സ്പോൺ റണ്ണിനു ശേഷം കൂൺ തടത്തിലെ കവറിന്റെ കെട്ടഴിച്ച് തുറന്നു വയ്ക്കുക. സ്പോൺ റൺ കഴിഞ്ഞ് തടത്തിന് മുകളിൽ കേസിങ് നടത്തണം. ഇതിനായി പല മാധ്യമങ്ങൾ ഉപയോഗിക്കാവുന്നതാണ്.
മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ്, മണൽ:മണ്ണ്:ചാണകപ്പൊടി (1:1:1) മിശ്രിതം ഇവയെല്ലാം ഉപയോഗിക്കാവുന്നവയാണ്. ഇതിൽ മണ്ണിരക്കമ്പോസ്റ്റ് വളരെ ഉൽപ്പാദന ക്ഷമതയുള്ളതായി കണ്ടിട്ടുണ്ട്. മാധ്യമം ഏതായാലും 60 ശതമാനം ഈർപ്പം വരുന്ന തരത്തിൽ നനച്ചിട്ട് 20 ഗ്രാം കാൽസ്യം കാർബനെറ്റ് പൊടി ഒരു കിലോ മാധ്യമത്തിന് എന്ന തോതിൽ ചേർക്കുക. ഈ മിശ്രിതം 30 മിനിട്ട് ആവി കയറ്റിയശേഷം വൃത്തിയുള്ള സ്ഥലത്ത് വച്ച് തണുപ്പിക്കണം.
അണുവിമുക്തമാക്കിയ തണുത്ത കേസിങ് മാധ്യമം സ്പോൺ റൺ നടത്തിയ തടങ്ങളുടെ മുകളിൽ ഒരിഞ്ചു കനത്തിൽ നിരത്തി അമർത്തി വയ്ക്കുക. കേസിങ് മിശ്രിതം ചേർത്തശേഷം ഉൽപ്പാദനമുറിയിലേക്ക് മാറ്റാം. ദിവസേന കേസിങ് മിശ്രിതത്തിനു മുകളിൽ നനയ്ക്കുക. കേസിങ് നടത്തി 8-10 ദിവസമാകുമ്പോൾ കൂണിന്റെ വെളുത്ത പൂപ്പൽ കേസിങ് മിശ്രിതത്തിൽ കാണപ്പെടുന്നു.
രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കുഞ്ഞു കൂൺ മുകുളങ്ങൾ കേസിങ് മിശ്രിതത്തിനു മുകളിലായി കണ്ടുതുടങ്ങുന്നു. ഇത് ഒരാഴ്ച കഴിയുമ്പോൾ വിളവെടുപ്പു നടത്താം. ഒന്നാമത്തെ വിളവെടുപ്പു പൂർത്തിയാകുമ്പോൾ കേസിങ് ചെറുതായി ഒന്ന് ഇളക്കിക്കൊടുക്കാം. ചിപ്പിക്കൂൺ കൃഷിയിലേതു പോലെ കൂൺ തടങ്ങളിൽ നിന്നും വീണ്ടും ആദായം ലഭിക്കും.
കേസിങ് മിശ്രിതം കൂൺ തടങ്ങളിൽ കൂണിന് ഉറപ്പുകൊടുക്കുന്നതോടൊപ്പം പോഷകം നൽകുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. കേസിങ് മിശ്രിതം കൂൺ തടങ്ങളിൽ നിന്നും കൂൺ മുകുളങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഉത്തേജനം നൽകുകയും ഒരേ വലുപ്പത്തിമുള്ള കൂണുകൾ ഉണ്ടാകുവാൻ സഹായിക്കുകയും ചെയ്യുന്നു.