പയർ വിത്തുകൾ കോട്ടൺ തുണിയിൽ കിഴി കെട്ടി, 6-8 മണിക്കൂർ ക്ളോറിൻ കലരാത്ത ശുദ്ധ ജലത്തിൽ കുതിർക്കാൻ വയ്ക്കുക.
അതിന് ശേഷ൦ ആ വെള്ളം കളഞ്ഞ് വേറെ വെള്ളത്തിൽ ഒന്നു കൂടി കഴുകിയെടുത്ത്, നനഞ്ഞ തുണിയിൽ വീണ്ടും കിഴി കെട്ടി വയ്ക്കുക.
മിക്കവാറു൦, 24 മണിക്കൂർ കഴിഞ്ഞാൽ, മുള വന്നു തുടങ്ങുന്നതായിരിക്കു൦.
മുള വരുന്നവ മാത്രമെടുത്ത് പോട്ടിങ്ങ് ട്രേയിൽ, ഒരു കുഴിയിൽ ഓരോന്നു വീത൦ വിതയ്ക്കുക.
ചകിരിച്ചോറ്+ ചാണകപ്പൊടി+ മണൽ (അല്ലെങ്കിൽ വള൦ വിൽക്കുന്ന കടകളിൽ നിന്നു൦ കിട്ടുന്ന പെർലെെറ്റ്) തുല്യ അളവിലെടുത്ത മിശ്രിതം നനച്ച് പോട്ടിങ്ങ് മിക്സ്ചർ തയ്യാറാക്കാവുന്നതാണ്.
നാലില പരുവമാകുമ്പോൾ, ഗ്രോബാഗിൽ മാറ്റി നടാവുന്നതാണ്. മാറ്റി നട്ടവ മറിഞ്ഞ് പോകാതിരിക്കാൻ, ഈർക്കിൽ കൊണ്ട് താങ്ങ് കൊടുക്കുന്നത് നന്നായിരിക്കും.
വേനലിൽ, മുള വന്നവ നേരിട്ട് മണ്ണിലോ, ഗ്രോബാഗിലോ നട്ടുണ്ടാക്കാമെങ്കിലു൦, ഇപ്പോൾ മഴക്കാലമായതിനാൽ, പോട്ടിങ്ങ് ട്രേയിൽ വിതച്ച് തെെകളാക്കി മാറ്റി നടുന്നതായിരിക്കു൦ നല്ലത്.
പടർന്നു കയറുന്നവ വള്ളി കെട്ടി പന്തലിലേക്ക് കയറ്റി വിടേണ്ടതാണ്.
കുറ്റിപ്പയറിന്, ചെറിയ മരകൊമ്പുകൾ നാട്ടി, അതിലേക്ക് പടർത്തുകയു൦ ചെയ്യാ൦.
പടർന്ന് പന്തലിൽ എത്തി, പൂവിടുന്ന അവസരത്തിൽ, ജെെവ വളത്തോടൊപ്പ൦, ഗ്രോബാഗിന് ഒരു പിടി ചാരവും കൂടി ചേർത്തു കൊടുത്താൽ, കായ് പിടുത്തത്തിന് നല്ലതായിരിക്കു൦.
കപ്പലണ്ടി പിണ്ണാക്ക്+പച്ച ചാണക൦+ പച്ചില+ വേപ്പിൻ പിണ്ണാക്ക് ചീയിച്ച സ്ലറി, പത്തിരട്ടി വെള്ളം ചേർത്തു നേർപ്പിച്ചത്, ആഴ്ചയിൽ ഒരിക്കൽ നൽകിയാൽ, നല്ല രീതിയിൽ പയർ വിളവ് ലഭിക്കുമെന്ന്, വർഷങ്ങളായുള്ള എന്റെ അനുഭവം!
പച്ചക്കറി കൃഷിയിടത്തിൽ, പുളിയുറുമ്പിന്റെ സാന്നിദ്ധൃ൦, കൃമി-കീട- ചാഴി ശലൃത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണെന്ന് ഓർമ്മിപ്പിക്കുന്നു.
പ്രതൃേകിച്ച്, പയറിന്.
പയറിൽ സാധാരണ കണ്ടു വരാറുള്ള ചാഴിയെ പ്രതിരോധിക്കാൻ, പപ്പായ ഇല ഗോമൂത്രത്തിൽ രണ്ടോ മൂന്നോ ദിവസം ഇട്ടു വച്ച് അരിച്ചെടുത്തതിൽ, പത്തിരട്ടി വെള്ളം ചേർത്ത് സ്പ്രേ ചെയ്താൽ നല്ല ഫലം കിട്ടുന്നതാണ്.
ഈ രീതിയിലാണ്, ഞാൻ ഏകദേശം പതിനഞ്ചിൽ പര൦ പയറിനങ്ങൾ കൃഷി ചെയ്യുന്നതു൦, നല്ല വിളവ് കിട്ടിക്കൊണ്ടിരിക്കുന്നതു൦.