സാധാരണയായി മുരിങ്ങ വളർത്തുന്നത് കമ്പ് മുറിച്ചു നട്ടാണ്. ഇത് വിത്തു മുളപ്പിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്. ചെടി നട്ട് ആറു മാസത്തിനുള്ളിൽ പൂത്ത് കായ്‌കൾ നൽകുന്നു. നടുന്ന അതേ വർഷംതന്നെ പുഷ്പിച്ചു കായ് ഉണ്ടാകുകയും ദീർഘകാലം വിളവ് തരികയും ചെയ്യും.
വിത്തുകൾ പോളിത്തീൻ കവറുകളിൽ മുളപ്പിച്ച് ഒന്നൊന്നര മാസം പ്രായമെത്തുമ്പോൾ നടാം. ഈർപ്പം കുറഞ്ഞു വരണ്ട കാലാവസ്ഥയാണ് കൃഷിക്കനുയോജ്യം. ഉറപ്പുള്ള കളിമൺ പ്രദേശമൊഴികെ എല്ലായിടത്തും കൃഷി ചെയ്യാം. 25 സെൻ്റീമീറ്റർ നീളം, വീതി, താഴ്‌ച ഈ രീതിയിൽ കുഴികളെടുത്ത് തൈകൾ ഇളക്കി നടണം.
15 കിലോഗ്രാം കാലിവളം അടിവളമായി ചേർത്ത് അതിൽ തൈ നടാം. കമ്പുകൾ നട്ടാണ് കൃഷി ചെയ്യുന്നതെങ്കിൽ 1-1.25 മീറ്റർ നീളം 15-20 സെൻ്റീമീറ്റർ വണ്ണമുള്ള കമ്പുകളാണ് ഉപയോഗിക്കേണ്ടത്. മഴക്കാലത്ത് നടുന്നതാണ് നല്ലത്. കൂടുതൽ വെള്ളം കമ്പിനു ചുവട്ടിൽ കെട്ടി നിന്നാൽ അഴുകാൻ ഇടയാകും. മഴയില്ലെങ്കിൽ വേര് പിടിക്കുന്നതുവരെ നനയ്ക്കാൻ ശ്രദ്ധിക്കണം.
തൈനട്ടു മൂന്നുമാസം കഴിഞ്ഞ് ഓരോ ചെടിക്കും മേൽവളമായി 100 ഗ്രാം യൂറിയ, 100 ഗ്രാം സൂപ്പർ ഫോസ്‌ഫേറ്റ് (മസൂറിപോസ്) 50 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. വീണ്ടും ആറു മാസംകഴിഞ്ഞ് 100 ഗ്രാം യൂറിയ നൽകേണ്ടതാണ്. മണ്ണിന്റെ സ്വഭാവമനുസരിച്ച് 10-15 ദിവസം ഇടവിട്ട് നനയ്ക്കണം. വളപ്രയോഗം നടത്തുമ്പോൾ നന മുടങ്ങാതിരിക്കേണ്ടതുണ്ട്.
മഴക്കാലത്ത് തെങ്ങിനും മറ്റും വളം ചേർക്കുമ്പോൾ തടമെടുത്ത് 75 കിലോഗ്രാം ചാണകം നൽകിയാൽ മികച്ച വിളവ് ലഭിക്കും.
മുരിങ്ങയിൽ രോമാവൃതമായ ഒരിനം ഇലതീനിപുഴുക്കളുടെ ഉപദ്രവം അപൂർവമായി കാണാറുണ്ട്. മാലത്തിയോൺ 2 മി.ലിറ്റർ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കിത്തളിച്ചാൽ ഇവയെ നിയന്ത്രിക്കാം. വാട്ടരോഗം ബാധിച്ചാൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചാൽ മതി.
ഒക്ടോബർ-നവംബർ മാസത്തിൽ പൂത്തുതുടങ്ങി മാർച്ച്-ഏപ്രിൽ മാസമാകുമ്പോൾ കായ്കൾ പറിക്കാൻ പരുവമാകും. കായ്‌കൾ മൂക്കുന്നതിനു മുമ്പ് പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ചില മരങ്ങൾ വർഷത്തിൽ രണ്ടു തവണ കായ്ക്കും