നാഗദന്തി ഔഷധച്ചെടിയുടെ കൃഷിരീതി അത്യന്തം ലളിതമാണ്. വിത്തുപാകി നാഗദന്തി കിളിർപ്പിക്കാം. ചെടിയുടെ വേരോടുകൂടിയ കുറ്റിയോ മൂന്നു മുട്ട് നീളത്തിൽ തണ്ടോ തലപ്പോ ഏതുഭാഗം നട്ടാലും എളുപ്പം കിളിർത്തു കിട്ടും.
വേനലിന്റെ ആരംഭത്തോടെ നാഗദന്തിയുടെ കായ്കൾ വിളഞ്ഞു തുടങ്ങും. ഔഷധാവശ്യത്തിനായാലും നടീലിനായാലും നാഗദന്തിയുടെ വിത്തു ശേഖരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കായ്കൾക്ക് ബ്രൗൺ നിറം ആരംഭിക്കുമ്പോൾത്തന്നെ പറിച്ചെടുക്കണം. അതു പോലെ കായ്കൾ ഉണങ്ങാൻ വയ്ക്കുമ്പോൾ നേർത്ത തുണിയോ വലയോ കൊണ്ട് മൂടുകയും വേണം. അല്ലാത്ത പക്ഷം കായ്കൾ പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്കു നഷ്ടപ്പെടാനിടയാകും.
നിയന്ത്രിത സൂര്യപ്രകാശത്തിലും വളരുന്ന ഒന്നാണ് നാഗദന്തി, അതിനാൽ ഏക വിളയെന്നപോലെ തെങ്ങിൻതോപ്പിലും റബർത്തോട്ടങ്ങളിലും മറ്റും ഇടവിളയായി നാഗദന്തി കൃഷിചെയ്യാം. നാഗദന്തിയുടെ തണ്ട് മൂന്നു മുട്ടു നീളത്തിൽ മുറിച്ചു നടുകയാണ് എളുപ്പം. തണ്ടുകൾ പോളിബാഗിൽ നട്ടാൽ മൂന്നാ ഴ്ചകൊണ്ട് കൃഷിസ്ഥലത്തു നടാൻ പരുവമെത്തും. മഴക്കാലമെങ്കിൽ പോളി ബാഗിന്റെ ആവശ്യമില്ല. തണ്ട് നേരിട്ടു കൃഷിസ്ഥലത്തു നടാം.
നാഗദന്തി കൃഷിചെയ്യുന്നതിനായി കൃഷിസ്ഥലം ഒരടി ആഴത്തിൽ കിള ച്ചൊരുക്കി കാലിവളം ധാരാളമായി മണ്ണിൽ ചേർത്തുകൊടുക്കുക. ഒരടി അകലത്തിൽ ചെടി നടാം. കാര്യമായ വളപ്രയോഗം ചെയ്തില്ലെങ്കിൽപ്പോലും സാമാന്യം വളക്കൂറെങ്കിലുമുള്ള മണ്ണിൽ ഇത് സമൃദ്ധമായി വളരും. എങ്കിലും കാലിവളം, കമ്പോസ്റ്റ്, പിണ്ണാക്കുവർഗ്ഗങ്ങൾ, എല്ലുപൊടി മുതലായ ജൈവവളങ്ങളേതും ഇതിന്റെ കൃഷിയിലുപയോഗിക്കാം. കൃഷിയുടെ പ്രാരംഭഘട്ടത്തിലെ കളയെടുപ്പ് വേണ്ടിവരൂ. നട്ട് ഏറെ വൈകാതെ ചെടി തോട്ടത്തിൽ തിങ്ങിനിറയും.
വേനൽക്കാലത്ത് നാഗദന്തിക്ക് നന നല്കുന്നതു നല്ലതാണ്. നനയ്ക്കാൻ സൗകര്യമില്ലെങ്കിൽ പ്പോലും വേനലിനെ ചെറുത്തുനിൽക്കാൻ ഈ ചെടിക്കു കഴിവുണ്ട്.
നട്ട് ഒന്നരവർഷത്തിനു ശേഷം നാഗദന്തിയുടെ വിളവെടുക്കാം. ചെടി പിഴുത് വേരു ശേഖരിക്കാം. വിലയും വിപണിയും ലക്ഷ്യമാക്കി വിളവെടുപ്പ് വൈകിയാലും കുഴപ്പമില്ല, ദീർഘകാലം നിലനിൽക്കുന്ന ഒന്നാണിത്. വിളവ് ഏറുകയും ചെയ്യും. ചുരുക്കമായി നാഗദന്തിയുടെ ഇലയും വിത്തും ഔഷധാവശ്യത്തിന് ഉപയോഗിക്കാറുണ്ടെങ്കിലും വേരിനെ വില പ്രതീക്ഷിക്കേണ്ടതുള്ളു.