എല്ലായിടത്തും വളരുന്ന ചെടിയല്ല ആര്യവേപ്പ്.പിടിച്ചുകിട്ടിയാൽ ആ പ്രദേശത്തെ മുഴുവൻ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. അത്ര രോഗനാശിനിയാണ് ആര്യവേപ്പ്.സമൂലം ഔഷധഗുണങ്ങളുള്ള വൃക്ഷമാണ് ആര്യവേപ്പ്.
ചെളി കലര്‍ന്ന കറുത്തമണ്ണാണ് ഇതിന്റെ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം.വിത്ത് കൂടകളില്‍ മുളപ്പിച്ചോ നേരിട്ട് വിതച്ചോ വേപ്പ് വളര്‍ത്തിയെടുക്കാവുന്നതാണ്. വിത്തിന്റെ ആയുസ്സ് 2-3 ആഴ്ച്ചവരെ മാത്രമാണ്. വേപ്പിന്‍ വിത്തില്‍ നിന്ന് ലഭിക്കുന്ന എണ്ണ സോപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. തടി കൊണ്ട് ഫര്‍ണിച്ചറുകളും കാര്‍ഷികോപകരണങ്ങളും നിര്‍മ്മിക്കാം.
നന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് വേപ്പിന്‍ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്‍ പാലക്കാടാണ് വേപ്പ് നന്നായി കായ്ക്കുന്നത്. തമിഴ്നാടില്‍ വ്യാപകമായി വേപ്പിന്‍ മരങ്ങളുണ്ട്. അവിടങ്ങളിലെ വേപ്പിന്‍ തൈകള്‍ നല്ല കായ്ഫലവും നല്‍കാറുണ്ട്. നന്നായി മൂത്തകായകള്‍ ശേഖരിച്ച് വെയിലത്തുണക്കി പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കാം.
മുളച്ചുപൊന്തിയതൈകള്‍ മൂന്ന് നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള, നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. വേപ്പ് കീടനാശകവും രോഗനാശകവുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചു കാണാറില്ല. അഥവാ ബാധിച്ചാല്‍ തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ വേപ്പ് സ്വയം തന്നെ പ്രതിരോധിക്കും.
മാറ്റി നട്ടുകഴിഞ്ഞാല്‍ അഞ്ച് ആറ് വര്‍ഷംകൊണ്ട് മരം കായ്ക്കും. നട്ട് ഏകദേശം പത്താം വര്‍ഷം മുതല്‍ ഒരുമരത്തില്‍ നിന്നും 10 -15 കിലോവരെ കായകള്‍ ലഭിക്കും. ഇതില്‍നിന്നാണ് വേപ്പെണ്ണ ആട്ടിയെടുക്കുന്നത്. വേപ്പിന്‍പിണ്ണാക്ക് ഇതിന്റെ ഉപോത്പന്നമാണ്.
മരത്തൊലി, കറ, പൂവ്, എണ്ണ എന്നിവയൊക്കെ ആയുര്‍വേദ ഔഷധങ്ങളാണ്. വേപ്പിന്‍പിണ്ണാക്ക് നല്ല വളമാണ്. കൂടാതെ ചിതലിനെ ഓടിക്കാന്‍ പറ്റിയതുമാണ്. വേപ്പിലയുടെ സാന്നിദ്ധ്യം ഒരു പ്രദേശത്തെ മുഴുവന്‍ മലേറിയായില്‍ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വാസമുണ്ട്.