മുസാന്തയുടെ വർഗ്ഗത്തിൽപ്പെട്ട വെള്ളിലയിൽ സാപ്പോണിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നു. ഇതിന്റെ വേരും തളിരിലയും ഔഷധത്തിനായി ഉപയോഗിക്കുന്നു. മൂത്രവർദ്ധിനിയാണെന്ന് തെളിയിക്കപ്പെട്ട സസ്യമാണ്. ശ്വാസവൈഷമ്യം, വ്രണങ്ങൾ എന്നിവ ശമിപ്പിക്കാൻ ഇത് നല്ലതാണ്. ഇതിന്റെ വെളുത്ത ഇലയിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിരിക്കുന്നു. ദുർമേദസ്സ് ഇല്ലാതാക്കാൻ വെള്ളില നല്ലതാണ്. കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും വെള്ളെഴുത്ത് ഇല്ലാതാക്കുന്നതിനും ഇത് ഉത്തമമാണ്.
കേശ സംരക്ഷണമാണ് വെള്ളിലയുടെ പ്രധാന ഔഷധഗുണം. പച്ചയില ഇടിച്ചു പിഴിഞ്ഞ് നീരെടുത്തും, വെള്ളത്തിൽ വാട്ടിയെടുത്തും താളിയായി ഉപയോഗിക്കാവുന്നതാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര, മുടിയുടെ നിറക്കുറവ്, മുടിയുടെ അറ്റം പിളരൽ, കരുത്ത് കുറവ്, മുടിയിൽ അഴുക്ക് പുരണ്ടിരിക്കൽ എന്നിവക്കെല്ലാം പരിഹാരമാണ് വെള്ളിലത്താളി. പുരുഷന്മാരുടെ കഷണ്ടിക്കും ഇത് ഔഷധമാണെന്ന് പറയുന്നു. പണ്ട് പ്രസവത്തിനു ശേഷം അൻപത്തിയാറ് ദിവസം സ്ത്രീകൾ വെള്ളിലത്താളി ഉപയോഗിച്ചിരുന്നു.
വേര് വെള്ളത്തിൽ ചതച്ചു പുരട്ടുന്നത് ശരീരവേദന ശമിപ്പിക്കും. ഇത് കണ്ണിൽ പുരട്ടുന്നത് കണ്ണിന്റെ ചുവപ്പ് മാറ്റുന്നു. ഇതിന്റെ തൊലിക്കഷായം എണ്ണയിൽ കഴിക്കുന്നത് നല്ലതാണ്. ഇലയുടെ ആവി വേദനയുള്ളയിടങ്ങളിൽ ഏൽക്കുന്നത് നല്ലതാണ്. ഇലയും കായും ഒന്നിച്ചെടുത്ത നീര് കാഴ്ച മങ്ങൽ മാറ്റുന്നു.
വെള്ളിലയുടെ പച്ച ഇലകൾ അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ സുഖപ്പെടും. വെള്ളിലയുടെ വേര് കഷായം വച്ചു കൊടുത്താൽ കുട്ടികളുടെ ചുമ കുറയുന്നതാണ്. വേര് കഷായം വച്ചത് കണ്ണിലൊഴിക്കുകയോ കണ്ണ് കഴുകുകയോ ചെയ്താൽ കണ്ണിലുണ്ടാകുന്ന ചൊറിച്ചിൽ, പുകച്ചിൽ, പീള കെട്ടൽ എന്നിവക്ക് ശമനമുണ്ടാകും.
വെള്ളിലയുടെ വേര് അരച്ചത് 6 ഗ്രാം വീതം ഗോമൂത്രത്തിൽ രാവിലെയും വൈകിട്ടും ഉപയോഗിച്ചാൽ വെള്ളകുഷ്ഠം ശമിക്കുമെന്ന് പറയുന്നു. വെള്ളിലയുടെ വേര് അരച്ച് 3 ഗ്രാം മുതൽ 6 ഗ്രാം വരെ രാവിലെയും വൈകിട്ടും പാലിൽ കൊടുത്താൽ മഞ്ഞപിത്തം ശമിക്കുമെന്ന് പറയുന്നു.