കരുനാഗപ്പള്ളി ചക്കയിൽനിന്ന് രുചിയേറും വിഭവങ്ങൾ വിപണിയിലെത്തിച്ച മുജീബ് പുള്ളിയിലിന് സംസ്ഥാന കൃഷിവകുപ്പിന്റെ അംഗീകാരം. മികച്ച ചക്കസംസ്കരണം മറ്റു- വിളകളുടെ മൂല്യവർധിത അവാർഡാണ് മുജീബിനെ തേടിയെത്തിയത്. ചക്ക സംസ്കരണ രീതികളുടെ കണ്ടെത്തൽ, പ്രചാരണം, ഉത്പന്ന വൈവിധ്യം, വിപണനം എന്നിവയെല്ലാമാണ് മുജീബിനെ അവാർഡിന് അർഹനാക്കിയത്.
കുലശേഖരപുരം പുത്തൻ തെരുവ് പുള്ളിയിൽ വീട്ടിൽ മുജീബ് 2020-ലെ ലോക്ഡൗൺ കാലത്താണ് മിയാഎന്റർപ്രൈസസ് എന്ന യൂണിറ്റ് തുടങ്ങുന്നത്. വീട്ടുവളപ്പിൽ വിളഞ്ഞ ചക്ക ഉണക്കി പരീക്ഷണാടിസ്ഥാനത്തിലായിരുന്നു തുടക്കം. പിന്നീട് ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി പരിശീലിച്ചു. കാച്ചൂസ് എന്ന പേരിൽ പുറത്തിറക്കുന്ന ചക്ക വിഭവങ്ങളാണ് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡിന് അർഹമാക്കിയത്. വീട്ടുവളപ്പിലെ ചക്കയിൽനിന്ന് ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണനം തുടങ്ങിയ മുജീബ് ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിപണികൾ കീഴടക്കിക്കഴിഞ്ഞു.
കോവിഡ് കാലത്താണ് പ്രവാസിയായിരുന്ന കരുനാഗപ്പള്ളി പുത്തൻതെരുവ് പുള്ളിയിൽ വീട്ടിൽ എ മുജീബ് തന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ഗുണമേന്മകൊണ്ട് മഹാമാരിയിലും വിജയം കൊയ്തു. ചക്കപ്പൊടി മുതല്‍ ചക്കക്കാപ്പി വരെ ഉള്‍പ്പെടുന്ന നാൽപ്പതോളം ഉൽപ്പന്നങ്ങളാണ് മിയ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലൂടെ ഇന്ന് വിപണിയിൽ എത്തിക്കുന്നത്. വീട്ടിലെ ആവശ്യം കഴിഞ്ഞാൽ ബാക്കിവരുന്ന ചക്ക നശിക്കുന്നതു കണ്ടതോടെയാണ് പുതിയ ആശയത്തിലേക്ക് മുജീബ് എത്തുന്നത്. ചക്ക ഉണക്കിവച്ച് ദീർഘകാലത്തേക്ക് ഉപയോഗിച്ചായിരുന്നു തുടക്കം. പിന്നീട് ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ചക്ക ഉണക്കുന്നതും പൾപ്പ് തയ്യാറാക്കുന്നതും പരിശീലിച്ചു.
2021ൽ വീടിനോടു ചേർന്ന് ചെറിയ സംസ്കരണ യൂണിറ്റും തുടങ്ങി. ഒരു ടണ്ണോളം ചക്ക ഉണക്കാനുള്ള ഡ്രയർ, ഉണക്കിയ ചക്ക പൊടിച്ചെടുക്കാനുള്ള പൾവറൈസർ, പാക്കിങ് മെഷീൻ എന്നിവ യൂണിറ്റിലുണ്ടായിരുന്നു. തുടക്കത്തില്‍ ചക്കപ്പൊടിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഇന്ന് കേക്ക്, അച്ചാര്‍, മുറുക്ക്, പക്കാവട, പായസം, പുട്ടുപൊടി, ഹൽവ, ചപ്പാത്തിപ്പൊടി, ലഡു തുടങ്ങിയവ വിപണിയിൽ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിന് ചക്കപ്പായസം മിക്സ്, ചക്ക വരട്ടി, ജാം, സ്ക്വാഷ്, ജ്യൂസ് എന്നിവയും വിപണിയിൽ എത്തിച്ചു. ഇവയെല്ലാം ഹിറ്റായതോടെ ചക്കക്കുരു ചോക്കലേറ്റ്, ബേക്കറി ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഉൽപ്പാദിപ്പിക്കാനും തുടങ്ങി. ഇന്ത്യക്കകത്തും പുറത്തും വിപണി കണ്ടെത്തിയ മുജീബിന് പ്രവാസി ജീവിതകാലത്തെ ബന്ധങ്ങളും സഹായകമാകുന്നുണ്ട്. മറ്റു കമ്പനികൾക്കും ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നുണ്ട്.
അസംസ്കൃത വസ്തുവിന് വലിയ നിക്ഷേപം വേണ്ടിവരുന്നില്ല എന്നുള്ളതാണ് പ്രധാന മേന്മ. സീസണിൽ ചക്ക സുലഭമായി ലഭിക്കുന്നുമുണ്ട്. പ്രതിമാസ വരുമാനം രണ്ടുലക്ഷം രൂപയോളമാണ്. 40 വനിതകളും മുജീബിന്റെ സംരംഭത്തിൽ ജോലി ചെയ്യുന്നുണ്ട്. ചക്ക ഉൽപ്പന്നങ്ങൾ എന്ന ആശയം നിര്‍ദേശിച്ച കരുനാഗപ്പള്ളി ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക കൂടിയായ ഭാര്യ ഷീജയും കാർഷിക ബിരുദധാരിയായ മകൾ കാശ്മീരയും എംടെക് വിദ്യാർഥിയായ മകൻ അമർദിയയും സഹായത്തിനൊപ്പമുണ്ട്.
Phone :- 9497779798