ഗവൺമെന്റ്റ് മേഖലയിലെ മണ്ണ് പരിശോധന ലബോറട്ടറികളിലെ വിവിധ പരിശോധനകളുടെ വിശ്വാസതയ്ക്കും കൃത്യതയ്ക്കും ദേശീയ ക്വാളിറ്റി കൗൺസിലിനു കീഴിലുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് നൽകുന്ന ആദ്യ ദേശീയ അംഗീകാരം (സർട്ടിഫിക്കറ്റ് നമ്പർ NABL-GSTL-00001 ), സോയിൽ സർവ്വേ, ആലപ്പുഴ മേഖലാ മണ്ണ് പരിശോധന ലബോറട്ടറിക്കു ലഭിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രസർക്കാരിൻ്റേയും കീഴിൽ പ്രവർത്തിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറികൾക്ക് എൻ.എ.ബി. എൽ അംഗീകാരം നൽകുന്നതിന് 2023 സെപ്‌തംബറിൽ ആരംഭിച്ച പദ്ധതിയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലബോറട്ടറിയാണ് സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ ലബോറട്ടറി.
വിളകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ അമ്ലത (പി.എച്ച്), വൈദ്യുതി ചാലകത, ജൈവകാർബൺ, ലഭ്യമായ ഫോസ്‌ഫറസ്, പൊട്ടാസ്യം, സൾഫർ, ബോറോൺ. ചെമ്പ്, ഇരുമ്പ്, സിങ്ക്, മാംഗനീസ് എന്നീ 11 ഘടകങ്ങളുടെ പരിശോധനയ്ക്കാണ് നിലവിൽ ലബോറട്ടറിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലബോറട്ടറികളിൽ നടത്തുന്ന വിവിധ പരിശോധനകൾക്ക് അവ സാങ്കേതികമായി എത്ര മാത്രം സജ്ജമാണെന്നതിനുള്ള സാക്ഷ്യപത്രം കൂടിയാണ് എൻ.എ.ബി.എൽ.