ഇഫക്ടീവ് മൈക്രോ ഓർഗാനിസം എന്ന ഇ.എം. ലായനി ഏറെപ്പേർക്കും അറിയാവുന്നതാണ്. ജപ്പാനിലെ റസ്കൂർ സർവകലാശാലയിലെ ഡോ. ഹെഗേ എന്ന ശാസ്ത്രജ്ഞനാണ് ഈ അണുക്കുട്ട് കണ്ടെത്തിയത്.ജൈവ വസ്തുക്കൾ ദുർഗന്ധമില്ലാതെ അഴുകി വളമാക്കാനുള്ള ഇ. എം സൊലൂഷന്റെ ശേഷി ലോകം മുഴുവൻ അംഗീകരിച്ചതാണ്.
ഇപ്പോൾ ഈ ശാസ്ത്രജ്ഞൻ തന്നെ ഇ.എം. സൊലൂഷൻ കൊണ്ട് കീടനാശിനി ഉണ്ടാക്കുവാനും കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നു. ആ കീടനാശിനിയുടെ പേരാണ് ഇ.എം -5.
ഇ.എം- 5 ഉണ്ടാക്കുവാൻ വളരെ എളുപ്പമാണ് . ജൈവ കൃഷി ചെയ്യുന്നവർക്കു ഏറെ പ്രയോജനപ്രദമാണ് ഈ പുതിയ സസ്യകീടനിയന്ത്രണ മരുന്ന്.
ആവശ്യമുള്ള ചേരുവകൾ
നൂറു മില്ലി ഗ്രാം വിന്നാഗിരി (പ്രകൃതിദത്ത വിന്നാഗിരിയായാൽ നന്നായിരിക്കും),വിസ്കി (മാൾട്ടു വിസി), പഞ്ചസാര നൂറുഗ്രാം, നൂറു മില്ലി ഇ.എം., വെള്ളം 600 മില്ലി, ഒരു ലിറ്റർ കന്നാസ്.
ഉണ്ടാക്കുന്ന വിധം :
ഒരു ലിറ്റർ കന്നാസിലേക്ക് 600 മില്ലി വെള്ളമൊഴിച്ച് അതിലേക്ക് നൂറു മില്ലി വീതം ഇ.എം., വിന്നാഗിരി, വിസ്കി എന്നിവയും നൂറു ഗ്രാം പഞ്ച സാരയും ചേർത്ത് നന്നായി ഇളക്കി ഒരാഴ്ച തണലിൽ സൂക്ഷിക്കുക. എല്ലാ ദിവസവും കന്നാസ് കുലുക്കി ഇളക്കേണ്ടതാണ്.
പാകപ്പെട്ട ഈ ദ്രാവകം (ഒരാഴ്ച കഴിഞ്ഞുള്ളത്) ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് വിളകളിൽ സ്പ്രേ ചെയ്തു കൊടുക്കുക. നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ, ഇലതീനിപ്പുഴുക്കൾ തുടങ്ങി ഒട്ടുമിക്ക കീടങ്ങളെയും ഇ.എം.- 5 എന്ന ജൈവ കീടനാശിനി തുരത്തുക തന്നെ ചെയ്യും. പച്ചക്കറികൾക്ക് സുരക്ഷിതമായ ഒരു കീടനിയന്ത്രണമാർഗമാണിത്.