമ്പുകൾക്കിടയിലുള്ള ഭാഗം മഞ്ഞളിച്ച്, ഞരമ്പുകൾ പച്ചനിറമായി തുടരും. കിളുന്നിലകൾ വേഗം മഞ്ഞളിക്കും. എന്നാൽ ഏറ്റവും സൂക്ഷ്‌മമായ ഇലഞരമ്പു പോലും പച്ചനിറമായി തുടരും.
ബോറോൺ:
ചെടിയുടെ വളരുന്ന ഇളംതലപ്പുകളെ ബാധിക്കും. അഗ്രമുകുളങ്ങൾ നശിക്കും: ചെടി ക്രമാതീതമായി ശിഖരങ്ങൾ ഉൽപ്പാദിപ്പിക്കും.