MFOI 2024 Road Show
  1. Health & Herbs

ആര്യവേപ്പ് ഔഷധകലവറ

ആര്യവേപ്പുള്ളിടത്തു മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്കു ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്.

KJ Staff
ആര്യവേപ്പുള്ളിടത്തു മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്കു ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളിൽ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യദായകമാണ്. വീടിന്റെ മുൻവശത്തു വേപ്പ് നട്ടു വളർത്തുന്നതും ഇതുകൊണ്ടു തന്നെ. 

മീലിയേസീ സസ്യകുടുംബത്തിലെ ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിൽ എല്ലായിടത്തും തന്നെ ഈ മരം കാണാറുണ്ട്. ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ് ആര്യവേപ്പ്.വേപ്പില കഷായം തണുപ്പിച്ച് പതിവായി മുഖം കഴുകിയാൽ മുഖക്കുരുവിന്റെ ശല്യം ഉണ്ടാകില്ല. വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലുതേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനു നന്ന്. വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്ക്‌ ജൈവ വളമായി ഉപയോഗിക്കുന്നു. പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു. 

neem leaf

ആര്യവേപ്പ് ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.

വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം, വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. 

neem leaf

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും. വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരിൽ കലക്കി വായിൽ കൊണ്ടാൽ വായ് പുണ്ണ് ശമിക്കും. തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്. ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച് മൂന്നു ദിവസം തുടർച്ചയായി സേവിച്ചാൽ കൃമി ശല്യത്തിന് ശമനം കിട്ടും. ആര്യവേപ്പിന്റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാൽ മുറിവുണങ്ങും. ചർമരോഗങ്ങൾ ഉള്ള ശരീരഭാഗങ്ങളിൽ ഈ കഷായം പുരട്ടിയാൽ രോഗശമനമുണ്ടാകും. സ്ഥിരമായി ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിന്റെ പട്ട കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. വേപ്പിലനീര് 10 മില്ലി ലിറ്റർ മൂന്നു നേരം കുടിച്ചാൽ വിശ്വാചി എന്ന വാതരോഗം ശമിക്കും. 

കുരുമുളക്, ഞാവൽപട്ട എന്നിവയോടൊപ്പം ആര്യവേപ്പിന്റെ പഴുപ്പും ചേർത്ത് ഉണക്കിപ്പൊടിച്ച് പൂർണമായി ഒരു സ്പൂൺ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ വയറിളക്കം ശമിക്കും. വിഷ ജന്തുക്കൾ കടിച്ചുണ്ടാകുന്ന മുറിവിന് ആര്യവേപ്പ് മികച്ച ഔഷധമാണ്. ആര്യവേപ്പിലയും കണവും അരച്ച് മുറിവിൽ ദിവസവും രണ്ടു പ്രാവശ്യം വീതം പുരട്ടിയാൽ മുറിവുണങ്ങും. പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാൽ മുറിവ് വേഗത്തിലുണങ്ങും. ഇടയ്ക്കൊക്കെ വേപ്പില അരച്ച് കുഴമ്പു രൂപത്തിൽ സേവിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. മികച്ച അണുനാശിനിയും കീടനാശിനിയുമാണ് ആര്യവേപ്പില. 

neem fruit
പയറുവർഗ്ഗങ്ങൾ, അണ്ടിവർഗ്ഗങ്ങൾ തുടങ്ങിവയ്ക്കൊപ്പം ആര്യവേപ്പിന്റെ ഏതാനും ഇലകൾ കൂടി നിക്ഷേപിച്ചാൽ അവയ്ക്ക് കീടബാധ ഏല്ക്കുകയില്ല. ദീർഘനാൾ കേടു കൂടാതെയിരിക്കും. വേപ്പിന്‍ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിൻ പിണ്ണാക്ക് നല്ലൊരു ജൈവ വളമാണ്. സ്ഥല സൗകര്യമുണ്ടെങ്കിൽ ഗൃഹപരിസരത്ത് നട്ടുവളർത്താവുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇലകളിൽ തട്ടിവരുന്ന കാറ്റു പോലും ഔഷധ ഗുണപ്രദമാണെന്ന കാര്യം ഓർക്കുക.

വേപ്പിൻ തൈലം കൈകാലുകളിൽ പുരട്ടിയാലോ, വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളിൽ സന്ധ്യാസമയത്ത് ചെറുതായി സ്പ്രേ ചെയ്താലോ കൊതുകിന്റെ ശല്യം മാറും. വേപ്പിന്റെ വിത്തിലെ പൾപ്പു നീക്കം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തടങ്ങളിൽ പാകി മുളപ്പിക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്നതും നീർവാഴ്ചയുള്ളതുമായ സ്ഥലത്ത് കുഴിയെടുത്ത് ആവശ്യത്തിനു ജൈവവളം ചേർത്ത് നാലു മാസമെങ്കിലും പ്രായമായ തൈകൾ നട്ടു പിടിപ്പിക്കാം.
English Summary: health benefits of neem tree

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds