മുരിങ്ങ ഒരു ഉഷ്‌ണകാല വിളയാണ്. പ്രധാനമായി സമതല പ്രദേശത്താണ് മുരിങ്ങ വളരുന്നത്. മഴ കുറഞ്ഞ വരണ്ട പ്രദേശങ്ങളിൽ നന്നായി മുരിങ്ങ വളരുന്നു. നല്ല വിളവും ലഭിക്കുകയും ചെയ്യുന്നു. എല്ലാത്തരം മണ്ണിലും മുരിങ്ങ വളരാറുണ്ട്. മണൽ കലർന്ന പശിമരാശി മണ്ണാണ് മുരിങ്ങ കൃഷിക്ക് ഏറ്റവും യോജിച്ചത്. കേരളത്തിലെ തീരപ്രദേശങ്ങളിലും മണൽപ്രദേശങ്ങളിലും ഇത് നന്നായി വളരുന്നു.
ഒരാണ്ടൻ മുരിങ്ങയുടെ സവിശേഷതകൾ
ഒരാണ്ടൻ മുരിങ്ങ നട്ട് ആദ്യവർഷം തന്നെ വിളവ് തരാൻ തുടങ്ങുന്നു. ധാരാളം പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. അവയുടെ പൾപ്പ് മറ്റുള്ള മുരിങ്ങയിലേതു പോലെ വളരെ പെട്ടെന്ന് കട്ടി പിടിക്കുന്നില്ല. നല്ല സ്വാദുണ്ട്.
മുരിങ്ങയുടെ വംശവർധനരീതി
സാധാരണ നടാൻ ഉപയോഗിക്കുന്നത് മുരിങ്ങയുടെ ശിഖരങ്ങൾ മുറിച്ചെടുത്തവയാണ്. ശിഖരങ്ങൾ മുറിച്ചെടുക്കുമ്പോൾ 90-150 സെ. മീറ്റർ നീളവും കൈവണ്ണവുമുണ്ടായിരിക്കണം. വിത്ത് കിളിർപ്പിച്ചു നട്ടും കൃഷി ചെയ്യാറുണ്ട്. മണ്ണു നിറച്ചു ചട്ടികളിലോ പോളിത്തീൻ ബാഗുകളിലോ വിത്തിട്ട് കിളിർപ്പിച്ച് ഒരടി പൊങ്ങുമ്പോൾ കുഴികളിൽ പിരിച്ചു നടാവുന്നതാണ്.
മുരിങ്ങ നടാൻ കുഴിയെടുക്കുന്ന വിധവും നടുന്ന രീതിയും
60 സെ.മീറ്റർ വീതം നീളം, വീതി, താഴ്‌ചയുള്ള കുഴികൾ എടുത്തു മേൽമണ്ണും ഉണക്ക ചാണകവും കൂടി നന്നായി കലർത്തി കുഴിയിലിട്ട് നിറച്ച ശേഷം മധ്യഭാഗത്തായി തൈയോ കമ്പോ നടാവുന്നതാണ്. മേയ്-ജൂൺ മാസങ്ങളാണ് നടാൻ അനുയോജ്യം. നടുമ്പോൾ മഴയില്ലെങ്കിൽ വേരു പിടിക്കുന്നതുവരെ നനച്ചു കൊടുക്കണം. മഴക്കാലത്ത് നട്ട കമ്പ് ചീഞ്ഞു പോകാതിരിക്കാൻ ശിഖരത്തിന്റെ മുകളിലത്തെ മുറിപ്പാട് പോളിത്തീൻ പേപ്പർ കൊണ്ട് പൊതിഞ്ഞു കെട്ടുന്നതു നല്ലതാണ്.
ഒരാണ്ടൻ മുരിങ്ങയുടെ കൃഷിരീതികൾ
കർണാടക, തമിഴ്‌നാട് മുതലായ സംസ്ഥാനങ്ങളിൽ ഒരാണ്ടൻ മുരിങ്ങ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ മുരിങ്ങത്തോട്ടങ്ങൾ വച്ചു പിടിപ്പിച്ചുവരുന്നു. തോട്ടമായി കൃഷി ചെയ്യുമ്പോൾ വരികൾ തമ്മിലും ചെടികൾ തമ്മിലും രണ്ടര മീറ്റർ വീതം അകലം നൽകണം. വീട്ടുവളപ്പിൽ ഒന്നോ രണ്ടോ തൈകൾ നടുമ്പോൾ സൗകര്യം പോലെ അകലം നൽകിയാൽ മതി.
കുഴിയെടുക്കുന്ന രീതി
കുഴിയെടുക്കുമ്പോൾ 45 X 45 X 45 സെ.മീറ്റർ വലിപ്പം നൽകണം.
ഏതെല്ലാം വളങ്ങൾ കുഴിയിൽ അടിവളമായി നൽകണം
ഓരോ കുഴിയിലും 15 കി.ഗ്രാം കാലിവളം വീതം മേൽമണ്ണുമായി നന്നായി കലർത്തണം. ശേഷം കുഴി മൂടണം. ഓരോ വിത്ത് വീതം ഓരോ കുഴിയിലും നടണം. വിത്തിനു മുകളിൽ അൽപ്പം മണ്ണിട്ടു മൂടണം. ദിവസവും കുറേശ്ശേ നനയ്ക്കണം.
വിത്തിൻ്റെ അളവ്
ഒരു ഹെക്ടർ സ്ഥലത്ത് നടാൻ 750 ഗ്രാം വിത്ത് വേണ്ടി വരും.
തലപ്പു നുള്ളൽ
60-75 സെ.മീറ്റർ ഉയരമാകുമ്പോൾ തൈകളുടെ അഗ്രഭാഗം നുള്ളിക്കളഞ്ഞാൽ ധാരാളം ശിഖരങ്ങൾ ഉണ്ടാകുന്നതാണ്.
വിളവെടുപ്പ്
14 മാസം പ്രായമാകുമ്പോൾ ആദ്യവിളവെടുപ്പ് നടത്താം. വിളവെടുപ്പ് കഴിഞ്ഞാൽ ചെടി 90 സെ.മീറ്റർ ഉയരത്തിൽ വച്ച് മുറിക്കണം. വീണ്ടും വളം ചേർത്ത് നനയ്ക്കണം. നാലഞ്ചു മാസം കഴിയുമ്പോൾ വീണ്ടും വിളവെടുക്കാൻ കഴിയുന്നു. ഈ രീതിയിൽ 3-4 വർഷം ചെടി വളർത്താവുന്നതാണ്. അതിനു ശേഷം അവയെല്ലാം നീക്കം ചെയ്‌ത് പുതിയ തൈ നട്ടു വളർത്തണം. അത്തരം മുരിങ്ങയിൽ നിന്നും ശരാശരി 200-225 കായ്കൾ ലഭിക്കുന്നു.