കേരളത്തിൽ കടുത്ത വംശനാശ ഭീഷണി നേരിടുന്ന വൻ വൃക്ഷമാണ് തണ്ടിടിയൻ. തൃശൂർ, കൊല്ലം ജില്ലകളിലെ ഉയർന്ന മലയോരങ്ങളിൽ മാത്രമേ അപൂർവ്വമായി ഇവടെ കാണാനുള്ളൂ. Madhuca bourdillonii എന്ന ശാസ്ത്രീയ നാമമുള്ള ഇവ 1000 അടി വരെ സമുദ്രനിരപ്പിൽ നിന്നും ഉയരമുള്ള നിത്യഹരിത, അർദ്ധ നിത്യഹരിത വനങ്ങളിൽ മാത്രമേ വളരുകയുള്ളൂ. ഇലിപ്പയുടെ കുടുംബത്തിൽ പെടുന്ന രണ്ടിടിയന് 60 - 75 അടി വരെ ഉയരം വക്കാറുണ്ട്.
ഇതിന്റെ ചാര നിറമുള്ള പുറം തൊലിയിൽ ആഴമുള്ള വിള്ളലുകൾ കാണാം. വലിയ ഇലകളിൽ 25-ൽ പരം ജോഡി ഞരമ്പുകൾ ഉണ്ട്. ഇലകൾക്ക് 30 x 8 സെ.മീ. വലിപ്പമുണ്ട്. ഇലഞെട്ടുകളിലും ഞരമ്പുകളിലും തവിട്ട് - ഓറഞ്ച് നിറത്തിലുള്ള മിനുസമായ രോമങ്ങളുണ്ട്. ഇലകളുടെ അഗ്രഭാഗം വീതി കൂടുതലും, ചുവടുഭാഗം വീതി കുറഞ്ഞതുമാണ്. ശിഖരങ്ങൾ ഭൂമിക്ക് സമാന്തരമായി വളരുന്നു.
പൂക്കൾക്ക് തവിട്ട് കലർന്ന വയലറ്റ് നിറമാണ്. ഒന്നര സെ.മീ. വലിപ്പമുണ്ടാവും, ചിലപ്പോൾ മഞ്ഞ കലർന്ന വെള്ള നിറത്തിലുമാണ്. ഫലങ്ങൾ അണ്ഡഡാകൃതിയിൽ നീണ്ട ഞെടുപ്പുകളിലാണ്. ഒരു കായിൽ തന്നെ പരന്ന തവിട്ട് നിറത്തിലുള്ള 4-5 വിത്തു കളുണ്ടാവും. മരത്തിന്റെ എല്ലാ ഭാഗത്തും വെള്ള കറയുണ്ട്.
ഇവയുടെ ചുവപ്പ് നിറത്തിലുള്ള കാതലിന് നല്ല ഉറപ്പുള്ളതിനാൽ വീടിന്റെ കട്ടിയുരുപ്പടികൾക്ക് ഉപയോഗിക്കുന്നു. വനഭൂമി കാർഷികാവശ്യത്തിന് മാറ്റിയതോടു കൂടിയും തടിയാവശ്യത്തിനും വൻതോതിൽ നശിപ്പിക്കപ്പെട്ടു. കടുത്ത വംശനാശ ഭീഷണി നേരിടുന്നതിനാൽ വനങ്ങളിൽ വൻതോതിൽ വിത്ത് മുളപ്പിച്ച് തണ്ടിടിയൻ വച്ചു പിടിപ്പിക്കണം.