വിദേശരാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നതുമായ ഇലക്കറിയാണ് ലെമൺ ബേസിൽ.
ഇലകൾക്കു പെരുംജീരകത്തിനു സമാനമായ എരിവും നാരങ്ങയുടെ സുഗന്ധവുമുണ്ട്. ഇലകൾ ഞെരടിയാൽ നാരങ്ങയുടെ മണമാണ്. ഇതിന്റെ ഗന്ധം ഒരു പരിധിവരെ കൊതുകുകളെ അകറ്റി നിർത്തും.
പാകം ചെയ്തും അല്ലാതെയും ഇലകൾ കുറഞ്ഞ അളവിൽ ഉപയോഗിക്കാം. ശീതള പാനീയങ്ങളിലും സാലഡുകൾ, മീൻ, ഇറച്ചി വിഭവങ്ങൾ, പാസ്‌ത, സൂപ്പ്, സ്‌റ്റൂ, പുഴുങ്ങിയ പച്ചക്കറിവിഭവങ്ങൾ എന്നിവയിലും ചേർക്കാം. ഗ്രീൻ ടീയിൽ ചേർത്തും കഴിക്കാം. കേക്കുകൾ, ബിസ്‌കറ്റ്, ബേക്ക് ചെയ്യുന്ന ഭക്ഷ്യവിഭവങ്ങൾ എന്നിവയിലും ചേർത്ത് ഉപയോഗിക്കാം. 3-4 ഇലകൾ ഇട്ട് തിളപ്പിച്ചാൽ വെള്ളം ശുദ്ധീകരിക്കപ്പെടും. ഔഷധഗുണവുമുണ്ടാകും.
ജലദോഷത്തിനും വായുകോപത്തിനും വിരശല്യത്തിനും മറുമരുന്നായും എല്ലിന്റെയും മുടിയുടെയും ആരോഗ്യ സംരക്ഷണത്തിനും ഉപകരിക്കും. വൈറ്റമിൻ സി, കെ, കാത്സ്യം, മഗ്നീഷ്യം, അയൺ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നം.
വിത്തുകളും കമ്പുകളും വഴിയാണ് പുതിയ ചെടികൾ ഉൽപാദിപ്പിക്കുന്നത്. ചെടികൾ 2 അടി വരെ ഉയരം വയ്ക്കും. തുറസ്സായ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്‌ഥലമാണ് യോജ്യം. നല്ല വളക്കൂറുള്ള, നീർവാർച്ചയുള്ള, ഈർപ്പമുള്ള മണ്ണിൽ നന്നായി വളരും. വിത്തുകൾ ട്രൈക്കോഡെർമ സമ്പുഷ്‌ട ചാണകപ്പൊടിയും ചകിരിച്ചോർ കംപോസ്റ്റും ചേർന്ന മിശ്രിതത്തിൽ പാകണം. വിത്തുകൾ രണ്ടാഴ്‌ചയ്ക്കുള്ളിൽ മുളയ്ക്കും.
ഒരു മാസത്തിനു ശേഷം ചട്ടിയിലോ നിലത്തോ രണ്ടടി അകലത്തിൽ നടണം. 4-5 ദിവസത്തേക്ക് തണൽ നൽകണം. ഒരു മാസത്തിനു ശേഷം ചെടി മുറിച്ചു കൊടുക്കണം. ഇലകൾ കൊണ്ടു പുതയിടുന്നതു നന്ന്. ചാണകം, മണ്ണിര കപോസ്‌റ്റ് എന്നിവ മാസത്തിലൊരിക്കൽ നൽകാം. നേർപ്പിച്ച ഗോമൂത്രം, ബയോഗ്യാസ് സ്ലറി, വെർമിവാഷ് രണ്ടാഴ്ചയിലൊരിക്കൽ നൽകാം. ഇതിനു കാര്യമായ രോഗ, കീടശല്യം കാണാറില്ല.
ലെമൺ ബേസിൽ ഓയിൽ സാലഡുകളിലും മറ്റു വിഭവങ്ങളിലും ചേർത്ത് ഉപയോഗിക്കാം. ബേസിലിൻ്റെ ഇലകളും സൂര്യകാന്തി എണ്ണയും ഒലീവ് എണ്ണയും നാരങ്ങയുടെ തൊലിയും ചേർത്തുണ്ടാക്കുന്നതാണ് ലെമൺ ബേസിൽ ഓയിൽ.