താമരവിത്ത് പരുപരുത്ത പ്രതലത്തിൽ ഉരച്ച് തോടിന്റെ കനം കുറച്ച് വെള്ളത്തിൽ പാകിയാൽ ഒന്നര മാസത്തിനുള്ളിൽ മുളയ്ക്കും. മൂന്ന് മുളകളെങ്കിലുമുള്ള വിത്ത് വേണം നടാൻ. ഒഴുക്കുകുറഞ്ഞ ജലാശയമോ, പൂന്തോട്ടത്തിലെ കുളമോ സിമന്റ് ടാങ്കോ താമര വളർത്തുന്നതിനായി ഉപയോഗിക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തേ താമര നന്നായി വളരൂ.
വിത്ത് നടുന്നതിന് മുൻപ് കുളത്തിന്റെ അടിത്തട്ടിൽ ചെളി, മണ്ണ്, കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതത്തിൽ കുറച്ച് വേപ്പിൻ പിണ്ണാക്ക് ചേർത്ത് 50 സെ.മി കനത്തിൽ നിറക്കുക. ഈ മിശ്രിതത്തിൽ വിത്ത് നടാം. നന്നായി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് വെള്ളം നിറയ്ക്കാം.
30 ലിറ്റർ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ മൂന്ന് മുതൽ അഞ്ച് കിലോ വരെ ചാണകപ്പൊടി, ഒന്ന് മുതൽ രണ്ട് കിലോ വരെ എല്ലുപൊടി, 50 ഗ്രാം വേപ്പിൻ പിണ്ണാക്ക്, അൽപ്പം മണ്ണ് എന്നിവ ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കിയ ശേഷം അതിന് മുകളിൽ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം മണ്ണ് മാത്രം നിറക്കണം . മണ്ണിൽ വേരോ കല്ലോ ഉണ്ടാകാൻ പാടില്ല.
അൽപ്പം വെള്ളമൊഴിച്ച് ഏഴ് ദിവസം അനക്കാതെ വെക്കണം. എട്ടാം ദിവസം ഏറ്റവും മുകളിൽ ചെളിയിൽ കിഴങ്ങ് നടണം. കിഴങ്ങ് നട്ട ശേഷം ഇടക്കിടെ വെള്ളമൊഴിക്കുമ്പോൾ ചെളി കലങ്ങാതിരിക്കാൻ ഒരു പ്ലാസ്റ്റിക് വിരിച്ച് അതിൽ വെള്ളമൊഴിക്കാവൂ. താമരയുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനാണിത്.
വളർച്ചക്കായി വർഷത്തിലൊരിക്കൽ ചാണകം വളമായി നൽകാം. ആവശ്യമെങ്കിൽ രാസവളവും ഉപയോഗിക്കാം. ചെറിയ പാത്രങ്ങളിലും ഇത്തരത്തിൽ താമര കൃഷി ചെയ്യാവുന്നതാണ്. മലപ്പുറം ജില്ലയിലെ തിരുനാവായയിലും പരിസരപ്രദേശങ്ങളിലും താമരകൃഷി വിജയകരമായി ചെയ്യുന്നുണ്ട്. പൊന്നാനി കോൾ മേഖലയിൽ പലയിടത്തും പുഞ്ചകൃഷിയില്ലാത്ത സമയങ്ങളിൽ വെള്ള താമര കൃഷിചെയ്യുന്നു.