നീർവാർച്ചയുള്ള ഏതുതരം മണ്ണിലും മാരിഗോൾഡ് കൃഷി ചെയ്യാമെങ്കിലും മണൽകലർന്ന എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യം. അൽപ്പം അമ്ലത്വമുള്ള (pH 5.6 - 6.5) മണ്ണാണ് കൂടുതൽ നല്ലത്. മിതമായ ചൂടുള്ള കാലാവസ്ഥയിൽ മാരിഗോൾഡ് നന്നായി വളരുകയും പുഷ്‌പിക്കുകയും ചെയ്യും. ചൂടു കൂടിയ കാലാവസ്ഥയിൽ വളർച്ച മുരടിക്കുകയും പുഷ്‌പ ഉൽപ്പാദനം കുറയുകയും ചെയ്യും.
പ്രവർധനം
വിത്തുകളും, കട്ടിങുകളും പ്രവർധനത്തിനുപയോഗിക്കാമെങ്കിലും വിത്തുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. വിത്തു തൈകൾക്ക് നല്ല വളർച്ചയുണ്ടാകുമെന്ന് മാത്രമല്ല കൂടുതൽ പൂക്കളുണ്ടാകുകയും ചെയ്യും. വിത്തുകൾ 18°C മുതൽ 30°C വരെയുള്ള ഊഷ്‌മാവിൽ നന്നായി മുളച്ചുകിട്ടും. വിത്തുകൾ പാകുമ്പോൾ ആൽഡ്രിൻ പോലുള്ള ഏതെങ്കിലും രാസവസ്‌തു വിതറേണ്ടതാണ്. പാകിയ ശേഷം വിത്തുകൾ മൂടത്ത ക്കവിധം ഒരു പാളി മണ്ണുകൊണ്ട് ആവരണം ചെയ്യണം.
വിത്തുകൾ പാകുന്നതിനുള്ള നഴ്‌സറി ബെഡുകൾക്ക് 10 സെന്റിമീറ്റർ ഉയരവും 6 മീറ്റർ നീളവും 1.2 മീറ്റർ വീതിയും ഉണ്ടായിരിക്കണം. അടിവളമായി മണ്ണിൽ 30 കിലോഗ്രാം കാലിവളമോ കമ്പോസ്റ്റിനോടോ ഒപ്പം 500 ഗ്രാം രാസ വളക്കൂട്ടും (15:15:15) ചേർക്കേണ്ടതാണ്. വിത്തുകൾ 7.5 സെൻ്റീമീറ്റർ അകലത്തിൽ വരിയായി പാകാം. വേനൽകാലത്തും മഴക്കാലത്തും വിത്ത് പാകാവുന്നതാണ്. വേനൽകാലത്ത് ജനുവരി - ഫെബ്രുവരി മാസങ്ങളും, മഴക്കാലത്ത് ജൂൺ - ജൂലൈ മാസങ്ങളുമാണ് യോജിച്ച സമയം.
നല്ല മഴയുള്ള സന്ദർഭങ്ങളിൽ കട്ടിങുകളും നടാൻ ഉപയോഗിക്കാം. കട്ടിങ് നല്ല മഴയുള്ള സന്ദർഭങ്ങളിൽ കട്ടിങുകളും നടാൻ ഉപയോഗിക്കാം. കട്ടിങകൾ ഉപയോഗിക്കുമ്പോൾ മാതൃസസ്യത്തിൻ്റെ സ്വഭാവം നിലനിർത്താം എന്ന മെച്ചം കൂടിയുണ്ട്. ആറു മുതൽ പത്തു സെൻ്റീമീറ്റർ വരെ നീളമുള്ള കട്ടിങുകളാണ് നടാൻ ഉപയോഗിക്കുന്നത്. മുറിഞ്ഞ അറ്റം IAA, IBA തുടങ്ങിയ ഹോർമോണുകളിൽ മുക്കിയശേഷം നടുന്നത് എളുപ്പത്തിൽ വേരുപിടിക്കുന്നതിന് സഹായകരമാണ്.