കേരളത്തിൽ മാവുകൃഷിക്ക് ഭീഷണിയാകുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്, അവയെ ബാധിക്കുന്ന രോഗങ്ങൾ. വീട്ടുവളപ്പിലെ മാവിലാണെങ്കിലും, വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മാവിൻതോട്ടങ്ങളിലാണെങ്കിലും വിവിധ തരത്തിലുള്ള രോഗബാധ കണ്ടുവരുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ചുള്ള അറിവ് കർഷകർക്ക് വേണ്ടത് അനിവാര്യമാണ്. സൂക്ഷ്മാണുക്കളായ കുമിളുകളും ബാക്ടീരിയകളുമാണ് പ്രധാനമായും മാവിൽ രോഗമുണ്ടാക്കുന്നത്. കൂടാതെ പരജീവി സസ്യങ്ങളും മാവിനെ വ്യാപകമായി ബാധിക്കുന്നു.
കുമിൾ രോഗങ്ങൾ
കൊമ്പുണക്കം
ഇലപ്പുള്ളി, ഇലകരിച്ചിൽ, ആന്ത്രക്ടോസ്, കൊമ്പുണക്കം, കായ് ചീയൽ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.
കൊളറ്റോടിക്കം (colletotrichum) എന്ന കുമിളാണ് രോഗഹേതു. നമ്മുടെ നാട്ടിലെ മിക്ക മാവുകളിലും ഈ രോഗബാധ കാണുന്നു. പ്രത്യേകിച്ച്, ഒട്ടുമാവുകളിൽ കൊമ്പുണക്കം വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയാണ്.
രോഗലക്ഷണങ്ങൾ
മാവിന്റെ എല്ലാ ഭാഗങ്ങളിലും രോഗലക്ഷണം കാണപ്പെടുന്നു. രോഗം ബാധിക്കുന്ന ഭാഗവും ലക്ഷണവുമനുസരിച്ച് മേൽപ്പറഞ്ഞപോലെ വിവിധ പേരിലറിയപ്പെടുന്നു.
ആന്തക്ലോസ് അഥവാ ഇലപ്പുള്ളി, ഇലപ്രതികയിൽ ചുവപ്പുകലർന്ന തവിട്ടുനിറത്തിലോ കറുപ്പു നിറത്തിലോ ചെറിയ വൃത്താകൃതിയിലുള്ള അനേകം പുള്ളിക്കുത്തുകളായി പ്രത്യക്ഷപ്പെടുന്നു. ഇത്തരം പുള്ളിക്കുത്തുകളുടെ ചുറ്റിലും ഒരു മഞ്ഞവലയം കാണാം. രോഗം രൂക്ഷമാകുമ്പോൾ പുള്ളിക്കുത്തുകളുടെ നടുഭാഗം ഉണങ്ങി പൊഴിഞ്ഞുപോയിട്ട് ഒരു ദ്വാരം പ്രത്യക്ഷപ്പെടുന്നു. ഇത്തരം ലക്ഷണത്തെ ഷോട്ട് ഹോൾ (shot hole) എന്നാണ് പറയുന്നത്.
രോഗാവസ്ഥയുടെ അടുത്ത ഘട്ടമാണ് ഇലകരിച്ചിൽ. ഇലയുടെ പുറത്തുള്ള പുള്ളിക്കുത്തുകൾ കൂടി ചേർന്ന് ഇലപത്രിക കരിഞ്ഞുപോകും. കൂടാതെ ഇലപത്രികയുടെ അരികിൽ നിന്നും ഉള്ളിലേക്ക് കരിഞ്ഞ് പകുതിവച്ച് ഇല ഉണങ്ങി അടർന്നുപോകുന്നു. ക്രമേണ പൂർണമായും ഇലകൾ ഉണങ്ങി കൊഴിയുന്നു.
മറ്റൊരു പ്രധാന രോഗലക്ഷണമാണ് "കൊമ്പുണക്കം'. മിക്ക മാവിനങ്ങളിലും ഈ രോഗാവസ്ഥ കാണാറുണ്ട്. ഇളംതണ്ടുകൾ അഗ്രഭാഗത്തുനിന്നും താഴേയ്ക്ക് ഉണങ്ങിയ ഇത്തരം കൊമ്പുകളിൽ കുമിളിന്റെ ഫ്രൂട്ടിംഗ് ബോഡീസ് (Fruiting bodies) ചെറിയ കറുത്ത കുത്തുകളായി കാണാം. ഈ ഭാഗങ്ങൾ സൂക്ഷ്മനിരീക്ഷിണികളിൽ കൂടി നോക്കിയാൽ കുമിളിന്റെ അനേകം സ്പോറങ്ങൾ കാണാവുന്നതാണ്.
പൂക്കുന്ന സമയത്ത് കാണുന്ന രോഗലക്ഷണമാണ് "പൂങ്കുലകരിച്ചിൽ', പൂക്കളും പൂങ്കുലകളും കരിഞ്ഞ് കൊഴിഞ്ഞുപോകുന്നു. തൽഫലമായി കായിടുത്തം നന്നേ കുറയുന്നു. കണ്ണിമാങ്ങയിൽ കറുത്തവണങ്ങൾ ഉണ്ടായി അവ ചുക്കിച്ചുളുങ്ങി പൊഴിയുന്നു.
മൂത്ത മാങ്ങകളിലും പഴുത്ത മാങ്ങയിലും കറുത്ത വൃത്താകൃതിയിലുള്ള പുള്ളിക്കുത്തുകളായിട്ടാണ് രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നത്. മൂത്ത മാങ്ങകളിൽ ഞെട്ടുഭാഗത്തിൽ നിന്നും താഴോട്ടുകറയൊഴുകുന്ന പാടുകളിൽ നിരനിരയായി കറുത്തു പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നു. ഇത്തരം രോഗലക്ഷണത്തെ "tear stain" എന്നാണ് പറയുന്നത്. പഴുത്ത മാങ്ങകളിൽ തൊലിപ്പുറത്ത് വൃത്താകൃതിയിൽ തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകൾ കാണാം. ക്രമേണ മാങ്ങ ചീഞ്ഞുപോകുന്നു. വിളവെടുപ്പിനുശേഷം മാങ്ങകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്രശ്നമാണ് ഇത്തരം കായ്ചീയൽ.ഉയർന്ന ഈർപ്പനില, തുടർച്ചയായ മഴ, ഊഷ്മവ്യതിയാനം, 24°C-32°C വരെ താപനില തുടങ്ങിയവയാണ് ഈ രോഗം വ്യാപിക്കുന്നതിനുള്ള അനുകുല ഘടകങ്ങൾ. കേരളത്തിൽ (ഇത്തരം ഈർപ്പമുള്ള) ഈ കാലാവസ്ഥയായതുകാരണം ഈ രോഗം സാധാരണയായി. നമ്മുടെ മാവിൻ തോട്ടങ്ങളിൽകണ്ടുവരുന്നു.
നിവാരണ മാർഗ്ഗങ്ങൾ
തോട്ടത്തിലെ വൃത്തി രോഗനിവാരണത്തിൽ വളരെ പ്രധാനമാണ്.
രോഗം ബാധിച്ച ഉണങ്ങിയ കൊമ്പുകൾ മുറിച്ചു മാറ്റി നശിപ്പിക്കണം. അതിനുശേഷം മുറിപ്പാടിൽ ബോർഡോകുഴമ്പോ കോപ്പർ ഓക് സിക്ലോറൈഡോ (0.2%) പുരട്ടണം. ജൈവകുമിൾനാശിനിയായ സ്യൂഡോമോണാസ് ഫ്ളൂറസെൻസ് പൊടികുഴമ്പാക്കി പുരട്ടുന്നതും ഫലപ്രദമാണ്. ഇത് പുരട്ടിക്കഴിഞ്ഞ് പോളിത്തീൻ കവർ കൊണ്ട് മുറിഭാഗം മൂടി കൊമ്പിൽ വെള്ളമിറങ്ങാതെ ശ്രദ്ധിക്കണം.
മാവിന്റെ മറ്റു കൊമ്പുകളിലും ചുറ്റുമുള്ള മാവുകളിലും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശിതം അഥവാ 2% സ്യൂഡോമോണസ് 1 കാർബൊഡാസിം - 0.1 % | കോപ്പർ ഓക്സിക്ലോറൈഡ് (3 ഗ്രാം ഒരു ലിറ്റർ) വെള്ളത്തിൽ കലക്കി തളിക്കേണ്ടതാണ്. പൂവിടുന്ന സമയത്ത് മരുന്ന് തളിക്കേണ്ടതാണ്. മരങ്ങൾ അടുത്തടുത്തു വളരുന്ന തോട്ടങ്ങളിൽ വായുസഞ്ചാരം കുറയുകയും, ആർദ്രത കൂടുകയും ചെയ്യുന്നതിനാൽ രോഗതീവ്രത വർദ്ധിക്കുന്നു. അതിനാൽ തൈകൾ നടുമ്പോൾ ശരിയായ അകലം പാലിക്കുക.
വിളവെടുപ്പിനുശേഷം പായ്ക്ക് ചെയ്യുന്നതിനു മുമ്പായി നേരിയ കുമിൾനാശിനി ലായനിയിൽ മുക്കിയെടുക്കുക. അല്ലെങ്കിൽ ചൂടുവെള്ളത്തിൽ (ഏകദേശം 50 മുതൽ 52°C ചുടിൽ) പത്തുമിനിറ്റുനേരം മുക്കിയെടുക്കുന്നതും വളരെ ഫലം ചെയ്യും.
ഗ്രേബ്ലൈറ്റ് പെലോഷ്യ ഇലകരിച്ചിൽ) (grey blight)
ഇലപത്രികളിൽ അനേകം വളരെ ചെറിയ ചാരനിറത്തോടുകൂടിയ പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നു. ഇത്തരം പുള്ളിക്കുത്തുകൾ ചേർന്ന്ഇലകരിച്ചിൽ ഉണ്ടാകുന്നു.
പെസ്റ്റ്ലോഷ്യാപസിസ് എന്ന കുമിളാണ് രോഗകാരണം. രോഗതീവ്രത വളരെ കൂടുതലാകുമെങ്കിൽ മാത്രം നിയന്ത്രണമാർഗ്ഗങ്ങളെടുക്കുക. ആന്ത്രക്നോസ് രോഗത്തിനു ശുപാർശ ചെയ്തിട്ടുള്ള ഏതെങ്കിലും കുമിൾനാശിനി ഇലകളിൽ തളിക്കാവുന്നതാണ്.
ചൂർണ്ണപൂപ്പുരോഗം
ഓയിഡിയം എന്ന ഒരു കുമിളാണ് ഈ രോഗം ഉണ്ടാക്കുന്നത്. മാവ് പൂക്കുന്ന മാസങ്ങളായ നവംബർ-ഫെബ്രുവരി മാസങ്ങളിലാണ് ഈ രോഗം കാണുന്നത്. മാവ് പൂക്കുമ്പോൾ പെയ്യുന്ന ചാറ്റമഴയും രാതിമഞ്ഞും ഈ പൂപ്പൽ രോഗത്തിന്റെ തുടക്കത്തിനും വ്യാപനത്തിനും അനുകൂലമായ ഘടകങ്ങളാണ്. ഇലകളിലും പൂങ്കുലയിലും വെളുത്ത പൗഡർപോലുള്ള പൊടി വിതറിയപോലുള്ള പൂപ്പൽ കാണുന്നു. ക്രമേണ ഇലകൾ ചുരുണ്ട് ഉണങ്ങിപ്പോകുന്നു, പൂക്കൾ കരിഞ്ഞ് പൊഴിഞ്ഞുപോകുന്നു. കായ്പിടുത്തം നന്നേ കുറയുന്നു. 0.2% വീര്യമുള്ള വെള്ളത്തിൽ കലക്കാവുന്ന ഗന്ധകപ്പൊടി തളിക്കുന്നതുകൊണ്ട് ഈ രോഗം നിയന്ത്രിക്കാവുന്നതാണ്.
പിങ്ക് രോഗം
കോർട്ടീഷ്യം സാൽമണികോളർ എന്ന കുമിളുകളാണ് രോഗകാരണം.
ശിഖരങ്ങളുടെ ശാഖ പൊട്ടുന്ന ഭാഗത്ത് തൊലി കേടായി അടർന്നുപോകുന്നു.
ആ ഭാഗത്ത് ശിഖരങ്ങളിൽ ചിലന്തിവല മാതിരിയുള്ള വെളുത്ത പൂപ്പൽ കാണുന്നു. ക്രമേണ ഈ ഭാഗങ്ങളിൽ പിങ്ക് നിറത്തിലുള്ള സ്പോറങ്ങളുടെ പൊറ്റയുണ്ടാകുകയും ചെയ്യുന്നു. രോഗബാധയുള്ള ഇത്തരം ശിഖരങ്ങൾ ഉണങ്ങുന്നു. പ്രധാനതടിയും തുടർന്നു മരവും ഉണങ്ങുന്നു.
നിവാരണമാർഗ്ഗങ്ങൾ
രോഗാരംഭത്തിൽ തന്നെ ലക്ഷണം കാണുന്ന കൊമ്പുകളുടെ തൊലി മൃദുവായി തടിക്ക് കേടുപറ്റാതെ ചുരണ്ടിമാറ്റിയശേഷം ബോർഡോ കുഴമ്പുപുരട്ടുക. തീരെ ഉണങ്ങിപ്പോയ കൊമ്പുകൾ ഉണങ്ങിയ ഭാഗത്തിനു താഴെ വച്ച് മുറിച്ചുമാറ്റി കത്തിച്ചുകളയുക. അതിനുശേഷം മുറിച്ച ഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടുക. അല്ലെങ്കിൽ ബോർഡോ മിശ്രിതം കൊമ്പുകളിലും ഇലകളിലും വീഴത്തക്കവണ്ണം തളിക്കണം.
ചുവപ്പ് തുരിമ്പുരോഗം
സെഫാലിയുറോസ് എന്ന ആൽഗേ മൂലം ഇലകളുടെ പുറത്ത് ഇളം പച്ചനിറം കലർന്ന പൂപ്പൽ വൃത്താക്യതിയിൽ പ്രത്യക്ഷപ്പെടുന്നു.ഇത് ക്രമേണ ഓറഞ്ചുനിറമായി മാറും. ചെറിയ തോതിലുള്ള രോഗബാധ അത്ര പ്രശ്നമല്ലെങ്കിലും രോഗതീവ്രത കൂടിയാൽ ഇലകളുടെ ഹരിതകത്തെ മറയ്ക്കുന്നതു മൂലം പ്രകാശസംശ്ലേഷണ ശക്തി കുറയുന്നു.അതിനാൽ, രോഗം രൂക്ഷമായി കാണുന്നെങ്കിൽ 1% വീര്യത്തിൽ ബോർഡോ മിശ്രിതം തളിക്കുന്നത് രോഗബാധ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിൽ
മഴക്കാലത്താണ് ഈ രോഗം കൂടുതലായി കാണുന്നത്.
ബാക്ടീരിയയാണ് രോഗകാരണം.
ഇലഞെരമ്പുകൾക്കിടയിലായി കോണാകൃതിയിൽ കുഴിഞ്ഞ കുത്തുകൾ ഉണ്ടാകുന്നു.
ഇവ കൂടിച്ചേർന്ന് വലിയ പാടുകൾ ഉണ്ടാകുന്നു. ക്രമേണ ഇല ഉണങ്ങി കൊഴിയുന്നു. പുങ്കുലകളിലും കണ്ണിമാങ്ങകളിലും രോഗലക്ഷണങ്ങൾ കാണുന്നതുമൂലം കണ്ണിമാങ്ങ ധാരാളം കൊഴിയുകയും മൂപ്പെത്തിയ മാങ്ങകളിലാണെങ്കിൽ തൊലിപ്പുറത്ത് വിള്ളലുണ്ടാകുന്നു. മാങ്ങകൾ പഴുക്കുന്നതിന്മുമ്പ് ചീഞ്ഞുപോകുന്നു.
നിവാരണമാർഗ്ഗങ്ങൾ
രോഗം ബാധിച്ച് കൊഴിഞ്ഞുവീഴുന്ന ഇലകളും കായ്കളും പാടേ നശിപ്പിക്കണം. ബോർഡോ മിശ്രിതം 1% അഥവാ സ്യൂഡോമോണസ് 2% ഇലകളിലും തണ്ടിലും തളിക്കുക. കോസൈഡ് 1% വീര്യത്തിൽ തളിക്കുന്നതും ഫലപ്രദമാണ്.
കരിംപൂപ്പ് രോഗം
മാവിൽ പ്രാണികളുടെയും ശൽക്കകീടങ്ങളുടെയും ആക്രമണത്തോടൊപ്പമാണ് ഈ രോഗം
കണ്ടുവരുന്നത്. ഇത്തരം പ്രാണികൾ പുറപ്പെടുവിക്കുന്ന മധുരലായനിയുടെ പുറത്താണ് സാധാരണയായി കരിംപുപ്പ് വളരുക.ഇല, കൊമ്പ്, പൂങ്കുല, കായ് എന്നീ ഭാഗങ്ങളിൽ കറുത്ത് പുക പറ്റിയ പോലെ പൂപ്പൽ കാണുന്നു.തന്മൂലം ഇലകളുടെ ഹരിതഭാഗം മറഞ്ഞുപോകുകയും പ്രകാശ സംശ്ലേഷണത്തെ ബാധിക്കുന്നു.അതിനാൽ വിളവ് കുറയുന്നു.
മൂത്ത മാങ്ങകളിലും പഴുത്ത മാങ്ങകളിലും ഇത്തരം പൂപ്പൽ കാണുന്നു.കാനോഡിയം എന്ന കുമിളാണ് രോഗഹേതു. കരിംപൂപ്പിന് കാരണമാകുന്ന പ്രാണികളെ നശിപ്പിക്കുന്നതിന് കീടനാശിനികൾ തളിച്ചശേഷം കഞ്ഞിവെള്ളം നേർപ്പിച്ച് ഇലകളിലും മറ്റു ഭാഗങ്ങളിലും തളിക്കുക. ഉണങ്ങുമ്പോൾ അത് പൂപ്പലോടൊപ്പം പാളികളായി ഇലകളിൽ നിന്ന് അടർന്നുപോകും. അങ്ങനെ രോഗം നിയന്ത്രിക്കാവുന്നതാണ്.
കഞ്ഞിവെള്ളത്തിൽ 2% വീര്യത്തിൽ സ്യൂഡോമോണസ് ചേർക്കുന്നതും ഫലപ്രദമാണ്. കുമിൾനാശിനിയായ ബോർഡോ മിശ്രിതം 1% അല്ലെങ്കിൽ കാർബെൻഡാസിം 0.1% ഇവയും ഇലകളിൽ തളിക്കാവുന്നതാണ്. ഗന്ധകപ്പൊടിയും ഇതിനെതിരെ ഫലപ്രദമാണ്. പുവിടുന്ന സമയത്ത് മരുന്നുതളി നടത്താവുന്നതാണ്.