വെളുത്ത പൊടി പോലെ ചെടിയുടെ തണ്ടിലും ഇലയുടെ അടിവശത്തും പറ്റിപ്പിടിച്ചിരിക്കുന്ന കീടമാണ് മീലിമുട്ട.
വെണ്ടയിൽ കാണുന്നത് തവിട്ടു നിറത്തിലുള്ള മീലിമുട്ടയാണ് (മാക്കോനെല്ലി കോക്കസ് ഹിർസ്യൂട്ടസ്). കായ്‌കളിലും ഇളംതണ്ടിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചി രുന്ന് ഇവ നീരൂറ്റിക്കുടിക്കുന്നു. ഇതു മൂലം ഇലകൾ ചെറുതായി കുരുടിച്ചു പോകുന്നു. കായുടെ വലിപ്പം താരതമ്യേന കുറഞ്ഞ് വിളവ് കുറയുകയും ചെയ്യും.
ചെടിയുടെ വളർച്ച മുരടിച്ച് കുറ്റിച്ചെടിപോലെ ആകും. കീടത്തിൻ്റെ പുറത്ത് വെളുത്ത പഞ്ഞി പോലൊരു വസ്തു മൂടിയിരിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാൻ കഴിയില്ല. ചാഴിവർഗത്തിൽ പെട്ട ഈ കീടം നീരുറ്റിക്കുടിക്കുമ്പോൾ ഉമിനീര് ചെടിയിലേക്ക് ഇറങ്ങുന്നു. അങ്ങനെ മുരടിക്കലും കുരുടിപ്പും ഉണ്ടാകും. ചെടികൾ വിരുപമായിത്തീരും. ഈ ലക്ഷണങ്ങൾ കൊണ്ട് വൈറൽ രോഗബാധയോടു സാമ്യം തോന്നാം.
മീലിമുട്ട ഉത്പാദിപ്പിക്കുന്ന തേൻ പോലുള്ള ദ്രാവകത്തിൽ കരിംപൂപ്പൽ വളരുന്നതിനാൽ ചെടികൾ പാടെ നശിച്ചു പോകുകയും ചെയ്യും. കീടനാശിനികൾ ഇവയക്കെതിരെ ഫലപ്രദമല്ല. എന്നു മാത്രമല്ല, മിത്രകീടങ്ങൾ കൊല്ലപ്പെടുകയും ചെയ്യും. അതിനാൽ ജൈവമാർഗങ്ങൾ സ്വീകരിക്കണം. ഇരപിടിയന്മാരായ ആമവണ്ടുകളുടെ ഇഷ്‌ടഭോജനമാണ് മീലിമുട്ടകൾ ആമവണ്ടുകൾ ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കും. വേട്ടാളവർഗത്തിൽപെട്ട ചില പ്രാണികളും മീലിമൂട്ടയെ ആക്രമിച്ച് നശിപ്പിക്കും.