തെങ്ങിൻ തോപ്പിലെ ഭാഗീക തണലിൽ വളരാൻ ഇഷ്ടപ്പെടുന്നതും കൂടുതൽ വരുമാനം തരുന്നതുമായ ഒരു പഴ വർഗ്ഗ വിളയാണ് പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാംഗോസ്‌റ്റീൻ മരങ്ങൾ. തെങ്ങു വളരുമ്പോൾ 4 തെങ്ങുകൾക്കിടയിൽ ഒരു മാംഗോസ്റ്റീൻ എന്ന രീതിയിൽ നടാനായി നല്ലത് .
മാംഗോസ്റ്റീന്റെ പുതിയ വേരുകൾ മണ്ണിലേക്ക് ഇറങ്ങി വേരു പടലം വികസിച്ചു വരാൻ കൂടുതൽ സമയം എടുക്കുന്നു. അതിനാൽ തൈകൾ നശിച്ചു പോകാതിരിക്കാൻ കൂടുതൽ പരിചരണം ആവശ്യമായതു കൊണ്ടാണ് 4 വർഷം പ്രായമായ തൈകൾ തിരഞ്ഞെടുത്തത്. ഈ തൈകൾ ഇനി ഒരു 4 വർഷം കൂടി കഴിയുമ്പോൾ കായ്ക്കാൻ തുടങ്ങും വിളവെടുപ്പിനുള്ള കാത്തിരിപ്പു കുറക്കാനും പ്രായം കൂടിയ തൈകൾ നടുന്നതാണ് ഉത്തമം. ഇന്ന് പല സ്വകാര്യ നഴ്സറികളിലും പല പ്രായത്തിലുള്ള തൈകൾ ലഭ്യമാണ്. നല്ല കരുത്തുറ്റ 3 മുതൽ 4 വർഷം പ്രായമായ 2 മുതൽ 3 തട്ടു വളർച്ചയുള്ള തൈകളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത് എന്നാണ് കർഷകരുടെ അനുഭവം.
നല്ല ഇളക്കമുള്ള മണ്ണിൽ വേണം മാംഗോസ്റ്റീൻ തൈ നടാൻ. ഭൂമിയിലേക്ക് വേര് ഇറങ്ങാൻ സമയം എടുക്കുന്ന - വിളയാണ്. അതു കൊണ്ട് രണ്ടര അടി നീളം, വീതി ആഴം വലിപ്പത്തിൽ കുഴികളെടുത്ത് കുഴിയുടെ മുക്കാൽഭാഗം - ഇളകിയ മേൽ മണ്ണും, ചാണകപ്പൊടിയും കൊണ്ട് നിറച്ചതിനു ശേഷം വേണം തൈ നടാൻ. ഏകദേശം 3 അടി ഉയരമുള്ള 3-4 വർഷം വരെ പ്രായമുള്ള കരുത്തോടെ വളരുന്ന തൈകൾ വേണം നടാൻ. നട്ടു കഴിഞ്ഞ് ബലമുള്ള കമ്പു നാട്ടി താങ്ങു കൊടുക്കണം. വിത്തു മുളപ്പിച്ച തൈകളാണ് ഗ്രാഫ് തൈകളേക്കാൾ നല്ലത്.
വേനൽക്കാലത്ത് നന ആവശ്യമായ വിളയാണിത്. അതിനാൽ ജലസേചന സൗകര്യമുള്ള തെങ്ങിൻ തോട്ടങ്ങൾ വേണം മാംഗോസ്‌റ്റീൻ കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കാൻ. തെങ്ങിനെ പ്പോലെ തന്നെ ജൈവ വള പ്രയോഗത്തിനാണ് മാംഗോസ്‌റ്റീൻ കൃഷിക്ക് മുൻ തൂക്കം നൽകേണ്ടത്. ചാണകം കടലപ്പിണ്ണാക്ക്, എല്ലു പൊടി, ആട്ടിൻകാഷ്ടം, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്‌റ്റ്, എന്നിവ ജൈവ വളമായി ചേർത്തു കൊടുക്കണം. കൂടാതെ തോട്ടത്തിൽ നിന്നുള്ള ജൈവ അവശിഷ്ടങ്ങളും ജൈവവളമായി ഉപയോഗിക്കാം.