കുപ്പച്ചീര, മുള്ളൻ ചീര എന്നിവയെ താരതമ്യം ചെയ്യുമ്പോൾ മധുരച്ചീരയ്ക്ക് പോഷകഗുണം കൂടുതലാണ്. ഇതിന്റെ വേരിൽ നിന്നും ഇലയിൽ നിന്നും എടുക്കുന്ന ചാറ് പല രോഗങ്ങൾക്കും ഔഷധമാണ്.
മധുരച്ചീര വളർത്താൻ പറ്റിയ കാലാവസ്ഥ
എല്ലാത്തരം മണ്ണിലും മധുരച്ചീര വളർത്താൻ കഴിയുന്നു. ആവശ്യത്തിന് മഴയും തണലുമുള്ള പ്രദേശങ്ങളിൽ മധുരച്ചീര നന്നായി വളരുന്നു.
മധുരച്ചീര കൃഷി ചെയ്യുന്ന രീതി
25-30 സെ.മീറ്റർ നീളത്തിൽ ഇളംതണ്ടുകൾ മുറിച്ചുനട്ടാണ് മധുരച്ചീര കൃഷി ചെയ്യുന്നത്. ഒരടി വീതിയിൽ ചാലുകീറി അതിൽ കമ്പോസ്റ്റും മേൽമണ്ണും കലർത്തി നിറയ്ക്കുക. 30-40 സെ.മീറ്റർ അകലത്തിൽ കമ്പുകൾ ചാലിനുള്ളിലായി നടേണ്ടതാണ്. ഇലകൾ നീക്കം ചെയ്ത ശേഷം വേണം കമ്പുകൾ നടാൻ.
നട്ട കമ്പിൽ വേരു പിടിച്ച ശേഷം ഒരു ചെടിക്ക് 20 ഗ്രാം വീതം അമോണിയം സൾഫേറ്റ് നൽകാവുന്നതാണ്. വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നന്നായി നനച്ചുകൊടുക്കണം. മൂന്നോ നാലോ മാസം പ്രായമാകുമ്പോൾ മുതൽ ഇല പറിച്ചു തുടങ്ങാം.
കീടരോഗബാധ മധുരച്ചീരയിൽ കാണാറില്ല. ശൽക്ക കീടത്തിന്റെ ഉപദ്രവം കണ്ടാൽ വിളവെടുപ്പിന് ശേഷം ഒരു മില്ലീലിറ്റർ മാലത്തിയോൺ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി തളിക്കണം.