വേനൽച്ചൂട് അധികരിക്കുമ്പോൾ മഴയെത്തും മുമ്പേ കൽപ്പവൃക്ഷത്തിന് സുഖ ചികിത്സ നടത്തുന്ന ഒരു പാരമ്പര്യ കാർഷികാനുവർത്തന രീതി കേരളത്തിൽ നിലനിന്നിരുന്നു. പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്ത് അതൊരു നാട്ടുനടപ്പായിരുന്നു. കൃഷിയെ നെഞ്ചേറ്റിയിരുന്ന കാരണവന്മാർ പണ്ട് വളരെ കൃത്യമായി തെങ്ങിന് ഈ പരിചരണം നൽകുവാൻ കരുതലോടെ ശ്രദ്ധിച്ചിരുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നാളികേരമിടുമ്പോൾ ഈ ചികിത്സ കൂടി നടത്തുമായിരുന്നു. തെങ്ങിൻ്റെ അന്തകനായ സർവ്വ നാശം വരുത്തുന്ന ചെല്ലിബാധ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗമായിരുന്നു ഇത്.
മരോട്ടിക്കുരു ഇടിച്ച് പരുവപ്പെടുത്തിയത്, അടുപ്പു കത്തിച്ചു കിട്ടുന്ന ചാരം അഥവാ വെണ്ണീർ, പരൽ ഉപ്പ്, ഒപ്പം ആറ്റുചരൽ അതായത് മണൽ എന്നിവ സംയോജിപ്പിച്ച് തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി യഥേഷ്ടം ഈ മിശ്രിതം ഇട്ടുകൊടുക്കുന്നു. ഓരോ മടലിടുക്കിലും ഈ മരുന്ന് മിശ്രിതം ശ്രദ്ധാപൂർവ്വം ഇട്ടു കൊടുക്കുമായിരുന്നു. തെങ്ങിന്റെ മണ്ടയിലെ യഥാവിധിയുള്ള ഈ മരുന്ന് പ്രയോഗത്തിനു മുമ്പായി ഒരു സമ്മർ കട്ടിംഗ് കണക്കേ തെങ്ങിൻ തലപ്പ് നല്ലതു പോലെ വൃത്തിയാക്കും. ആദ്യം തന്നെ മൂന്ന് നാല് അടിയോലകൾ വെട്ടി ഒഴിവാക്കും. കൂടാതെ ചുട്ടും കോഞ്ഞാട്ടയും കൊതുമ്പുമെല്ലാം പറിച്ചു നീക്കി നല്ല കാറ്റോട്ടമുണ്ടാകും വിധം തെങ്ങിന്റെ മണ്ട നന്നായി വൃത്തിയാക്കിയ ശേഷമാണ് മരുന്ന്
മിശ്രിതം ഇട്ടുകൊടുക്കുന്നത്. ഇപ്രകാരം തെങ്ങിന്റെ മണ്ട വൃത്തിയാക്കുമ്പോൾ കൊമ്പൻ ചെല്ലിക്കും ചെമ്പൻ ചെല്ലിക്കും സൗകര്യപ്രദമായി തെങ്ങിൻ മണ്ടയിൽ സ്വൈരവിഹാരം നടത്തുന്നതിനുള്ള അനുഗുണമായ സാഹചര്യം ഒഴിവാക്കുക കൂടിയാണ്.
മരോട്ടിക്കുരു ഇടിച്ചുപരുവപ്പെടുത്തിയിട്ടു കൊടുക്കുമ്പോൾ അതിൻ്റെ രൂക്ഷമായ ഗന്ധം കൊണ്ടു തന്നെ കീടങ്ങളെ വികർഷിക്കുവാൻ കഴിയുന്നു. ഒരേസമയം വളവും ജൈവ കീടനാശിനിയുമാണ് മരോട്ടി പിണ്ണാക്ക്. മുമ്പ് മിക്കവാറും എല്ലാ വീടുകളുടേയും പുറം പറമ്പുകളിലും കാവുകളോടു ചേർന്നും മരോട്ടിമരം സമൃദ്ധമായി വളർന്നിരുന്നു. കാർത്തിക ദീപം തെളിയ്ക്കുവാൻ മരോട്ടി തോക്കയാണ് ഉപ യോഗിച്ചിരുന്നത്. മരോട്ടി എണ്ണ ചില ത്വക്ക് രോഗങ്ങൾക്കുള്ള ആയുർവ്വേദമരുന്നുകളിലെ ചേരുവയുമായിരുന്നു. ചിതൽ മുതലായ ഉപദ്രവകാരികളായ ജീവികളെ തുരത്തുവാനും മരോട്ടി എണ്ണ പ്രയോഗം ഫലപ്രദവുമാണ്. ഉപ യോഗ സാധ്യതകൾ ഏറെയുണ്ടായിരുന്ന ഈ 'സ്നേഹമരം' വംശനാശത്തിന്റെ വഴിയിലാണ്! 'മരോട്ടിക്കായ തിന്ന കാക്കയെപ്പോലെ' എന്നത് ഭാഷയിലെ ഒരു പ്രയോഗവും ശൈലിയുമാണ്.
മരോട്ടിക്കുരു ഇടിച്ചു പരുവപ്പെടുത്തിയതിനൊപ്പം വെണ്ണീറും ഉപ്പുപരലും കൂടി ചേർക്കുമ്പോൾ തെങ്ങിന്റെ കുരലിൽ അത് കൂടുതൽ കാലം നിലനിൽക്കുന്നതിനും പറ്റിച്ചേരുന്നതിനും സഹായിക്കുന്നു. ഉപ്പുപരൽ ക്രമേണ മാത്രം അലിഞ്ഞ് ഈർപ്പാംശം ദീർഘകാലം നിലനിൽക്കുമെന്നത് സ്വാഭാവികം. മണൽ അഥവാ ചരൽ ചേർത്തു കൊടുക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും ഗുണപരമായി മാറുന്നു. ചെല്ലിയുടെ തലയും ഉടലും ചേരുന്ന ഭാഗത്ത് വളരെ നേരിയ ഒരു വിടവ് സൂക്ഷ്മമായി നോക്കിയാൽ ഇവ ഇഴയുമ്പോഴും പറക്കുമ്പോഴും നമുക്ക് കാണാം. തീവണ്ടിയുടെ രണ്ടു ബോഗികൾക്കിടയിലെ വിടവ് പോലെ ചെല്ലിയുടെ തലഭാഗത്തിനും ഉടൽ ഭാഗത്തിനും മധ്യേയുള്ള അതിസൂക്ഷ്‌മമായ ഈ വിടവിൽ മണൽത്തരികൾ കയറുകയും അവയ്ക്ക് പറക്കുവാനും സഞ്ചരിക്കുവാനും സാധിക്കാതെ വരികയും ചെയ്യും.
'ഒരു വെടിക്ക് രണ്ടു പക്ഷി' എന്ന ചൊല്ല് ഇവിടെ പതിരില്ലാത്ത പരമാർത്ഥമാകുന്നു. തെങ്ങിൻ്റെ മണ്ട മറിയ്ക്കുന്ന കൽപവൃക്ഷത്തിൻ്റെ ആജന്മശത്രുവായ ചെല്ലികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. എന്നാൽ മഴക്കാലത്തുണ്ടാകുന്ന കുമിൾ രോഗങ്ങളെ ചെറുക്കാനുള്ള ഒരു മുന്നൊരുക്കം കൂടിയായിരുന്നു കാരണവന്മാരുടെ ഈ കായകൽപ ചികിത്സ.