കോളിയസ് ഫോർസ്കോളി എന്ന മരുന്ന് കൂർക്ക ലാമിയേസി കുടുംബത്തിലെ അംഗമാണ്. മരുന്നു മേഖലയിൽ കേരളീയർക്ക് ഒരു വിലപ്പെട്ട വിരുന്നുകാരിയായി വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. വിലപ്പെട്ട വിരുന്നുകാരിയെന്ന് വിശേഷിപ്പിക്കാൻ കാരണം രക്താതി സമ്മർദം, ആസ്ത്മ, ഹൃദ്രോഗം, അർബുദം, എന്നീ മാരകരോഗങ്ങൾക്ക് പാർശ്വഫലങ്ങൾ അശേഷമില്ലാതെ ആയുർവേദ ചികിൽസകർ അടുത്ത കാലത്തു മാത്രം ആശ്രയിച്ചു തുടങ്ങിയ ഒരു ദിവ്യ ഔഷധിയെന്ന നിലയ്ക്കാണ്.
ഇടതൂർന്ന ഇലകളും മാംസളമായ തണ്ടും സ്വാദിഷ്ടമായ സ്വരസവും ഇളം തലക്കങ്ങൾക്ക് പൂപ്പൽബാധയുണ്ടാകാനുള്ള അനുകൂല സാഹചര്യങ്ങളാണ്. കടുത്ത പൂപ്പൽബാധ ബാലാരിഷ്ടതയുള്ള ആദ്യ ദിശയിൽ വളർച്ചയെ മാത്രമല്ല നിലനിൽപ്പിനെയും ബാധിച്ചെന്നു വരാം. ഇത് നാം കൃഷി ചെയ്യുന്ന സാഹചര്യങ്ങളിൽ മാത്രം കാണുന്ന പ്രതിഭാസമാണെന്നു കൂടി ഓർക്കുക. നൈസർഗികമായി വളരുമ്പോൾ യാതൊരു ബാധയും ഈ സസ്യത്തെ അലട്ടാറില്ല. പൂപ്പൽബാധ ഒഴിവാക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതത്തിൽ മുക്കി വേണം തലക്കം നടാൻ. തലക്കങ്ങൾ മുറിച്ചാലുടൻ ഈ പരിചരണം നടത്തുക. ഇലകൾ വാടിത്തുടങ്ങുന്നതിനുമുൻപ് നടീലും തണൽ കൊടുക്കലും നടത്തുക.
നടീൽ
തലക്കം വേരുപിടിപ്പിക്കൽ
വേരുപിടിപ്പിക്കുന്നതിന് 150 ഗേജ് കനമുള്ള 20x15 സെ.മീ. വലിപ് മുള്ള പോളിത്തീൻ കവറുകളിൽ മൺ മിശ്രിതം നിറച്ച് നടുക. നേർമയുള്ള മേൽമണ്ണും ഉണങ്ങിയ കാലിവളവും ചേർത്തിളക്കിയ മൺ മിശ്രിതമാണ് ഇതിലേക്ക് ഉപയോഗിക്കേണ്ടത്. ചുവട്ടിൽ ജലനിർഗമനത്തിനുള്ള സുഷിരങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. തലക്കങ്ങൾ മൂന്ന് സെ.മീറ്റർ താഴ്ത്തിയാണ് നടേണ്ടത്. നടീൽ കഴിഞ്ഞ് മേൽമണ്ണ് ലോലമായി അമർത്തുക. നടിൽ കഴിഞ്ഞാൽ കവറുകൾ തണലുള്ള സ്ഥലത്ത് അടുക്കി വയ്ക്കുക. മൂന്നാഴ്ച മുതൽ ഒരു മാസക്കാലം കൊണ്ട് ധാരാളം വേരുകൾ പൊട്ടി തലക്കങ്ങൾ തഴച്ചു വളർന്നു തുടങ്ങും. മണ്ണിന് നനവുണ്ടായിരിക്കാൻ പാകത്തിനു മാത്രമേ ജലസേചനം നടത്തേണ്ടതുള്ളൂ. മൂന്നാഴ്ച കഴിഞ്ഞാൽ ക്രമേണ കവറുകൾ സൂര്യപ്രകാശത്തിലേക്ക് മാറ്റി നന്നായി നനയ്ക്കുക. ഒരു മാസം പിന്നിട്ടാൽ പറിച്ചു നടീൽ കാലമാകും. തലക്കങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഈ രീതി ഏറെ ഫലപ്രദമാണ്.
നിലമൊരുക്കൽ
മഴയെ ആശ്രയിച്ചു കൃഷി നടത്തുന്ന സാഹചര്യങ്ങളിൽ ജൂലായ് മാസത്തെ ശക്തിയായ മഴ കഴിഞ്ഞ ശേഷം പറിച്ചു നടുന്നതാണ് അഭികാമ്യം. ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണകൾ തയാറാക്കുക. താവരണകൾക്ക് 25-30 സെ.മീ. ഉയരമുണ്ടായിരിക്കണം. തടം നേർമയായി കട്ടകൾ പൊടിച്ച് ഉപരിതലം നിരപ്പാക്കുക. ചെടികൾ തമ്മിൽ സെ.മീറ്ററും വരികൾ തമ്മിൽ 60 സെ.മീറ്ററും അകലം ക്രമീകരിക്കുക. തടത്തിൽ ഇരുവശങ്ങളിലുമായി ആഴം കുറഞ്ഞ ചെറുകുഴികളെടുത്ത് പോളിത്തീൻ കവറു മാറ്റി തൈകൾ നടുക. അടിവളമായി ചെടിയൊന്നിന് രണ്ടു കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും ഒരു കിലോ ചാരവും ചേർക്കുക.
മേൽവളപ്രയോഗം
നടീൽ കഴിഞ്ഞ് ആദ്യ മേൽവളം ചെടിയൊന്നിന് ഒരു കിലോ കാലി വളവും ചാരവും ചേർത്ത മിശ്രിതം വേരിന് കേടു കൂടാതെ മേൽ മണ്ണിൽ ഇളക്കി ചേർക്കുക. ഇത് ഒരു മാസം പ്രായത്തിൽ നടക്കേണ്ട പരിചരണമാണ്. ഇതേ തോതിൽ ഒന്നര മാസം കഴിഞ്ഞ് രണ്ടാം മേൽവളവും ചേർക്കുക. ഇടയിളക്കലും കളപോക്കലും ഇതോടൊപ്പം നടത്തുക. പൂങ്കുലകൾ പ്രത്യക്ഷപ്പെടുന്ന മുറയ്ക്ക് അവയെ ആരംഭത്തിലേ നുള്ളിക്കളയുക. കായിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗമായിട്ടാണ് ഇതിനെ കർഷകർ വിശേഷിപ്പിക്കുന്നത്.
വിളവെടുപ്പ്
നടീൽ കഴിഞ്ഞ് 140 ദിവസം മുതൽ കിഴങ്ങുകൾ വിളവെടുപ്പിന് പാകമാകും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന സാഹചര്യങ്ങളിലാണ് വിളവെടുപ്പ് കാലേ കൂട്ടി നടത്തേണ്ടി വരിക. ജലസേചനവും ചിട്ടയായ പരിചരണങ്ങളും ലഭിക്കുന്ന ചെടികൾ വിളവെടുക്കാൻ 160 ദിവസം വരെ വേണ്ടിവരും. വിളവെടുപ്പ് നടത്തുന്നതിന് രണ്ടാഴ്ച മുൻപ് നന പൂർണമായും ഒഴിവാക്കുക. മണ്ണിന്റെ തരവും നനവിന്റെ തോതും അനുസരിച്ച് വിളവെടുപ്പിന്റെ രീതിയിൽ വ്യത്യസ്തത പുലർത്തേണ്ടി വരും. ചെമ്മണ്ണിലും മണൽ മണ്ണിലും പശിമരാശി മണ്ണിലും നന്നായി നനച്ച ശേഷം കിഴങ്ങുകൾ മാന്തി പറിച്ചെടുക്കാം. വെട്ടുകൽ പ്രദേശത്തും ഉറച്ച മണ്ണിലും ഫോർക്ക് ഉപയോഗിച്ച് കടയിളക്കിയാണ് വിളവെടുക്കേണ്ടത്. നന്നായി വളരുന്നതും ചിട്ടയായ പരിചരണം ലഭിക്കുന്നതുമായ ചെടിയിൽ നിന്നും 400-600 ഗ്രാം കിഴങ് ലഭിക്കും.
സംസ്കരണവും സംഭരണവും
വൃത്തിയാക്കിയ കിഴങ്ങ് ചെറുകഷ്ണങ്ങളായി അരിഞ്ഞ് മണലിൽ തുണിവിരിച്ച് തണലിൽ ഉണക്കുക. ഒരുകിലോ മരുന്നു കൂർക്കയ്ക്ക് 60 മുതൽ 75 രൂപവരെ വിലയുണ്ട്. പുതിയ മൺപാത്രങ്ങളിൽ വേപ്പില വിരിച്ച് കിഴങ്ങുനുറുങ്ങുകൾ നിരയായി വാരിയിട്ട് തുണികൊണ്ട് വായ്ത്തലകെട്ടി സൂക്ഷിക്കാം. 15 ദിവസത്തിലൊരിക്കൽ തണലിൽ തുറന്ന് കാറ്റടി കൊള്ളിക്കണം. പൂപ്പൽബാധ ഒഴിവാക്കാനാണ് ഈ പരിചരണം.